ആയിരക്കണക്കിന് റബ്ബര്‍ എസ്റ്റേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഖനികള്‍, സിംഗപ്പൂരില്‍ സിലേത്താര്‍ എന്ന സ്ഥലത്തെ തുറമുഖവികസന പദ്ധതികള്‍ തുടങ്ങി പലതുകൊണ്ടും സമ്പല്‍സമൃദ്ധമാണ് മലയാ. അവിടെ എല്ലാംതന്നെ, ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥന്മാരും മലയാളികളാണ്. ഉദ്യോഗമേതായാലും അസൂയാര്‍ഹമായ ശമ്പളവും തുച്ഛമായ ജീവിതച്ചെലവും. എല്ലാവിധ സുഖഭോഗങ്ങളുടേയും നാടാണ് മലയാ. ചുരുക്കത്തില്‍ ഒരു ചെറിയ 'യുട്ടോപ്പിയ.' ബുദ്ധിയും കാര്യശേഷിയുമുള്ള ഏതൊരാള്‍ക്കും പരീക്ഷായോഗ്യതകള്‍ പരിഗണിക്കാതെതന്നെ, മലയായില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ എളുപ്പമാണെന്ന് കുറുപ്പുചേട്ടന്‍ ഉറപ്പിച്ചുപറഞ്ഞു. അതോടുകൂടി മലയാ രാജ്യത്തിന്റെ അതിര്‍ത്തി എന്റെയും ശിവരാമപിള്ളയുടെയും മനസ്സിലേക്കു വ്യാപിച്ചു. മനുഷ്യന്റെ എല്ലാ ജീവിതവ്യാപാരങ്ങളുടെയും പരാധീനതകളുടെയും ആദിമൂലം പണമാണ്. അതുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് മലയാ. പല പല ഉദ്യോഗസൗകര്യങ്ങളും തുറന്നുവച്ചുകൊണ്ട് മലയാ അങ്ങനെ മലര്‍ന്നുകിടക്കുന്നു. അവിടെ എത്തിപ്പെട്ടാല്‍ ജയിച്ചു, പിറ്റേദിവസം ഉദ്യോഗമാണ്. ആറുമാസത്തിനുള്ളില്‍ ചിന്നമ്മയെ മലയായിലേക്കു കൊണ്ടുപോകാം.'' എന്‍.എന്‍.പിള്ള (ആത്മകഥ: ഞാന്‍)1.
