മലൈ രാമദേവർ എന്ന യാക്കൂബ്‌

History

മലൈ രാമദേവർ എന്ന യാക്കൂബ്‌


പതിനെട്ട് സിദ്ധന്മാരുടെ ജീവിതം തമിഴ് ആത്മീയസംസ്‌കാരത്തിന്റെ ചരിത്രവും സങ്കല്പവുമാണ്. പലരും പലമട്ടിൽ പതിനെട്ടു സിദ്ധന്മാരെ ചരിത്രവൽക്കരിച്ചിട്ടുണ്ട്. സിദ്ധന്മാരുടെ രണ്ടാം പരമ്പരയിൽപ്പെട്ട യോഗിയായി തമിഴ്‌നാട്ടിലെ അഴകർമലയിൽ സമാധിയായ രാമദേവർ സങ്കല്പിക്കപ്പെടുന്നു. അതിശയങ്ങൾ നിറഞ്ഞ രാമദേവരുടെ ജീവിതം തമിഴ്‌സിദ്ധർഗാഥകളിൽ അധികം ഇടം നേടിയിട്ടില്ല. സിദ്ധലോകങ്ങളെക്കുറിച്ചുള്ള പാടലുകളിൽ സങ്കല്പവും യാഥാർത്ഥ്യവും ഇഴചേർന്നുനിൽക്കുന്നു. ചികിത്സാവിജ്ഞാനീയത്തിൽ സിദ്ധന്മാരുടെ അറിവുകൾ ഏറെ വിലമതിക്കപ്പെട്ടിട്ടുണ്ട്. സിദ്ധബോധത്തിന്റെ പ്രമാണമായി അറിയപ്പെടുന്ന 'തിരുമന്ത്ര'ത്തിൽ വൈദ്യവിദ്യയുടെ അറിയാപ്പൊരുളുകൾ കാണാം. ദ്രാവിഡവേദമായ തിരുമന്ത്രം എഴുതപ്പെട്ടത് ബിസി അയ്യായിരത്തിലാണെന്ന് വിശ്വാസികൾ കരുതുമ്പോൾ, ചരിത്രാന്വേഷകർ അതിന്റെ രചനാകാലം കണ്ടെത്തുന്നത് ഏ.ഡി. അഞ്ചാം നൂറ്റാണ്ടിലാണ്.

'സിദ്ധർ' എന്ന പദം തിരുമന്ത്രത്തിൽ കാണുന്നുണ്ടെങ്കിലും ഇന്നു പ്രചരിക്കുന്ന സിദ്ധസാഹിത്യത്തിന് അഞ്ഞൂറ് വർഷത്തിനപ്പുറം പഴക്കമില്ല എന്നാണ് ആധുനികരുടെ നിരീക്ഷണം. സിദ്ധവേദത്തിന്റെ പ്രധാനമുറകളിലൊന്ന് വൈദ്യവിദ്യയാണ്. ശ്വസനവിദ്യ, യോഗശാസ്ത്രം, ആഹാരശാസ്ത്രം, ഒറ്റമൂലികൾ, ലോഹക്കൂട്ടുകൾ, ഔഷധക്കൂട്ടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധനങ്ങൾ പതിനേഴാം നൂറ്റാണ്ടോടെയാണ് തമിഴകത്ത് വലിയ രീതിയിൽ പ്രചരിച്ചത്. ഇതുവെച്ചുകൊണ്ടാണ് സിദ്ധന്മാരുടെ കാലം പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളാണെന്നു കാൽഡ്വൽ പാതിരി വാദിച്ചത്. അഞ്ച്-ആറ് നൂറ്റാണ്ടുകളിലാണു സിദ്ധന്മാരുടെ കാലമെന്ന് കെ.എം. നീലകണ്ഠശാസ്ത്രി, ആർ. മാണിക്കവാചകം, എം. അരുണാചലം തുടങ്ങിയ തമിഴ് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട പാടലുകളിൽ ഇസ്‌ലാമിക സ്വാധീനമുണ്ട് എന്ന ആശയം പരിഗണിക്കുമ്പോഴാണ് മലൈ രാമദേവരുടെ ചരിത്രകഥ പ്രസക്തമാകുന്നത്. രാമദേവരെക്കുറിച്ചും വൈദ്യകൃതികളെക്കുറിച്ചുമുള്ള കഥകൾ തമിഴ്‌നാട്ടിൽ പ്രചാരത്തിലുണ്ടെങ്കിലും മലയാളത്തിൽ ചർച്ചാവിഷയമായിട്ടില്ല. എന്നാൽ, 1936-ൽ കൊല്ലം വി.വി. പ്രസ്സിൽനിന്ന് പടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ളയുടെ വ്യാഖ്യാനത്തോടെ രാമദേവരുടെ പതിനേഴുകൃതികൾ പത്തു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. ആ രചനകളിൽ രാമദേവരുടെ ജീവചരിത്രസൂചനകളുണ്ട്. ഇന്ത്യയിൽ ഇസ് ലാംമതത്തിന്റെ സ്വാധീനം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, മുസ് ലിംസിദ്ധരും ഹിന്ദുസൂഫിയുമായി ജീവിച്ച രാമദേവരുടെ വഴിപ്പാടുകൾ പഠനം അർഹിക്കുന്നു. ഏകദൈവസങ്കല്പവും ഓങ്കാരപ്പൊരുളും സമന്വയിക്കുന്ന ഒരു ജീവിതദർശനമാണ് ലോകമെമ്പാടുമുള്ള മനുഷ്യർക്കുവേണ്ടി 'യാക്കൂബ്' എന്ന രാമദേവർ അവതരിപ്പിച്ചത്. രാമദേവർ മെക്കയിലെത്തുകയും അവിടുത്തെ നബിമാരിൽനിന്ന് 'യാക്കൂബ്' എന്നപേരിൽ ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്തതായി പാടലുകളിൽ കാണുന്നു. നാല്പതുവർഷം മെക്കയിൽ കഴിഞ്ഞശേഷം തമിഴ്‌നാട്ടിൽ തിരിച്ചെത്തി അഴകർമലയിൽ സമാധിയായി.

രാമദേവരുടെ ജീവിതം - ചില രേഖകൾ


Related Articles