രോഗക്കച്ചവടം

Health

രോഗക്കച്ചവടം


കുടുംബഡോക്ടർ എന്നു സമൂഹം സ്‌നേഹത്തോടെ സ്ഥാനപ്പേരു നൽകി വിളിക്കുമായിരുന്നവർ അനിവാര്യരായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. ബിരുദാനന്തര ബിരുദങ്ങളുടെ തള്ളിക്കയറ്റത്തിൽ വംശനാശം സംഭവിച്ചു പോയ ഒരു കൂട്ടർ. ഇന്ന് വിചിത്രമായ രീതിയിൽ കുടുംബഡോക്ടറുടെ ആവശ്യം വ്യക്തികൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു! എന്തിനാണെന്നല്ലേ? സ്‌പെഷ്യലിസ്റ്റുകളാലും ആശുപത്രികളാലും തങ്ങൾ വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താൻ! ആത്മാർത്ഥതയുള്ള ഒരു 'സെക്കന്റ് ഒപ്പീനിയനു' വേണ്ടി. തങ്ങളെ മനസ്സിലാക്കുന്ന, വഞ്ചിക്കില്ലെന്നുറപ്പുള്ള, ബന്ധുവിനെപ്പോലൊരാൾ. ചിലപ്പോൾ ബന്ധു തന്നെയായ ഒരു ഡോക്ടർ. അങ്ങനെയൊരാളില്ലെങ്കിൽ അതിഹീനമായ വഞ്ചനയിലേക്കും ചിലപ്പോൾ അനാരോഗ്യത്തിന്റെ നിത്യദുരിതത്തിലേക്കും വൈദ്യലോകം തങ്ങളെ തള്ളിയിട്ടേക്കാം എന്നവർ ഭയക്കുന്നു. എത്ര പേർക്ക് ഇത്തരമൊരു സ്വന്തം ഡോക്ടറുടെ സേവനം ലഭിക്കാനാകും എന്നതിനപ്പുറം എത്ര ദയനീയമായ ധാർമ്മികാധഃപതനമാണ് ആ ഭയത്തിനും അതിൽനിന്നുണ്ടായ ആഗ്രഹത്തിനും പുറകിലെന്നു ചിന്തിക്കയാണു വേണ്ടതെന്ന് തോന്നുന്നു.

ജീവിതത്തിന്റെ വേഗവും സുഖതൃഷ്ണകളും ഏറിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ സേവനങ്ങളും വിരൽത്തുമ്പത്ത്, അല്ലെങ്കിൽ കൺതുമ്പത്ത് തന്നെ ഉള്ള കാലം. ചുറ്റും കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും പൊടുന്നനെ ഒരു സേവനദാതാവോ ബ്രോക്കറോ ആയി സ്വയം പരസ്യപ്പെടുത്തുന്ന അദ്ഭുതം നാമിന്നു കാണുന്നു. സേവനം എന്ന വാക്കിനെ അശ്ലീലമാക്കുംവിധം ഓരോ ദാതാവിലും അദൃശ്യനായ ഒരു ചൂഷകനെ നാം തിരയുകയോ തിരയാതെതന്നെ കണ്ടെത്തുകയോ ചെയ്യുന്നു.

ആരോഗ്യം അഥവാ അരോഗാവസ്ഥ രോഗഹനനത്തിലൂടെ നേടിയെടുക്കേണ്ട ഒന്നല്ല. അത് ഒരു സ്വാഭാവികതയാണ്. സ്വാഭാവികതയെ അട്ടിമറിക്കുന്ന രോഗാവസ്ഥകളോടാണ് ഡോക്ടർമാർ ഇടപെടുന്നത് എന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു എങ്കിലും ഒരു ഡോക്ടറുടെ യഥാർത്ഥ കർമ്മം അരോഗാവസ്ഥയെന്ന സ്വാഭാവികതയെ നിലനിർത്താൻ വ്യക്തികളെയും സമൂഹത്തെയും സഹായിക്കുക എന്നതാണ്. അങ്ങനെയാവുമ്പോൾ മാത്രമാണ് അതു യഥാർത്ഥ സേവനമെന്ന സംജ്ഞയ്ക്കർഹമാവുന്നതും. മറ്റു സേവന ദാതാക്കൾ നേടിത്തരുന്ന വ്യാജവും അല്ലാത്തതുമായ സൗഖ്യാവസ്ഥകളിൽനിന്ന് തുലോം വ്യത്യസ്ഥവുമാണത്. വ്യക്ത്യാധിഷ്ഠിതമല്ലാത്ത, സമൂഹത്തിലേക്കും പരിസ്ഥിതിയിലേക്കും കൂടി നീളുന്ന സേവനമാകേണ്ടതുണ്ട് അതു യഥാർത്ഥത്തിൽ.


Related Articles