വാക്‌സിന് എതിരേ ഞെട്ടിപ്പിക്കുന്ന കവര്‍സ്റ്റോറികൾ വാരിവിതറി കേരളത്തെ ഭീതിക്കയത്തിലേക്ക് മുക്കിത്താഴ്ത്താൻ വെമ്പിയ മാധ്യമപ്രഭുക്കൾ ഇന്ന് പശ്ചാത്താപവിവശരാണ്. എന്തു വില കൊടുത്തും വാക്‌സിനേഷൻ നടത്തണമെന്ന എഡിറ്റോറിയൽ കുമ്പസാരങ്ങളാണ് പ്രായശ്ചിത്തം. കപടശാസ്ത്രങ്ങളെ കെട്ടിപ്പുണർന്ന് ജനത്തെ വിഭ്രാന്തിയിലാഴ്ത്തുന്ന മാധ്യമസംസ്‌കാരത്തിൽ ജൈവവിളി കിട്ടിയവർക്ക് കണ്ടുപഠിക്കാൻ പലതുമുണ്ടായിരുന്നു. സമാനതന്ത്രം പയറ്റിയാൽ വിപണനസാധ്യതകൾ പുഷ്ടിപ്പെടണമെന്ന തിരിച്ചറിവായിരുന്നു ആദ്യത്തേത്. വാക്‌സിൻ സമം കൊലയാളി എന്ന സമവാക്യം രാസവളം സമം കാൻസർ എന്നൊരു ഭേദഗതിയോടെ അവതരിപ്പിക്കപ്പെട്ടു. സർവ്വപ്രശ്‌നപരിഹാരമായി ജൈവകൃഷി നിർദ്ദേശിക്കപ്പെട്ടു. വാക്‌സിൻവിരുദ്ധരെ നിയന്ത്രിച്ചു തുടങ്ങിയപ്പോഴേക്കും കുറെ മനുഷ്യജീവനുകൾ പൊലിഞ്ഞിരുന്നു. സമാന തിരിച്ചറിവ് ജൈവഭ്രമത്തിന്റെ കാര്യത്തിൽ ഉണ്ടാകുമ്പോഴേക്കും കേരളത്തിലെ നിലവിലുള്ള കൃഷിക്കെന്തു സംഭവിക്കുമെന്ന് പറയാനാവില്ല.
ആധുനികകൃഷി കാൻസറുണ്ടാക്കുന്നു. അതുകൊണ്ട് ജൈവകൃഷിയിലേക്ക് തിരിയണം എന്ന ഭീതിപ്രചരണത്തിന്റെ (fear mongering) സാധുത പരിശോധിക്കപ്പെടേണ്ടതുണ്ട്. പഞ്ചാബിലെ 'കാൻസർതീവണ്ടി'യിൽനിന്നുതന്നെ തുടങ്ങാം. 2005 ജൂണിലെ 'ഡൗൺ ടു എർത്ത് ' മാഗസിനിലാണ് ആദ്യം ഈ വാർത്ത വന്നത്. 2010-ൽ ദേശീയമാധ്യമങ്ങളും 2015 ആയപ്പോഴേക്കും അൽ ജസീറ അടക്കമുള്ള വിദേശമാധ്യമങ്ങളും രംഗത്തെത്തി. പഞ്ചാബിലെ ഭട്ടിൻഡയിൽനിന്നും രാജസ്ഥാനിലെ ബിക്കാനീറിലേക്ക് (Acharya Tulsi Regional Cancer Institute and Research Centre, Bikaner) പുറപ്പെടുന്ന 12 കമ്പാർട്ട്‌മെന്റുകളുള്ള 339 -ാം നമ്പർ പാസഞ്ചർ തീവണ്ടിക്കാണ് 'കാൻസർ എക്‌സ്പ്രസ്സ്' എന്ന വിളിപ്പേര് വീണത്. ആധുനിക കൃഷി സമ്പ്രദായത്തിലൂടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടമുണ്ടാക്കിയ പഞ്ചാബ് ഹരിതവിപ്ലവത്തിന്റെ ശാദ്വലഭൂമിയാണ്. അവിടെ രാസവളത്തിന്റെയും കീടനാശിനിയുടെയും അമിത ഉപയോഗംമൂലം കാൻസർ രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു എന്നതായിരുന്നു വാർത്തകളുടെ പൊതു ഉള്ളടക്കം.
വാർത്ത ശരിയാണ്, പക്ഷേ, വ്യാഖ്യാനം ഏകപക്ഷീയമായിരുന്നു. ദിവസവും രാത്രി 9.20-നു പുറപ്പെടുന്ന പ്രസ്തുത തീവണ്ടിയിൽ ധാരാളം കാൻസർരോഗികളും ബന്ധുക്കളും യാത്രചെയ്യാറുണ്ട്. ദേശീയ മാധ്യമങ്ങളിലെ പല ലേഖനങ്ങളും ഞെട്ടിപ്പിക്കുന്നവയായിരുന്നു. ലേഖകർ യാത്രക്കാരായ രോഗികളുമായി സംസാരിക്കുന്നു. അവർ തങ്ങളുടെ വയലുകളിൽ തളിച്ച കീടനാശിനികളെക്കുറിച്ചോർക്കുന്നു. കാൻസർ വരാൻ വേറെ കാരണങ്ങളൊന്നും അവർക്കറിയില്ല. രാത്രിവണ്ടിയിൽ 60 ശതമാനം യാത്രക്കാരും കാൻസർരോഗികളോ അവരുടെ ബന്ധുക്കളോ ആണെന്നും അന്തരീക്ഷ-കുടിവെള്ള മലിനീകരണവും കീടനാശിനിപ്രയോഗവുമാണ് കാരണമെന്നും റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നു. അൽ ജസീറ ലേഖകൻ കാണുമ്പോൾ 72 പേർക്ക് യാത്ര ചെയ്യാവുന്ന ഒരേയൊരു എ.സി കമ്പാർട്ട്‌മെന്റിൽ 30 കാൻസർ രോഗികൾ! ബാക്കി രോഗികൾ ജനറൽ കമ്പാർട്ട്‌മെന്റുകളിലും. ഇതേ തീവണ്ടി ക്ഷയരോഗവണ്ടി ('TB Train') എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നതത്രേ. കാലംമാറി--രോഗവും.
