യുദ്ധവും ചരിത്രവും

History

യുദ്ധവും ചരിത്രവും


അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ഇറാക്കിലെ സദ്ദാം ഹുസൈനെതിരായി യുദ്ധം പ്രഖ്യാപിക്കുമ്പോൾ ലോകത്തെ ബോദ്ധ്യപ്പെടുത്താനായി പ്രചരിപ്പിച്ചത് സദ്ദാം ഹുസൈൻ ആണവായുധങ്ങൾ മാത്രമല്ല, മാരകമായ ജൈവായുധങ്ങൾ വരെ നിർമ്മിക്കുന്നു എന്നായിരുന്നു. പക്ഷേ, ഇറാക്ക് മുഴുവൻ തകർത്ത് നാമാവശേഷമാക്കിയിട്ടും ആണവായുധങ്ങളോ ജൈവായുധങ്ങളോ ഒന്നും കണ്ടെത്തിയില്ല. കള്ളക്കഥകൾ പ്രചരിപ്പിച്ച് രാജ്യങ്ങളെത്തന്നെ ചുട്ടെരിച്ച കൊടുംകുറ്റങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ആരുമില്ല. ഇപ്പോൾ പലസ്തീനിലെ ഗസയിൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയമായ ബോംബുവർഷത്തെ ന്യായീകരിക്കാനായി പ്രചരിപ്പിക്കപ്പെടുന്നത് ഹമാസ് എന്ന പലസ്തീൻ സംഘടന ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. യാഥാർത്ഥ്യം ആർക്കും വ്യക്തവുമല്ല.

2006-ൽ ഗസയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ച് അധികാരമേറ്റപ്പോൾ അത് ഇസ്രായേലിനെ വല്ലാതെ ഭയപ്പെടുത്തി. ഗസയ്‌ക്കെതിരായി സാമ്പത്തിക ഉപരോധം ഉൾപ്പെടെ അടിച്ചമർത്തൽ തുടർന്നു. ഈ വർഷം മാർച്ച്-ഏപ്രിൽ കാലത്ത് പലസ്തീൻ അധികാരം കയ്യാളുന്ന അരാഫത്തിന്റെ ഫത്തയും ഹമാസും തമ്മിൽ ഏറെ പ്രാധാന്യമുള്ള ഒരു കരാർ ഒപ്പിടുകയുണ്ടായി. പരസ്പര വൈരികളായി ഏറെക്കാലം തുടർന്ന ഈ രണ്ട് പലസ്തീൻ സംഘടനകൾ തുടർന്ന് എല്ലാ കാര്യങ്ങളിലും സഹകരിച്ച് പ്രവർത്തിക്കും എന്നാണ് കരാർ. ഈ സഹകരണത്തിന് അടിസ്ഥാനമായി മൂന്ന് സുപ്രധാന വ്യവസ്ഥകൾകൂടി അവർ അംഗീകരിക്കുകയുണ്ടായി. ഇസ്രായേലിനെ അംഗീകരിക്കുക; കഴിഞ്ഞകാല കരാറുകൾ എല്ലാം മാനിക്കുക; അക്രമം ഉപേക്ഷിക്കുക.

ഇസ്രായേലിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന സമീപനമാണ് ഹമാസ് നാളിതുവരെ സ്വീകരിച്ചുപോന്നത്. ആ സമീപനം ഉപേക്ഷിച്ച് ഇസ്രേയേലിനെ അംഗീകരിക്കാൻ തയ്യാറായത് പലസ്തീൻ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഹമാസ് അക്രമമാർഗ്ഗം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതും അതുപോലെതന്നെ പ്രധാനപ്പെട്ട സംഗതിയാണ്. ഇസ്രായേൽ യഥാർത്ഥത്തിൽ സമാധാനവും തങ്ങളുടെ സുരക്ഷയുമാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. പകരം, ഹമാസ് റോക്കറ്റാക്രമണം നടത്തുന്നു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലധികം പേർ കൊല്ലപ്പെടാനിടയാക്കിയ ബോംബാക്രണങ്ങൾ ഗസയ്ക്കു നേരേ നടത്തുകയാണ് ഇസ്രായേൽ ചെയ്തത്. ഈ അതിക്രമത്തിന് അമേരിക്കയും പ്രമുഖ ലോകരാഷ്ട്രങ്ങളുമെല്ലാം പിന്തുണ നൽകുകയും ചെയ്യുന്ന അവസ്ഥയാണ് നാം ദർശിക്കുന്നത്.


Related Articles