അൻപതുകളിലാണ് കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു പ്രകടമായ മാറ്റം കണ്ടുതുടങ്ങുന്നത്. ആശയരംഗത്തും സർഗാത്മക സാഹിത്യരംഗത്തും പുതിയ പരീക്ഷണങ്ങൾ ആവശ്യമായ കാലഘട്ടമായിരുന്നു അത്. ഇതിനു നേതൃത്വം കൊടുത്തതാകട്ടെ എം ഗോവിന്ദനും. വൻകിട സംഘടിത പ്രവർത്തനങ്ങൾ സാംസ്‌കാരികരംഗത്ത് മെച്ചപ്പെട്ട ഫലം സൃഷ്ടിക്കില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കത്തുകളിലൂടെയും ചെറിയ തോതിലുള്ള ചർച്ചാസമ്മേളനങ്ങളിലൂടെയും കൊച്ചുമാസികകളിലൂടെയും പുതിയൊരുതരം ആവേശം യുവാക്കളിൽ സൃഷ്ടിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കു ശക്തി പകരാൻ സന്മനസ്സുള്ള വിപുലമായൊരു 'പവിത്രസംഘ'വും അണിനിരന്നു. അക്കൂട്ടത്തിൽ എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളുമൊക്കെ ഉണ്ടായിരുന്നു. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ മാസികകളിലൂടെ എം. ഗോവിന്ദൻ പരിപോഷിപ്പിച്ച സാംസ്‌കാരിക നവോത്ഥാനം മലയാളത്തിനു പിൽക്കാലത്ത് അസാധാരണമായ നേട്ടമാണ് സംഭാവന ചെയ്തത്. പുതിയ എഴുത്തുകാരെ കണ്ടെത്താൻ ഗോവിന്ദൻ പ്രകടിപ്പിച്ച പ്രത്യേക താത്പര്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുറത്തുവന്ന മാസികകളുടെ പേജുകൾ തന്നെ വ്യക്തമാക്കുന്നു.
മികച്ച ആശയങ്ങളുമായി തന്നെ സമീപിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കാനുള്ള ഗോവിന്ദന്റെ സന്മനസ്സ് പ്രസിദ്ധമാണ്. ആനന്ദിന്റെ ആൾക്കൂട്ടം എന്ന നോവലിന്റെ പ്രസിദ്ധീകരണംതന്നെ ഉദാഹരണം. 1975-ൽ കേരളകൗമുദി പത്രത്തിന്റെ കീഴിൽ പ്രസിദ്ധീകരണം ആരംഭിച്ച കലാകൗമുദി വാരികയുടെ പിറവിയിലും ഗോവിന്ദന്റെ ഇച്ഛാശക്തി നമുക്കു കാണാം. കേരള കൗമുദി പത്രത്തിന് നേരേയുള്ള അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ രാഷ്ട്രീയ ഇടപെടലുകളാണ് കലാകൗമുദിയുടെ ഉദയത്തിനു കാരണം.
കരുണാകര സർക്കാരിന്റെ കാലത്ത് വനം കുംഭകോണവുമായി ബന്ധപ്പെട്ട ഒരു അന്വേഷണാത്മക റിപ്പോർട്ട് കേരള കൗമുദി പത്രത്തിൽ വന്നു. കെ ജി അടിയോടി ആയിരുന്നു അന്ന് വനം മന്ത്രി. ഒറ്റ എഡിഷനിൽ (തിരുവനന്തപുരം) ഒന്നര ലക്ഷം കോപ്പി വിറ്റഴിക്കുന്ന പത്രമായിരുന്നു അന്ന് കേരള കൗമുദി. എം എസ് മണിയുടെ നേതൃത്വത്തിൽ എൻ ആർ എസ് ബാബുവും എസ് ജയചന്ദ്രൻ നായരുംകൂടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അത് സമാഹരിക്കാൻ സഹായിച്ചത് അന്ന് കൗമുദിയിൽ പ്രവർത്തിച്ചിരുന്ന കിളിമാനൂർക്കാരൻ എം എസ് മണിസ്വാമി ആയിരുന്നു. ആ പരമ്പര കാട്ടുകള്ളന്മാർ എന്ന പേരിൽ പുസ്തകരൂപത്തിലും വന്നപ്പോൾ മന്ത്രിസഭയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അതോടെ മുഖ്യമന്ത്രി കെ. കരുണാകരന്റെ കോപത്തിനു പത്രാധിപർ സുകുമാരൻ പാത്രമായി. റിപ്പോർട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എം എസ് മണിയെയും എൻ ആർ എസ് ബാബുവിനെയും എസ് ജയചന്ദ്രൻ നായരെയും മാറ്റിനിർത്തിയില്ലെങ്കിൽ പത്രവുമായി സർക്കാർ സഹകരിക്കില്ല എന്ന രഹസ്യസന്ദേശം പത്രാധിപർക്ക് ലഭിക്കുന്നു. അന്ന് സർക്കാർ സഹകരണമില്ലെങ്കിൽ കേരളകൗമുദിയെപ്പോലുള്ള പത്രത്തിനു പിടിച്ചുനിൽക്കാൻ പ്രയാസമാണ്. സർക്കാർ പരസ്യങ്ങൾ പ്രസിദ്ധീകരണങ്ങളുടെ നിലനില്പിനെ സഹായിക്കുന്ന ഘടകമായിരുന്നു.
