എല്ലാ ജീവികളിലും ഏതെങ്കിലും തരത്തിലുള്ള ശരീരദ്രവങ്ങള്‍ ഉണ്ടെങ്കിലും പരിണാമപരമ്പരയിലെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ജീവികളില്‍ മാത്രമേ ഒരുപാട് സവിശേഷസ്വഭാവങ്ങളോട് കൂടിയ ‘രക്ത’മുള്ളു. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു ശരീരകലകളില്‍ നിന്ന് വിഭിന്നമായി ഇതിനെ ശേഖരിക്കുവാനും സൂക്ഷിക്കുവാനും സാധിക്കുന്നു. രക്തത്തിന്‍റെ ഈ സവിശേഷതയാണ് നാം ഇന്ന് കാണുന്ന രീതിയില്‍ രക്തദാനം സാധ്യമാക്കിയത്.
രക്തത്തിന്‍റെ ധര്‍മ്മങ്ങള്‍
ജീവന്‍ നിലനിര്‍ത്തുന്ന ഈ പ്രത്യേക ദ്രാവകത്തിന് ഒരുപാട് ധര്‍മ്മങ്ങളുമുണ്ട്.
- കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പോഷകഘടങ്ങള്‍, ഓക്സിജന്‍ എന്നിവ എത്തിക്കുക
- പുറമേനിന്നുള്ള അണുക്കളുടെ ആക്രമണത്തെ ചെറുത്തു നില്‍ക്കുക
- രക്തക്കുഴലുകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുക
- ക്ഷതമേറ്റ രക്തക്കുഴലുകളില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രണാധീനമാക്കുക
- രക്തചംക്രമണവ്യവസ്ഥ പരിരക്ഷിക്കുക
- കോശങ്ങളില്‍ നിന്നുണ്ടാകുന്ന വിസ്സര്‍ജ്യവസ്തുക്കളും കാര്‍ബണ്‍ ഡയോക്സൈഡും പുറംതള്ളുക
- ഹോര്‍മോണുകളെ അവയുടെ ശ്രോതസില്‍ നിന്നും നിശ്ചിതസ്ഥലങ്ങളിലേക്ക് എത്തിക്കുക
- ശരീരതാപനില നിയന്ത്രിക്കുക ഇങ്ങനെ നിരവധി.
