ചാത്തൻ പുത്തൂർ യോഹന്നാന്റെ നേതൃത്വത്തിൽ കോട്ടയത്ത് പുതുപ്പള്ളിക്ക് സമീപം ചെമ്മരപ്പള്ളിയിൽ 1905-ലാണ് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. വളരെ കുറച്ച് കാലം മാത്രമാണ് പ്രവർത്തിച്ചതെങ്കിലും കേരളത്തിലെ ദളിതരുടെ ഉടമസ്ഥതയിൽ തുടങ്ങുന്ന ആദ്യ സ്കൂൾ - ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളാകാം ചാത്തൻ പുത്തൂർ യോഹന്നാനും സംഘവും കോട്ടയത്ത് തുടങ്ങിയത്. ഇതാകട്ടെ 1910-ൽ തിരുവിതാംകൂർ സർക്കാർ എല്ലാ ജാതി- മത വിഭാഗങ്ങൾക്കുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു കൊടുക്കുന്നതിന് മുൻപേ നടന്ന ഒരു പുരോഗമന നീക്കമായിരുന്നു. ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനവും സുറിയാനി ക്രിസ്ത്യാനികളും വിഭ്യാഭ്യാസ മേഖലയിൽ ദളിത് ക്രൈസ്തവരോട് പുലർത്തിയിരുന്ന പരിപൂർണ്ണമായ അവഗണനയോടുള്ള മറുപടിയെന്ന നിലയിലാണ് യോഹന്നാനും സംഘവും ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ നിർമ്മാണത്തിലേക്ക് പ്രവേശിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗം മുതൽ കേരളത്തിൽ സജീവമാകുന്ന വ്യത്യസ്തങ്ങളായ മിഷനറി പ്രസ്ഥാനവും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദളിതരുടെ സ്കൂൾ പ്രവേശനത്തിൽ സ്വീകരിച്ച നിലപാടുകൾ വ്യത്യസ്തങ്ങളായിരുന്നു. പ്രത്യേകിച്ച് മിഷനറിമാർ തദ്ദേശീയ വിദ്യാർത്ഥികളോടും അവരുടെ സംഘത്തിൽ അംഗങ്ങളായ വിദ്യാർത്ഥികളോടും കാണിച്ച ഇംഗ്ലീഷ്ഭാഷാ നയം വ്യത്യസ്തമായിരുന്നു. തെക്കൻ കേരളത്തിലെ ബാസൽ മിഷനറിമാരും വടക്കൻ കേരളത്തിലെ ലണ്ടൻ മിഷനറിമാരും അവരുടെ സംഘത്തിലെ എല്ലാവരെയും സ്കൂളുകളിൽ പഠിപ്പിക്കുകയും അതോടൊപ്പം ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുകയും ചെയ്തപ്പോൾ മധ്യകേരളത്തിലെ സി.എം.എസ് മിഷനറിമാർക്ക് സുറിയാനി ക്രിസ്ത്യാനികളെയും ചുരുക്കം ചില ഹിന്ദുക്കളെയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായിരുന്നു താല്പര്യം. കോട്ടയത്തെ സി.എം.എസ് കോളേജിൽ എല്ലാ വർഷവും 75% കുട്ടികളും സുറിയാനി വിഭാഗത്തിൽ നിന്നുള്ളവർ മാത്രമായിരുന്നു എന്നാണ് റോബിൻ ജെഫ്രിയുടെ പഠനത്തിൽ സൂചിപ്പിക്കുന്നത്. ഇതാകട്ടെ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ തുടർന്ന് വന്നിരുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഭാഷയുടെ മേൽക്കോയിമയാകട്ടെ വളരെക്കാലം നീണ്ടുനിന്നിരുന്നു. ഈ കാരണത്താൽ മധ്യകേരളത്തിലെ ദളിതരെ ആരുംതന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ തയ്യാറായില്ല. കൊച്ചിയിലെ സ്ഥിതിയും ഏതാണ്ട് ഇതിനു സമമായിരുന്നു. 1901-ലെ കൊച്ചി രാജ്യത്തെ സെൻസെസ് പറയുന്നത് ഇംഗ്ലീഷ് അറിയാവുന്ന ഒരു പുലയൻ അവിടെ ഇല്ലെന്നാണ്.
എന്നാൽ വടക്കൻ - തെക്കൻ കേരളത്തിലെ മിഷനറി പ്രസ്ഥാനങ്ങളിൽ അംഗങ്ങളായ ദളിതർ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനസമയം മുതൽ പുരോഹിതരാകുകയും അധ്യാപകരാകുകയും സർക്കാർ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ മധ്യകേരളത്തിലെ ദളിതർക്ക് ഇത്തരത്തിൽ യാതൊരു സാമൂഹ്യ സാമ്പത്തിക മൂലധനവും സ്വരൂപിക്കാൻ സുറിയാനി ക്രിസ്ത്യനികൾ അനുവദിച്ചില്ല. രണ്ടാം ക്ളാസിനു മുകളിലുള്ള വിദ്യാഭ്യാസം തങ്ങൾക്ക് അനുവദിക്കണമെന്ന ആവശ്യമായിരുന്നു മധ്യകേരളത്തിലെ ദളിത് ക്രിസ്ത്യാനികൾക്കിടയിൽ നിന്നും സ്ഥിരമായി കേട്ടിരുന്നത്. വിദ്യാഭ്യാസവും, ഇംഗ്ലീഷ് ഭാഷയും നേടികഴിഞ്ഞാൽ ദളിതർ ജോലി നേടുമെന്നും, അതിലുപരിയായി ദളിതർ ക്രിസ്ത്യൻ സഭകളിൽ പുരോഹിതരായി സ്ഥാനമേൽക്കുമെന്നുള്ള ഭയം മൂലമായിരുന്നു മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനത്തിനെ അടക്കി ഭരിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികളും, ഈഴവ ക്രിസ്ത്യാനികളും കോട്ടയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ദളിതരെ അകറ്റി നിർത്തിയത്. 1892-ൽ എ. എഫ്. പെയിന്റർ എന്ന സി. എം. എസ് മിഷനറി പറയുന്നു, 'കോട്ടയത്തെ നമ്മുടെ പ്രധാനപ്പെട്ട ഒരു സ്കൂളിലും ഒരൊറ്റ പുലയ കുട്ടിയെപോലും പഠിപ്പിച്ചിട്ടില്ല. അതിന്റെ കാരണം പുലയരുടെ താല്പര്യമില്ലായ്മ അല്ല, മറിച്ച് സുറിയാനി ക്രിസ്ത്യാനി സമൂഹത്തിനു പുലയരോടുള്ള ജാതിപ്പകയാണ് (Gladstone 1984: 124).' മിഷനറിമാരുടെ ഒപ്പം ജോലി ചെയ്യ്തിരുന്ന എല്ലാവരും തന്നെ സുറിയാനി-ഈഴവ ക്രിസ്ത്യാനികളായിരുന്നു. ഈ കാരണത്താൽ മിഷനറിമാർ ദളിത് അനുകൂല നിലപാടുകൾ എടുക്കുന്ന സാഹചര്യത്തിൽ മിഷനറി സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളിൽ 95% വരുന്ന സുറിയാനി- ഈഴവ മിഷനറി പ്രവർത്തകർ രാജി ഭീഷണി മുഴക്കുക പതിവാക്കി. മിഷൻ പ്രവർത്തനം തകർന്നു പോകുമെന്ന കാരണത്താൽ മിഷനറിമാർക്ക് സുറിയാനി ക്രിസ്ത്യാനികളെ അനുസരിക്കേണ്ടി വന്നു.
