മലബാർകലാപം കഥപറയുന്നു

History

മലബാർകലാപം കഥപറയുന്നു


സീറാപാരായണം മാപ്പിളപ്പാട്ടുകളുടെ ആദികാലങ്ങളിൽ തന്നെയുണ്ട്. സീറ എന്നാൽ ചരിത്രം എന്നാണർത്ഥം. ചരിത്രം പാടിപ്പറയുക എന്നാണതിന് അർത്ഥം. ഖിസ്സപ്പാട്ട് (കഥാഗാനം/Ballads) വിഭാഗത്തിൽ നൂറുകണക്കിന് പാട്ടുകൾ മാപ്പിളപ്പാട്ടുകളിലുണ്ട്. അവയിൽ ബഹുഭൂരിപക്ഷവും ഇസ്ലാമിക ഐതിഹ്യങ്ങളും പ്രവാചക-പുണ്യപുരുഷ ചരിതങ്ങളുമാണ്. കേരളത്തിലെന്നല്ല, ഇസ്ലാം ചെന്നെത്തിയ ഏതുസ്ഥലത്തും അതതു ഭാഷയിൽ സീറാകാവ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

19-ാം നൂറ്റാണ്ടിലെത്തുമ്പോൾ അറബിമലയാള സാഹിത്യത്തിൽ പടപ്പാട്ടുകളുടെ ഒരു വെള്ളപ്പൊക്കം തന്നെയുണ്ടാവുന്നുണ്ട്. അതിനുകാരണം, അധിനിവേശ പോരാട്ടങ്ങളോടുള്ള പങ്കുചേരലും അവയോടുള്ള പക്ഷംചേരലും ആയിരുന്നു. അറബിമലയാളത്തിലെ വിഖ്യാതമായ പടപ്പാട്ടുകൾ പലതും സീറാപാരായണങ്ങൾക്ക് പ്രയോജനപ്പെടുത്തുകയുണ്ടായി. ബദർ, ഉഹുദ്, ഖർബല തുടങ്ങിയ അറേബ്യൻ യുദ്ധഇതിവൃത്തങ്ങളുടെ കാവ്യ ചരിതങ്ങളും മലപ്പുറം പട, ചെറൂർ ചിന്ത്, ചെറൂർ പടപ്പാട്ട് തുടങ്ങിയ പ്രാദേശിക പോരാട്ടങ്ങളുടെ ചരിതങ്ങളും, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഏറെ പ്രചോദകമായി. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടടക്കമുള്ള കൃതികൾ നിരോധിക്കപ്പെടാൻ കാരണം മറ്റൊന്നല്ല.

ഇസ്ലാമിക്ചരിത്രവും അനുഷ്ഠാനങ്ങളും പഠിപ്പിക്കുക എന്ന ദൗത്യത്തിൽനിന്നും കോളനിവിരുദ്ധ സമരചരിത്രത്തിനെതിരെ ഓർമ്മപ്പെടുത്തലായി മാറുകയായിരുന്നു, പിന്നെപ്പിന്നെ ഖിസ്സപ്പാട്ടുകളും സീറാ പാരായണങ്ങളും.


Related Articles