കേരളചരിത്രരചനാലോകത്തിൽ ദലിത് ചരിത്രമെഴുത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരേസമയം മാനവികപഠനമേഖലകളിലും, അക്കാദമികസമൂഹത്തിനു പുറത്തും ശക്തമായ സാന്നിധ്യം സൃഷ്ടിച്ചിട്ടുമുണ്ട്. പുത്തൻ പദ്ധതികളുമായി വളരെവേഗം വികസിച്ചുവന്ന ദലിത് ചരിത്രരചന കേരളത്തിലെ സാമ്പ്രദായിക ചരിത്രരചനാധാരകൾക്ക് ബദലായി രൂപംകൊണ്ട ഒന്നാണ്. അതിന്റെ ഫലമായി ദലിത് ചരിത്രമെഴുത്ത് കേരളത്തിലെ മുഖ്യധാരാ ചരിത്രസ്കൂളുകളുമായി തർക്കത്തിലേർപ്പെടുകയും, പുത്തൻ ഗവേഷണമേഖലകൾ തുറന്നിടുകയുമുണ്ടായി. ഇത്തരത്തിൽ അക്കാദമിക-സാമൂഹ്യമേഖലയിൽ വളരെവേഗം പ്രാതിനിധ്യം അറിയിച്ച ദലിത് ചരിത്രഗ്രന്ഥങ്ങൾ ചരിത്രരചനാരീതികളുടെ വിവിധ ധാരകളിൽ എത്തരത്തിൽ നിലകൊള്ളുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
കൊളോണിയൽ നിർമ്മിതികൾ
കേരളത്തിലെ അടിമകളെക്കുറിച്ച് വലിയതോതിൽ എഴുതപ്പെട്ട രേഖകൾ ഉണ്ടാക്കിയതും, അടിമത്തം എന്ന ജാതിവിഷയത്തിന്റെ നിരോധനത്തിനായി പോരാടിയതും ബ്രിട്ടീഷ് പൗരന്മാരാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി പണിയെടുത്തിരുന്ന ഉദ്യോഗസ്ഥരും, യൂറോപ്യൻ മിഷണറി പ്രസ്ഥാനങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചിരുന്ന മിഷണറിമാരും നടത്തിയ അന്വേഷണങ്ങളിലും പഠനങ്ങളിൽനിന്നുമാണ് കേരളത്തിലെ അടിമകളെക്കുറിച്ച് ചിതറിക്കിടക്കുന്നതായ രേഖകളെങ്കിലും ലഭിക്കുന്നത്. കവളപ്പാറ, മൂപ്പിൽനായർ തുടങ്ങിയ മധ്യകാല നാടുവാഴികുടുംബങ്ങളുടെ രേഖാശേഖരങ്ങളിൽ നിന്ന് ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പും പിമ്പും നിലനിന്നിരുന്ന കാർഷിക അടിമവ്യവസ്ഥയെക്കുറിച്ചുള്ള തെളിവുകൾ ലഭ്യമാണെങ്കിലും കേരളത്തിലെ അടിമകളെക്കുറിച്ച് വ്യാപകമായ തോതിൽ എഴുത്തുകൾ ഉണ്ടാകുന്നത് ബ്രിട്ടീഷ് കാലഘട്ടംമുതലാണ്. 1800കൾ മുതൽ കേരളത്തിൽ ശക്തമാക്കപ്പെടുന്ന ബ്രിട്ടീഷ് ഭരണസംവിധാനം പുത്തൻ ചില വ്യവസ്ഥിതികൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. തിരുവിതാംകൂറിൽ പ്രൊട്ടസ്റ്റന്റ് മിഷണറിമാർ എത്തിയതും വേദമാണിക്യം എന്ന പറയവിഭാഗക്കാരൻ ക്രിസ്തുമതം സ്വീകരിച്ചതും, കേരളത്തിലെ ആദ്യപ്രൊട്ടസ്റ്റന്റ് പുരോഹിതനായതുമെല്ലാം (1816) കേരളത്തിനു പുതുമയായിരുന്നു. എഴുത്തധികാരത്തിനുപുറത്ത് നിന്നിരുന്ന അടിമജാതിക്കാരനായ വേദമാണിക്യത്തിന്റെ ജീവചരിത്രശകലങ്ങൾ (Fragments) പല ഘട്ടങ്ങളിലായി രേഖപ്പെടുത്തുകയും, ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. 1816-ലെ ചർച്ച് മിഷണറി സൊസൈറ്റിയുടെ വരവുകൂടി ആയപ്പോൾ തിരുവിതാംകൂറിലെ അടിമകളെക്കുറിച്ചുള്ള എഴുത്തുകളുടെ എണ്ണം വർദ്ധിച്ചു. 1800-1806 ലെ ബുക്കാനന്റെയും, റിച്ചാർഡ് ഹോർകെറിന്റെയും പഠനങ്ങൾ, 1804 മുതൽ 1816വരെ മലബാർ കളക്ടറായിരുന്ന ടി.എച്ച്. ബേബറിന്റെ അടിമത്തവുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ട് (1834) തുടങ്ങിയവയെല്ലാം കൊളോണിയൽ കാലത്തെ ദലിതവസ്ഥയെ പ്രതിനിധീകരിക്കുന്ന ആദ്യകാല ചരിത്രരേഖകളാണ്.
