ബ്രഹ്‌മചര്യ പരീക്ഷണങ്ങൾ

History

ബ്രഹ്‌മചര്യ പരീക്ഷണങ്ങൾ


ഇന്നാണ് ഗാന്ധിജി ജീവിച്ചിരുന്നതെങ്കില്‍ ഋഷിതുല്യനായ അദ്ദേഹത്തെ'സദാചാര പോലീസും' മാധ്യമങ്ങളും എപ്രകാരമായിരിക്കും വിചാരണ ചെയ്യുക?. കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന്റെ കേന്ദ്രമായി അദ്ദേഹത്തിന്റെ ആശ്രമങ്ങള്‍ ചിത്രീകരിക്കപ്പെടുകയും ഒളിക്യാമറ ദൃശ്യങ്ങള്‍ ചാനലുകള്‍ ആഘോഷിക്കുകയും ചെയ്യും! സദാചാരവാദികളുടെ മാര്‍ച്ച് നിയന്ത്രിക്കാനേ പോലീസിന് സമയമുണ്ടാകൂ. തന്റെ ലൈംഗിക പരീക്ഷണങ്ങള്‍ തുറന്നുപറയുന്ന ഗാന്ധിജിയെ അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍തന്നെ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുവാന്‍പോലും സാധിക്കുമായിരുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളാക്കുന്നു എന്ന് വനിതാ കമ്മീഷനും കണ്ടെത്തുമായിരുന്നു!

രാജ്കുമാരി അമൃത്കൗറിന് ഗാന്ധിജി എഴുതി: ''നഗ്നയും സുന്ദരിയുമായ സ്ത്രീയോടൊത്ത് യാതൊരു ലൈംഗികോത്തേജനവുമില്ലാതെ നഗ്നനായി കിടക്കാന്‍ കഴിയുമ്പോഴാണ് പൂര്‍ണ്ണമായും ബ്രഹ്‌മചാരിയാകുക.'' (മാര്‍ച്ച് 17, 1947) ലൈംഗിക വികാരങ്ങളും ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം സ്വയം പരീക്ഷണത്തിലൂടെ ചില നിഗമനങ്ങളില്‍ അദ്ദേഹത്തെ എത്തിച്ചിരുന്നു. പശുവിന്‍ പാല്‍ ഒഴിവാക്കി ആട്ടിന്‍പാല്‍ സ്വീകരിക്കേണ്ടി വന്നു എങ്കിലും പാല്‍ പ്രശ്‌നക്കാരന്‍ തന്നെയാണെന്ന് മനസ്സിലായി. ഉറക്കത്തില്‍ അനുഭവപ്പെടുന്ന ചില സ്വപ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന സ്ഖലനവും അദ്ദേഹം രേഖപ്പെടുത്തുന്നു.

നാലു കുട്ടികളുടെ അച്ഛനായതിനുശേഷം 1906ല്‍ 37-ാം വയസ്സിലാണ് ഗാന്ധിജി ബ്രഹ്‌മചര്യപ്രതിജ്ഞയെടുക്കുന്നത്. അച്ഛന്റെ മരണസമയത്ത് കസ്തുര്‍ബായുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത് കുറ്റബോധത്തോടെ ഗാന്ധിജി ഇടയ്ക്കിടെ ഓര്‍ക്കുന്നുണ്ട്. വഴിതെറ്റിപ്പോയ മൂത്ത മകനെ പാപസന്തതിയായും വിശേഷിപ്പിക്കുന്നുണ്ട്. നവഖാലി യാത്രയില്‍ സഹയാത്രികയായ മനുഗാന്ധിയെ പരീക്ഷണവിധേയമാക്കുന്നത് വരെയുള്ള ദീര്‍ഘകാലജീവിതത്തിലെ ലൈംഗികപ്രശ്‌നങ്ങള്‍, വിദേശികളും സ്വദേശികളുമായ പുരുഷന്മാരോടും സ്ത്രീകളോടും മുമ്പുണ്ടായിരുന്ന വൈകാരികവും ലൈംഗികവുമായ ബന്ധങ്ങള്‍ ഇവയെല്ലാം സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലൂടെയും അവര്‍ക്കെഴുതിയ കത്തുകളിലൂടെയും അവര്‍ ഗാന്ധിജിക്ക് എഴുതിയ മറുപടികളിലൂടെയും വായിക്കാവുന്നതാണ്. ബോംബെ ക്രോണിക്കിള്‍ അടക്കമുള്ള ഇംഗ്ലിഷ് പത്രങ്ങളും എഡ്വാര്‍ഡ് തോംസണ്‍, ആര്‍തര്‍ കോസ്റ്റ്‌ലര്‍ തുടങ്ങിയ എഴുത്തുകാരും അദ്ദേഹത്തിന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് ദീര്‍ഘമായി എഴുതിയിരുന്നു. "Darkness at Noon' എഴുതിയ കോസ്റ്റ്‌ലര്‍ ദി ലോട്ടസ് ആന്റ് ദി റോബോട്ട് എന്ന പുസ്തകത്തില്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ ഒരു പതിനെട്ടുകാരിയോടൊത്ത് അദ്ദേഹം നഗ്നനായി കിടക്കുകയായിരുന്നത് വിവരിച്ചിരിക്കുന്നു. (പേജ് 149-50).


Related Articles