കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ കര്‍ഷക വിഷയത്തിലേക്ക് വഴിതിരിച്ചുവിട്ടാല്‍ മാത്രമേ കടക്കെണിയിലും വരള്‍ച്ചയിലും കുടിയിറക്ക് ഭീഷണിയിലും നട്ടം തിരിയുന്ന പരമദരിദ്രരായ യു.പി. കര്‍ഷകരുടെ ദീര്‍ഘനാളത്തെ പ്രശ്‌നങ്ങള്‍ക്ക് നിതാന്തമായ പരിഹാരം കാണാന്‍ കഴിയൂ എന്ന് അവധിലെ കര്‍ഷകര്‍ക്ക് അറിയാമായിരുന്നു. ഇതിനുവേണ്ടി പല തവണ ഗാന്ധിജിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും അത് നിര്‍ഭാഗ്യവശാല്‍ നടന്നില്ല.
അങ്ങനെയിരിക്കെയാണ്, നേതാവില്ലാതെ വിഷമിച്ചിരുന്ന പ്രതാപ്ഗറിലെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് ജനകീയനും സമരസന്നദ്ധനും സര്‍വോപരി മികച്ച സംഘാടകനുമായ രാമചന്ദ്ര റാവു എന്ന മഹാരാഷ്ട്രക്കാരനായ പൊതുപ്രവര്‍ത്തകന്‍ കടന്നുചെന്നത്. തുളസീദാസിന്റെ രാമചരിതമാനസത്തിലെ വരികള്‍ ചൊല്ലിക്കൊണ്ട്, ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പഥസഞ്ചലനം നടത്തിയ രാമചന്ദ്ര, കര്‍ഷകരെ ഉണര്‍ത്താന്‍ 'ജയ് സീതാറാം' എന്ന ഭക്തിസാന്ദ്രമായ മന്ത്രം മുദ്രാവാക്യമായി ഉപയോഗിച്ചു. 'ബാബാ രാമചന്ദ്ര' എന്ന് അറിയപ്പെട്ട അദ്ദേഹം കൃഷിക്കാരെ ഒന്നിച്ചു നിര്‍ത്താന്‍ ഹിന്ദുമതത്തെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ബാബയുടെ കീഴില്‍ ധാരാളം കര്‍ഷകര്‍ അണിനിരന്നപ്പോള്‍, ആ പ്രതിരോധത്തെ ശക്തമായ മര്‍ദ്ദനമുറകളോടെ അടിച്ചമര്‍ത്താന്‍ താലൂക്ക്ദാര്‍ സംഘവും ബ്രിട്ടീഷ് പോലീസും ശ്രമിച്ചു. തങ്ങളുടെ സമരത്തില്‍ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടാകണമെങ്കില്‍ ചമ്പാരനിലെപ്പോലെയും ഖേഡയിലെപ്പോലെയും ഗാന്ധിജി ഇടപെടണം എന്ന് ബാബാ രാമചന്ദ്ര വിശ്വസിച്ചു.
അതുകൊണ്ടാണ് ആ തിളച്ചുമറിയുന്ന ജൂണ്‍ മാസത്തില്‍ ബാബാ രാമചന്ദ്ര, പ്രതാപ്ഗറില്‍ നിന്നും അഞ്ഞൂറ് കര്‍ഷകരെയും നയിച്ച് എഴുപതു കിലോമീറ്റര്‍ ദൂരെയുള്ള അലഹബാദ് പട്ടണത്തില്‍ എത്തിയത്. ബാപ്പുവിനെ കാണാനായിരുന്നു ആ യാത്ര. ബനാറസില്‍ വെച്ച് നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധിജി, സമ്മേളനത്തിന് ശേഷം അലഹാബാദില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബാബയും കര്‍ഷകരും അവിടെ എത്തിയത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ഗാന്ധിജി അപ്പോഴും ബനാറസില്‍തന്നെ ആയിരുന്നു.
