കേരളം മാവോയിസ്റ്റു ഭീഷണിയിൽ ആണെന്നത് ഭരണകൂടത്തിന്റെ വെറും പ്രചരണമാണോ അതോ യാഥാർത്ഥ്യമോ? നമ്മൾ സാധാരണക്കാർക്ക് ഈ കാര്യത്തിൽ നിശ്ചയം പോര. തങ്ങൾക്കിഷ്ടമില്ലാത്ത ഏത് ജനകീയ പോരാട്ടങ്ങളെയും അടിച്ചമർത്താൻ ഭരണകൂടം വളരെ സമർത്ഥമായി ഉപയോഗിക്കുന്ന ഒരു മാന്ത്രികവടിയാണ് മാവോയിസ്റ്റ് ഭീഷണിപോലുള്ള അവകാശവാദങ്ങൾ. ഭീകരപ്രവർത്തനവും വിമോചനപ്പോരാട്ടങ്ങളും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്ത് ഇല്ലാതാകുകയാണ്. ഭീകരപ്രവർത്തനങ്ങൾ രാഷട്രീയതീവ്രവാദികളുടെ പക്ഷത്തുനിന്നുണ്ടാകുമ്പോൾ അതിക്രമമായും, ഭരണകൂടപക്ഷത്തുനിന്നുണ്ടാകുമ്പോൾ അത് പ്രതിരോധമായും ചിത്രീകരിക്കപ്പെടുന്നു. പോലീസിനും പട്ടാളത്തിനും എന്തതിക്രമവും ആർക്കെതിരെയും നടത്താമെന്നും അത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഭരണകൂടബാധ്യത മാത്രമാണെന്നും പൊതുവിൽ വിശ്വസിക്കപ്പെട്ടു പോരുന്നു.
ജീവനുണ്ടെങ്കിലും ജീവിക്കാൻ മതിയായ സ്വത്തുക്കളില്ലാത്ത സാധാരണ മനുഷ്യർ അക്രമത്തിനു മുതിർന്നാൽ അത് ഭീകരപ്രവർത്തനമായി വിശ്വസിച്ചിരുന്ന 1970 കളുടെ തുടക്കത്തിലാണ് കേരളത്തിൽ ഒരു പറ്റം ചെറുപ്പക്കാർ നക്സൽബാരികളെന്ന പേരിൽ രംഗപ്രവേശം ചെയ്തത്. അവരിൽ അപൂർവ്വം ചിലർ മൃത്യുവിനിരയായി. അവർക്കു സമൂഹം രക്തസാക്ഷി പദവി നൽകി ആദരിച്ചു. കുറെപ്പേർ, ഉന്നത വിദ്യാഭ്യാസവും ലഭിക്കുമായിരുന്ന ഭേദപ്പെട്ട ഉദ്യോഗങ്ങളും വേണ്ടെന്നുവെച്ച് വിപ്ലവത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടി ആത്മപീഡനത്തിന്റെ ആനന്ദം അനുഭവിച്ചു. കൈ നനയാതെ മീൻപിടിക്കാൻ ആറ്റിൻ വക്കത്തു കാത്തിരുന്നവർക്കും വിപ്ലവാനുഭാവികൾ എന്ന പേരു കിട്ടി. അവരിൽ ഏറിയപങ്കും കവികളും കലാകാരന്മാരും ബുദ്ധിജീവികളുമായിരുന്നു. തങ്ങളുടെ രചന വരാനിരിക്കുന്ന ഇന്ത്യൻ വിപ്ലവത്തിന്റെ ജാതകക്കുറിപ്പാകുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ശുദ്ധാത്മാക്കളും അവരുടെ കൂട്ടത്തിൽ അപൂർവ്വമായെങ്കിലും ഉണ്ടായിരുന്നു.
അത്തരക്കാരുടെ അവസാനത്തെ അഭയസ്ഥാനമായിരുന്നു ആത്മകഥകളും ഓർമ്മക്കുറിപ്പുകളും എഴുതി പ്രസിദ്ധീകരിക്കുക എന്നത്. കള്ളന്മാരുടെയും വേശ്യകളുടെയും ആത്മകഥകൾക്കുപോലും ധാരാളം വായനക്കാരുള്ള നമ്മുടെ നാട്ടിൽ ഇത്തരം ആത്മകഥാകഥനങ്ങൾക്കു നല്ല വില്പനയുണ്ടാകും എന്നു പ്രതീക്ഷിച്ച പല പ്രസാധകരും ഇതിന് ഒത്താശകളും ചെയ്തു കൊടുത്തു. ഈ പുസ്തകപ്രളയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പുസ്തകങ്ങളായിരുന്നു കെ. വേണുവിന്റെ 'ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പ'വും കെ. അജിതയുടെ 'ഓർമ്മക്കുറിപ്പുകളും.' 2014-ൽ പ്രസിദ്ധീകരിക്കപ്പെട്ട കവിയൂർ ബാലന്റെ 'നക്ഷത്രങ്ങൾ ചുവന്ന കാലം' ഈ ഗണത്തിൽപ്പെട്ട ശ്രദ്ധേയമാവാനിരിക്കുന്ന പുസ്തകമാണ്.
