തൊഴിലാളികളുടെ ഉയർത്തെഴുന്നേൽപ്പിൽ അധികാരം പിടിച്ചെടുക്കുന്ന കമ്യൂണിസ്റ്റ് വിപ്‌ളവം വിജയകരമായി ആദ്യം നടപ്പായത് 100 വർഷം മുമ്പ് റഷ്യയിലാണ്. മുപ്പത് വർഷത്തിനുശേഷം ആ രീതിയിൽ ഒരു 'ഒക്‌ടോബർ വിപ്‌ളവ'ത്തിനുള്ള ശ്രമം തിരുവിതാംകൂറിലെ തൊഴിലാളിവർഗ്ഗം നടത്തി. അധികാരം പിടിച്ചെടുക്കുന്നതിൽ പരാജയമായിരുന്നെങ്കിലും കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്‌ളവശ്രമമായി അത് ശേഷിക്കുന്നു. ഒരു തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ച്, അതിന്റെ പിന്നാലെ ഒരു സായുധ ഏറ്റുമുട്ടലിലൂടെ തിരുവിതാംകൂറിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം.
എഴുപത് വർഷം മുമ്പ് തീർത്തും അനുകൂലവും അനിവാര്യവുമായ സാഹചര്യത്തിൽ, തൊഴിലാളിവർഗം നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നു പുന്നപ്ര-വയലാറിലേത്. സാമ്രാജ്യത്വത്തിനും രാജ, ജന്മി-നാടുവാഴിത്തവാഴ്ചയ്ക്കും എതിരേ തൊഴിലാളികൾ നടത്തിയ സജീവമായ ചെറുത്തുനിൽപ്പും കടന്നാക്രമണവുമാണ് അത്. എന്നാൽ, പുന്നപ്ര-വയലാറിനെപ്പറ്റി വ്യാജമായ പ്രചാരണങ്ങളാണ് എന്നും നടന്നിട്ടുള്ളത്. സമരത്തെപ്പറ്റിയുള്ള വസ്തുതകൾ ഇനിയും പൂർണമായി പുറത്തുവന്നിട്ടില്ല. എന്ത് ആവശ്യങ്ങളുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിയത്? എത്രയായിരുന്നു അവരുടെ ആവശ്യങ്ങൾ? ഇതുവരെ എഴുതപ്പെട്ട 'പുന്നപ്ര-വയലാർ' ചരിത്രകാരൻമാരെല്ലാം തങ്ങൾക്കിഷ്ടമുള്ളത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ എഴുതിവയ്ക്കുകയായിരുന്നു. കേട്ടുകേൾവിക്ക് അപ്പുറം യഥാർത്ഥ രേഖകളുടെ പിൻബലത്തിലേ ഏത് ചരിത്ര സംഭവങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാനാവൂ. അത്തരം രേഖകൾ കണ്ടെടുക്കുന്നതിന് മുമ്പ് തൊഴിലാളികളെ വിപ്ലവത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കേണ്ടതുണ്ട്.
സമരത്തിന്റെ പശ്ചാത്തലം, അനിവാര്യത
