ഫിജിയിലെ  മലയാളി  കൂലി അടിമകൾ

History

ഫിജിയിലെ മലയാളി കൂലി അടിമകൾ


ഫിജി ഇന്ന് മോഹിപ്പിക്കുന്ന നാടല്ല. ഗൾഫ് പോലെയോ യൂറോപ്പ് പോലെയോ ഫിജി ആരെയും മാടിവിളിക്കുന്നുമില്ല. മുമ്പും അങ്ങനെതന്നെയായിരുന്നു. എന്നിട്ടും ഫിജിയിലേക്കു മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ വലിയകൂട്ടം നയിക്കപ്പെട്ടു. ഇങ്ങനെ 'എത്തിക്കപ്പെട്ടവർ' ആ രാജ്യത്തിന്റെ ഭാഗധേയം പലവിധത്തിൽ മാറ്റിയെഴുതി.

നമ്മുടെ നാട്ടിൽനിന്ന് 11600 കിലോമീറ്റർ അപ്പുറമാണ് ഫിജി. വിമാനത്തിലാണെങ്കിൽ 12 മുതൽ 16 മണിക്കൂർവരെ ദൂരം. കപ്പലിലാണെങ്കിൽ 8116 നോട്ടിക് മൈൽ അപ്പുറം. 1800 കളിൽ പായക്കപ്പലിൽ 60-70 ദിവസവും ആവിക്കപ്പലിൽ മുപ്പതുദിവസംകൊണ്ടും മാത്രം എത്താനാവുന്ന രാജ്യം. എന്നിട്ടും കൊളോണിയൽ ഭരണകൂടം മലബാറിൽനിന്നടക്കമുള്ള കൂലി അടിമകളെ വിലപറഞ്ഞുറപ്പിച്ച് ഫിജിയിലെ തോട്ടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. അനീതിയുടെയും അന്യായത്തിന്റെയും വലിയ കഥയാണ് ഫിജിയിലെ ഇന്ത്യൻ തൊഴിലാളികളുടെ അടിമത്തത്തിനു പറയാനുള്ളത്. 1834 ആഗസ്റ്റ് ഒന്നുമുതൽ നിയമംമൂലം ബ്രിട്ടൻ അടിമത്തം നിരോധിച്ചിരുന്നു. പക്ഷേ, അടിമത്തത്തിന്റെ പുതിയ രൂപമായിരുന്നു ഫിജിയിൽ നടപ്പാക്കിയ 'കൂലിഅടിമത്തം' അഥവാ ഇൻഡെൻജെർ (Indenture) തൊഴിൽക്രമം.

പസഫിക് മഹാസമുദ്രത്തിൽ 330 ദ്വീപുകളായാണ് ഫിജി സ്ഥിതി ചെയ്യുന്നത്. അതിൽ മൂന്നിൽ ഒന്ന് ദ്വീപുകളിൽമാത്രമാണ് ആൾ താമസം. തലസ്ഥാനമായ സുവ സ്ഥിതി ചെയ്യുന്ന വെറ്റി ലെവു (Viti Levu) യിലാണ് ഫിജിജനസംഖ്യയിൽ മൂന്നിൽ ഒന്ന് താമസിക്കുന്നത്.(1) അവിടെയാണ് ഇന്ത്യക്കാരിൽ നല്ല പങ്കും എത്തപ്പെട്ടത്.


Related Articles