മലബാർ കലാപകാലത്ത് മലയാളിയായ ഒരു നായാട്ടുകാരൻ (ബ്രിട്ടീഷ് നായാട്ടുകാരനല്ല, കൊളോണിയൽ പട്ടാളത്തിലോ പോലീസിലോ അംഗവുമായിരുന്നില്ലാത്ത ഒരാൾ) 'ഒരാക്രമി സംഘത്തെ' വെടിവെച്ചുവീഴ്ത്തുകയും (ഏറ്റുമുട്ടൽ എന്ന പദം തന്നെ ഇതിനെ കുറിക്കാൻ കൃത്യമായി ഉപയോഗിച്ചിരിക്കുന്നു) അതിനുള്ള പാരിതോഷികമായി എം.എസ്.പിയിൽ (മലപ്പുറം/മലബാർ സ്പെഷ്യൽ പോലീസ്-മലബാർ കലാപത്തിന്റെ അതേ പ്രായമുള്ള പോലീസ് സേന ഇന്നും അതേ പേരോടെ തുടുരുന്നു) ഉയർന്ന ഉദ്യോഗസ്ഥനാവുകയും ചെയ്ത സാഹചര്യത്തെക്കുറിച്ച് നായാട്ടുകഥകളെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ പമരാർശിക്കുന്നു. ഒരു പക്ഷെ ഈ പരാമർശം മലബാർ കലാപത്തിന്റെ നൂറാം വാർഷിക വേളയിലും അക്കാദമിക്കുകളോ ചരിത്രകാരൻമാരോ പൊതുസമൂഹമോ (കലാപത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും) ശ്രദ്ധിക്കുകയോ ചർച്ചക്കെടുക്കുയോ ചെയ്തിട്ടില്ല . ബ്രിട്ടീഷ് കൊളോണിയൽ രേഖകളെ മാത്രം ആസ്പദമാക്കി മലബാർ കലാപത്തെ സമീപിക്കുന്ന പൊതുരീതി ശക്തമായതിനാൽ തദ്ദേശീയമായ രേഖപ്പെടുത്തലുകളെ, അതിൽ നിന്നും പുറത്തു വരുന്ന വിവിധ വിവരങ്ങളേയും ആഖ്യാനങ്ങളേയും ശ്രദ്ധിക്കാൻ ചരിത്രകാരൻമാർ പൊതുവിൽ താൽപര്യം കാണിച്ചിട്ടില്ലെന്ന് കാണാം. അതിനാൽ മലബാർ കലാപ പഠനങ്ങൾ (അംഗീകരിക്കുന്നതാണെങ്കിലും എതിർക്കുന്നതാണെങ്കിലും) ആവർത്തനങ്ങളായി മാറുക പതിവാണ്. ഈ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ എം.പി. ശിവദാസ മേനോന്റെ 'മലബാറിലെ ശിക്കാറ്' എന്ന വേട്ടക്കഥകളുടെ പുസ്തകത്തിൽ കലാപത്തെക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതതും അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കുന്നതുമാണ്. മാപ്പിളമാരെ ബ്രിട്ടീഷ് അനുകൂലികളായ തദ്ദേശവാസികൾ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതിന്റെ അതിശക്തമായ സത്യവാങ്മായി ഇതു മാറുന്നു. മലബാറിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും ഖാൻ ബഹദൂർ പട്ടം കിട്ടിയവരും ഇതു തന്നെയാണ് ചെയ്തത് എന്നതിന് വാമൊഴി ആഖ്യാനങ്ങളിൽ നിരവധി തെളിവുകളുണ്ട്. അതോടൊപ്പം ഇത്തരം 'ഏറ്റുമുട്ടൽ' കൊലകളെ ഒരു വീരകൃത്യമായി ആധുനിക വിദ്യാഭ്യാസം അക്കാലത്ത് ലഭിച്ച ഒരാൾ രേഖപ്പെടുത്തിയതിന്റെ രേഖകൂടിയായി മലബാറിലെ ശിക്കാർ മാറുന്നു. നരിനായാട്ടിൽ ആരംഭിച്ച് നരനായാട്ടിലെത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന നായാട്ടുപുസ്തകമായാണ് ഇപ്പോൾ ആ കൃതി വായിക്കാൻ കഴിയുക.
''മാപ്പിള ലഹളയുടെ കാലമാണ്. ആ കൊച്ചു സെറ്റും സംഘവും അലഞ്ഞുതിരിഞ്ഞിരുന്ന കുന്നിന്റെ മറ്റേ പള്ളയിൽ നിന്ന് പെട്ടെന്നൊരു തിരക്കും ഒന്നുരണ്ടു വെടിയും കേട്ടു. ഏതോ ഒരു വീടാക്രമിച്ച് മിന്നൽ വേഗത്തോടെ പാഞ്ഞുപോകുന്ന ഒരാക്രമി സംഘമാണതെന്ന് നമ്മുടെ ചെറുപ്പക്കാർക്ക് മനസ്സിലായി. ഒരേറ്റുമുട്ടൽ കൂടാതെ നിവൃത്തിയില്ലെന്നും വന്നു. ചുരുക്കിപ്പറയാം, നാണപ്പയും ചങ്ങാതികളും വീറോടെ കൂടെ നിന്നു പൊരുതി. ആ സംഘത്തിലെ രണ്ടു മൂന്ന് നിഷ്ടൂരൻമാരെ വെടിവെച്ചുവീഴ്ത്തി. ഇരുപത്തി ഒന്നിലെ, മാപ്പിള ലഹളയുടെ ചരിത്രത്തിലെ മറന്നുപോവാത്ത ആ ഒരേടാണ് നാണപ്പയെ സുബേദാരാക്കിയത്. അങ്ങിനെ പേരാളിയായ അദ്ദേഹം ഉയർന്നുയർന്ന് അസിസ്റ്റൻഡ് കമാൻഡന്റായി'' (മലബാറിലെ ശിക്കാറ്/ എം.പി.ശിവദാസമേനോൻ/പേജ്-51/ഡി.സി ബുക്ക്സ്).
മലബാർ കലാപകാലത്ത് ഒരു മലയാളിയുടെ (നാണപ്പ എന്ന് വിളിക്കപ്പെട്ട മഞ്ഞപ്ര നാരായണ മേനോൻ) നേതൃത്വത്തിൽ തന്നെ നടന്ന ഏറ്റുമുട്ടൽ കൊലകളുടെ (വെടിവെച്ചു വീഴ്ത്തി എന്നതിനെ വധിച്ചു എന്നു തന്നെയാണല്ലോ മനസ്സിലാക്കേണ്ടത്) ആഖ്യാനമാണ് മുകളിലുദ്ധരിച്ച വരികൾ. കലാപത്തെ അടിച്ചമർത്താനുണ്ടാക്കിയ മലബാർ സ്പെഷ്യൽ പോലീസിൽ (എം.എസ്.പി) നാണപ്പ ഉയർന്നുയർന്ന് അസിസ്റ്റൻഡ് കമാൻഡന്റായതിന് അടിത്തറയിട്ടത് മേലുദ്ധരിച്ച ഏറ്റുമുട്ടൽ കൊലപാതകങ്ങളായിരുന്നുവെന്ന് വ്യക്തം. അഥവാ ഈ കൊലകൾക്കുള്ള പ്രതിഫലമായിരുന്നു എം.എസ്.പിയിലെ ജോലി. മലബാർ കലാപത്തിലെ (ഗ്രന്ഥകർത്താവിന്റെ ഭാഷയിൽ മാപ്പിള ലഹള) മറന്നു പോവാത്ത ആ ഏട് ഇന്നുവായിക്കുമ്പോൾ 'കൊല്ലപ്പെട്ട നിഷ്ടൂരൻമാർ' കലാപ പോരാളികളായിരുന്നുവെന്ന് തന്നെ മനസ്സിലാക്കാം. അല്ലെങ്കിൽ നാണപ്പക്ക് ഈ ഏറ്റുമുട്ടൽ കൊലകളുടെ പേരിൽ എം.എസ്.പിയിൽ തന്നെ ജോലി ലഭിക്കുമായിരുന്നില്ല.
