തിരുവിതാംകൂറിന്റെ ചരിത്രത്തിൽ രക്തരൂഷിതമായ നിരവധി പ്രക്ഷോഭങ്ങൾ തുടക്കം മുതലേ കണ്ടെത്താം. ആറ്റിങ്ങൽ കലാപം മുതൽ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരെ വെട്ടുന്നതുവരെ നടന്ന പ്രക്ഷോഭങ്ങളും കലാപങ്ങളും എണ്ണിയാലൊടുങ്ങില്ല. എന്നാൽ, തിരുവിതാംകൂർ ഏറ്റവും സംഘർഷഭരിതമായ വർഷം 1938 ആണ്. കടയ്ക്കൽ, കല്ലറ പാങ്ങോട് എന്നിവിടങ്ങളിൽ വലിയ കലാപങ്ങളുണ്ടായി. കടയ്ക്കലിൽ എട്ടു ദിവസം മാത്രമാണെങ്കിലും ജനം അധികാരം പിടിച്ചെടുത്തു. ഒക്ടോബറിൽ ആലപ്പുഴയിലെ തൊഴിലാളിവർഗം െഎതിഹാസികമായ പണിമുടക്ക് നടത്തി. അങ്ങനെ ജനം ആദ്യമായി സംഘടിതമായി, ഭരണകൂടത്തിനെതിരെ പോരാടി. ആ മുന്നേറ്റങ്ങളുടെയെല്ലാം കേന്ദ്രം സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ഉത്തരവാദ പ്രക്ഷോഭണമായിരുന്നു. എട്ടര പതിറ്റാണ്ട് മുമ്പ് നടന്ന ആ പ്രേക്ഷാഭം ചരിത്രത്തിന്റെ നല്ലൊരു പാഠപുസ്തകംകൂടിയാണ്;ഗുണപരമായും നിഷേധാത്മകമായും.
തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുള്ള പ്രത്യക്ഷ പ്രക്ഷോഭം 1938 ആഗസ്റ്റ് 26-ന് സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ തുടങ്ങി. സ്ഥാപകസമ്മേളനം മുതൽ ഉത്തരവാദ ഭരണമായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ആവശ്യം. 1938 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയപ്രവർത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്ക് രൂപം നൽകണമെന്നും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 1938 ഫെബ്രുവരി 23-നാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടത്.ഫെബ്രുവരി 25-ന് പുത്തൻകച്ചേരിക്ക് സമീപം ഒരു ചെറിയ ഹാളിൽ നടന്ന സമ്മേളനത്തിൽ ഒരു പ്രമേയത്തിലൂടെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പട്ടം താണുപിള്ള പ്രസിഡന്റ്, കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവർ സെക്രട്ടറിമാർ. രൂപീകരിക്കപ്പെട്ട ഉടനെതന്നെ സ്റ്റേറ്റ് കോൺഗ്രസിന് ഭരണകൂടനടപടി നേരിടേണ്ടിവന്നു. മാർച്ചിൽ, ആദ്യം തിരുവനന്തപുരം ഡിവിഷനിലും പിന്നീട് കൊല്ലം ഡിവിഷനിലും കോൺഗ്രസ് യോഗങ്ങൾ ജില്ലാ മജിസ്ട്രേറ്റുമാർ നിരോധിച്ചു.
യൂത്ത് ലീഗിന്റെ ഇടപെടൽ
