ഭൂതശാലകൾ ദേശഭാവനകൾ

History

ഭൂതശാലകൾ ദേശഭാവനകൾ


മ്യൂസിയങ്ങളെ ഭൂതശാലകൾ എന്ന് വിളിക്കാമോ? ഭൂതകാലാവശിഷ്ടങ്ങളുടെ പ്രദർശനശാലകൾ ? അങ്ങനെയാലോചിച്ചാൽ മ്യൂസിയങ്ങൾ ഭൂതശാലകളാണെന്ന് പറയാം. വർത്തമാനത്തിൽ നിലയുറപ്പിച്ചുകൊണ്ട് പോയകാലത്തെ നോക്കിക്കാണാനുള്ള കാഴ്ചവട്ടം മ്യൂസിയങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭൂതകാലത്തെയും അതിന്റെ ജീവിതലോകത്തെയും വർത്തമാനത്തിനു മുന്നിൽ തുറന്നുവയ്ക്കുന്ന ഒരിടമാണത്. ആ നിലയിൽ അതിലൊരു ആന്തരികവൈരുദ്ധ്യമുണ്ടെന്നും പറയാം. സാധാരണനിലയിൽ ഭൂതകാലം വർത്തമാനകാലത്തിന് അനുഭവവേദ്യമല്ല. വർത്തമാനകാലത്തിന്റെ അനുഭവസീമകൾക്കുപുറത്ത് നിലകൊള്ളുന്നു എന്നതാണ് ഭൂതകാലത്തിന്റെയും ഭൂതകാലയാഥാർത്ഥ്യങ്ങളുടെയും അടിസ്ഥാനം. മ്യൂസിയങ്ങൾ, പക്ഷേ, ഈ ഭൂതയാഥാർത്ഥ്യങ്ങളെ വർത്തമാനത്തിന്റെ അനുഭവസീമകളിലേക്ക് ആനയിക്കാൻ ശ്രമിക്കുന്നു. വർത്തമാനത്തിൽ ഇടകലരുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒന്നായി ഭൂതകാലം അവിടെ മാറിത്തീരുന്നു. കാലബന്ധങ്ങളുടെ അതിരുകൾ അതിലംഘിച്ചുകൊണ്ട് (transgress) ഭൂതവും വർത്തമാനവും പുതിയൊരു അനുഭവമേഖലയിലേക്ക് നീങ്ങുന്നു. ഭൂതം വർത്തമാനവും വർത്തമാനം ഭൂതവുമായി പരിണമിക്കുന്ന അസാധാരണമായൊരു സ്ഥലരാശിയായി മ്യൂസിയങ്ങൾ മാറുന്നു എന്നുപറയാം. കുടത്തിലടച്ച ഭൂതങ്ങൾ പുറത്തുവന്ന്, വർത്തമാനത്തെ വലയം ചെയ്യുന്നു.

ഭൂതശാലകൾ!ഒരർത്ഥത്തിൽ, ഇത്തരം കൂടിക്കലരലുകൾ ഭൂതകാലവുമായി ബന്ധപ്പെട്ട എല്ലാ ധാരണകളിലും സന്നിഹിതമായിരിക്കുന്നുണ്ട്. ദൈനംദിനജീവിതത്തിലെ അതിസാധാരണമായ ഓർമ്മകൾ മുതൽ ചരിത്രം എന്ന വ്യവസ്ഥാപിതജ്ഞാനശാഖ വരെ ഭൂതവും വർത്തമാനവും തമ്മിലുള്ള വിനിമയങ്ങളുടെ വേദിയാണ്. വർത്തമാനകാലം ഭൂതകാലത്തിൽ സ്വന്തം മുഖം നോക്കിക്കാണുന്നതാണ് ചരിത്രം എന്നു വിശദീകരിക്കുമ്പോൾ, പ്രശസ്ത ചരിത്രചിന്തകയായ റൊമില ഥാപ്പർ അർത്ഥമാക്കുന്നതും മറ്റൊന്നല്ല. ഭൂതത്തെക്കുറിച്ചുള്ള ധാരണകളെ വർത്തമാനകാലത്തിന്റെ ജീവിതാവശ്യങ്ങൾ കൊണ്ട് ക്രമീകരിക്കുകകൂടി ചെയ്തുകൊണ്ടാണ് ചരിത്രം എന്ന ജ്ഞാനവിഷയം നിലനിൽക്കുന്നത്. ചരിത്രത്തിന്റെ തെളിവുസാമഗ്രികളായി പരിഗണിക്കപ്പെടുന്നത് എന്തെല്ലാം എന്നതുമുതൽ ചരിത്രത്തിന്റെ ആഖ്യാനപ്രകൃതം (narrative character) വരെയുള്ള ഘടകങ്ങളിൽ, ഭിന്ന അനുപാതങ്ങളിൽ ഈ ക്രമീകരണം സന്നിഹിതമായിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, അവ്യാകൃതവും അടുക്കു തെറ്റിയതുമായ ഭൂതകാലത്തെ ക്രമീകൃതമായ സംഭവശൃംഖലകളായി, കാര്യകാരണ ബന്ധത്തോടെ, കാലക്രമത്തിൽ വിന്യസിക്കുകയാണ് ചരിത്രം എന്ന ജ്ഞാനവിഷയം ചെയ്യുന്നത്. ഭൂതകാലത്തെക്കുറിച്ചുള്ള ആധുനികമായ ധാരണയാണത്. ഭൂതകാലത്തെ അറിയുക മാത്രമല്ല; സവിശേഷമായ ഒരു ക്രമത്തിൽ അറിയുകകൂടിയാണ് ചരിത്രത്തിന്റെ താത്പര്യം. എങ്കിലും അപ്പോഴുമത് കേവലമോ വസ്തുതാപരമോ മാത്രമല്ല, ഓർമ്മകളിലെന്നപോലെ നമ്മുടെ തൃഷ്ണകളും ഭീതികളും വ്യാകുലതകളും ചരിത്രത്തിലും ഇടംപിടിക്കുന്നുണ്ട്. വ്യവസ്ഥാപിതമായ ഒരു ജ്ഞാനരൂപമായിരിക്കുമ്പോഴും ചരിത്രം നമ്മുടെ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും മഹത്ത്വാഭിലാഷങ്ങളുടെയും പാർപ്പിടംകൂടിയായിരിക്കുന്നു എന്നർത്ഥം.


Related Articles