''കാപ്പാടുള്ള ഗാമാസ്മാരകത്തിന്റെ വിഡ്ഢിക്കല്ല് ഇനിയെങ്കിലും നീക്കാതിരുന്നുകൂടാ''

History

''കാപ്പാടുള്ള ഗാമാസ്മാരകത്തിന്റെ വിഡ്ഢിക്കല്ല് ഇനിയെങ്കിലും നീക്കാതിരുന്നുകൂടാ''


വാസ്‌കോ ഡ ഗാമ 1498-ൽ മലബാറിലെത്തിയപ്പോൾ ആദ്യമായി കപ്പലിറങ്ങിയത് കാപ്പാട് കടപ്പുറത്താണെന്ന് കള്ളക്കഥയുണ്ടാക്കിയത് മറ്റാരുമല്ല, പ്രശസ്തമായ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്ന ഔദ്യോഗിക സ്ഥാപനംതന്നെയാണ്.

Vasco de Gama landed here on 20th May 1498 എന്ന എഴുത്തോടെ ഒരു ചെറിയ കരിങ്കൽസ്തൂപം കാപ്പാട് അവർ സ്ഥാപിച്ചു; ജനങ്ങൾ അതു വിശ്വസിച്ചു; പാഠപുസ്തകങ്ങൾ അതു പഠിപ്പിച്ചു; തലമുറകൾ അതാവർത്തിച്ചു. ഒരു തരത്തിൽ, ഉത്തരേന്ത്യൻ മേധാവിത്തമുള്ള സർവ്വേക്ക് ദക്ഷിണേന്ത്യാചരിത്രത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ, സംഭവങ്ങളെക്കുറിച്ചുള്ള ഉദാസീനമനോഭാവത്തിന്റെ ലക്ഷണമാണത്. ഇംഗ്ലിഷുകാർക്ക് പോർച്ചുഗീസ് ഭാഷയിൽ എഴുതപ്പെട്ട പ്രമാണങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ഉദാഹരണമായും കണക്കാക്കാം.

എന്നാൽ, സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഗാമയുടെ ആദ്യസന്ദർശനത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഇന്ത്യൻ ചരിത്രകാരനായ ഡോ. സഞ്ജയ് സുബ്രഹ്മണ്യം അടക്കമുള്ളവർ എഴുതി ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചിട്ട് വർഷങ്ങൾ എത്രയോ നീങ്ങിയിട്ടും ആ സ്തൂപലിഖിതം ഇനിയും തിരുത്തപ്പെടാതെ അവിടെത്തന്നെ കിടക്കുന്നു എന്നത് ഇന്ത്യൻ പൗരസഞ്ചയത്തിന്റെ ബൗദ്ധികപ്രവർത്തനത്തിലെ മന്ദഗതിയെ സൂചിപ്പിക്കുന്നു. അടുത്തകാലംവരെ അതുകൊണ്ട് വലിയ ഒരാപത്തൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ നാടെങ്ങും വിനോദ സഞ്ചാരമേഖലയുടെ വികസനവും പ്രചരണവും അതിന്റെ സാമ്പത്തിക-സാംസ്‌കാരിക പ്രത്യാഘാതങ്ങളും അലയടിക്കുമ്പോൾ കാപ്പാട്ടുകാരെയും കോഴിക്കോട്ടുകാരെയും മാത്രമല്ല, സ്വദേശീയ-വിദേശീയ സഞ്ചാരികളെ ആകമാനം കബളിപ്പിക്കുന്ന ആ മടയത്തം പരിഹാസ്യമാണ്; പ്രത്യേകിച്ച് ഉദ്ബുദ്ധരെന്നും അഭ്യസ്തവിദ്യരെന്നും അവകാശപ്പെടുന്ന കേരളീയർക്ക് ഇതൊരു അപമാനമാണ്.


Related Articles