മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് തളർന്നു കിടക്കേണ്ടിവന്ന കുറച്ച് ആശുപത്രി ദിവസങ്ങൾ എനിക്കുണ്ട്. അതിൽത്തന്നെ കുറച്ചേറെ ദിവസങ്ങൾ പൂർണ്ണമായും ഐ.സി.യുവിലെ ഏകാന്തതയിലുമായിരുന്നു. കൂനിന്മേൽ കുരു എന്നു പറയുന്നതുപോലെ ആ കിടപ്പിൽ എനിക്ക് അതിസാരവും ബാധിച്ചു. ശരീരത്തിന്റെ സ്വയം നിയന്ത്രണങ്ങൾ എല്ലാം നഷ്ടപ്പെട്ടുപോയിരുന്ന ആ മണിക്കൂറുകളിൽ ഇട്ടിരിക്കുന്ന വസ്ത്രങ്ങളിലും കിടക്കയിലും തുടരെത്തുടരെ മലാഭിഷേകം നടത്തുവാനായിരുന്നു എന്റെ വിധി. അപ്പോഴും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാതിരുന്ന ഞാൻ എന്നെത്തന്നെ ശപിച്ചു. സ്വയം ശുദ്ധീകരിക്കാൻ ഒരു പഴുതുമില്ലാതെ തളർന്നുപോയ ആ അവസ്ഥയെ ഓർത്ത്. എന്നാൽ എന്നെ ശുശ്രൂഷിച്ചുകൊണ്ട് സമീപത്തുണ്ടായിരുന്ന നേഴ്‌സ് പെൺകുട്ടികൾ യാതൊരു വൈമുഖ്യവുമില്ലാതെ എന്നെ ശുദ്ധിയാക്കാൻ തയ്യാറായി നിന്നു.
ഒരുതവണ ശുദ്ധിയാക്കി വസ്ത്രം മാറി പൗഡർ പൂശുമ്പോഴേക്കും ഞാൻ അടുത്ത അഭിഷേകം നടത്തിയിരിക്കും. ഒരു ദിവസം മുഴുവൻ ഇടതടവില്ലാതെ എന്റെ ശരീരം ഇങ്ങനെ കിടക്ക വൃത്തികേടാക്കിക്കൊണ്ടിരുന്നപ്പോഴും യാതൊരു മുഷിവുമില്ലാതെ വീണ്ടും വീണ്ടും എന്നെ തുടച്ച് വൃത്തിയാക്കാൻ നേഴ്‌സുമാർ തയ്യാറായി. മൂത്രം പോകുന്നതിനു ട്യൂബ് ഇട്ടിരുന്നതിനാൽ എല്ലാ ദിവസവും രാവിലെ കുളിപ്പിക്കുന്നതിനൊപ്പം സ്വകാര്യഭാഗങ്ങൾപോലും അവർ തുടച്ച് വൃത്തിയാക്കുമായിരുന്നു. വേണ്ട കുട്ടി, അത്രയൊന്നും വൃത്തിയാക്കൽ വേണ്ട, ഞാൻ മരിക്കാൻ കിടക്കുന്നവനാണ് എന്ന് ഞാൻ നിരാശനായപ്പോഴും-- ചേട്ടൻ അങ്ങനെയൊന്നും പറയരുത്, ഇത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ് വളരെ സന്തോഷത്തോടെയാണ് ഞാനതൊക്കെ ചെയ്യുന്നത് എന്നുപറഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം ഞാനിപ്പോഴും ഓർക്കുന്നു.
എന്റെ ഭാര്യയും ഒരു നേഴ്‌സാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് മരണം കാത്തു കിടക്കുന്ന വൃദ്ധരെ നോക്കുന്ന ഒരു ആശുപത്രിയിലാണ് ജോലി നോക്കുന്നത്. ഇന്നോ നാളെയോ മരിക്കും എന്നു കരുതി വീട്ടുകാർ ഉപേക്ഷിച്ചുപോകുന്നവരെ പിന്നെ ദീർഘകാലം ശുശ്രൂഷിക്കുന്നത് അവരുടെ കടമയാണ്. ചില ദിവസങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ വന്നാലും ദീർഘനേരം രോഗികളെ സംബന്ധിച്ച വിവരങ്ങൾ സഹപ്രവർത്തകർക്ക് കൈമാറുന്നതും അവരുടെ സ്ഥിതി അന്വേഷിച്ചറിയുന്നതും കാണാം. എങ്ങനെയെങ്കിലും എട്ടുമണിക്കൂർ സമയം തികച്ച് ഇറങ്ങിപ്പോരുകയല്ല, രോഗികൾക്കൊപ്പം ജീവിക്കുകയാണ് അവർ ചെയ്യുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ചില ദിവസങ്ങളിലാവട്ടെ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കാണാം. പിന്നെ ചോദിക്കുമ്പോഴാണറിയുന്നത് തങ്ങൾ ദീർഘകാലം ശുശ്രൂഷിച്ചിരുന്ന ഏതോ ഒരാൾ, ചിലപ്പോൾ അയാളുടെ ഊരോ പേരോപോലും അവർക്ക് അറിയുമായിരുന്നില്ല, മരണപ്പെട്ടു പോയതിന്റെ സങ്കടപ്പെടലാണതെന്ന്. എന്തിന്, ആർക്കും വേണ്ടാത്ത ഒരാൾ ഈ ഭൂമി ഉപേക്ഷിച്ചു പോയി എന്ന് സമാധാനിച്ചാൽ പോരേ എന്നു തത്ത്വശാസ്ത്രം വിളമ്പിയാലൊന്നും ആ സങ്കടം അഴിഞ്ഞുപോകില്ല. നിങ്ങൾ പുരുഷന്മാർക്ക് അതൊന്നും മനസ്സിലാവില്ല എന്നുമാത്രം പഴി പറയും.
