1926-ൽ ടി.കെ. മാധവൻ നടത്തിയ ഹരിപ്പാട് പ്രസംഗത്തിന്റെ അച്ചടിരേഖ, വൈക്കം സത്യാഗ്രഹത്തിന്റെ ഈ നൂറാം വാർഷികവേളയിൽ കണ്ടെടുക്കപ്പെടുമ്പോൾ, സമകാലിക വ്യാഖ്യാനങ്ങൾക്ക് സത്യാഗ്രഹ നായകൻ നൽകുന്ന നേർപ്രതികരണമായി അതു മാറുന്നു.
1926 മെയ് 2, 3 തീയതികളിലായി ഹരിപ്പാട് കവറാട്ട് ക്ഷേത്രാങ്കണത്തിൽവെച്ച് നടത്തിയ 'സമസ്ത തിരുവിതാംകൂർ ആത്മവിദ്യാസംഘസമ്മേളന'ത്തിലാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ടി.കെ. മാധവൻ (1885-1930) ദീർഘപ്രഭാഷണം നടത്തിയത്. വാഗ്ഭടാനന്ദഗുരു, മന്നത്ത് പത്മനാഭൻ, സ്വാമി സത്യവ്രതൻ, കുറുമ്പൻ ദൈവത്താൻ, കെ.പി. കയ്യാലയ്ക്കൽ, കെ.ജി. തോമസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ടി.കെ.യുടെ തുറന്നുപറച്ചിലുകൾ. മഹാകവി വള്ളത്തോൾ, കുട്ടികൃഷ്ണമാരാര്, കെ.റ്റി. ചന്തുനമ്പ്യാർ, എം. രാമവർമ്മ തമ്പാൻ, എം. ലക്ഷ്മിക്കുട്ടിയമ്മ, നാലപ്പാട്ട് നാരായണ മേനോൻ തുടങ്ങിയവരും പല സമ്മേളനങ്ങളിലായി ആത്മവിദ്യാസംഘം വാർഷികസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഹരിപ്പാട് ആത്മവിദ്യാസംഘം പ്രസിഡന്റ് മീനത്തേതിൽ വെളുത്തകുഞ്ഞ്, സമുദായത്തിൽ കുറുപ്പ്, അഴിക്കകത്ത് ആണ്ടി അരയൻ, എം.മാധവൻ വക്കീൽ തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രധാന സംഘാടകർ. തിരുവിതാംകൂർ ആത്മവിദ്യാസംഘത്തിനുവേണ്ടി 1927-ൽ ഏപ്രിൽ മാസത്തിൽ സ്വാമി ആര്യഭടൻ പ്രസിദ്ധീകരിച്ച 'ആത്മവിദ്യാപ്രസംഗരംഗം' എന്ന കൃതിയിലാണ് ടി.കെ. മാധവന്റെ പ്രസംഗം ഉൾപ്പെടുത്തിയിട്ടുള്ളത്. മഹാകവി വള്ളത്തോൾ, വാഗ്ഭടാനന്ദൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവരുടെ സമ്മേളനപ്രസംഗങ്ങളും ഇതിലുണ്ട്. "വിജ്ഞേയരസങ്ങളായ ആ പ്രസംഗങ്ങൾ കേവലം വായുവിൽ വിലയിക്കാതെ, എഴുതിയെടുത്ത് കർത്താക്കളെക്കൊണ്ടുതന്നെ പരിശോധിപ്പിച്ച് പുസ്തകരൂപത്തിൽ വെളിക്കിറക്കുന്നത് എല്ലാംകൊണ്ടും പ്രയോജനപ്രദമായിരിക്കുമെന്നുള്ള വിശ്വാസവും മഹാജനങ്ങളുടെ നിർബന്ധപൂർവ്വകമായ അഭിപ്രായവും ഉണ്ടായതുകൊണ്ട്, ഇതിനു തുടങ്ങുന്നതാകുന്നു'' എന്ന് "പ്രസ്താവന'യിൽ സ്വാമി ആര്യഭടൻ എഴുതുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം (2024), കേരളവും തമിഴ്നാടും സമുചിതമായി ആഘോഷിക്കുന്ന ഇന്നത്തെ സന്ദർഭത്തിൽ ടി.കെ. മാധവന്റെ പ്രസംഗരേഖകൾ, അപവ്യാഖ്യാനങ്ങൾക്കും അതിവ്യാഖ്യാനങ്ങൾക്കും ചരിത്രംതന്നെ നേരിട്ടു വന്നു മറുപടി തരുന്ന നാടകീയ യാഥാർഥ്യമായി മാറുന്നു.
