ഫെമിനിസ്റ്റ് ദൈവശാസ്ത്രവ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് കൈറിയാര്‍ക്കി (Kyriarchy) എന്ന പരികല്‍പ്പന എലിസബത്ത് ഷൂസ്‌ലര്‍ ഫിയോറെന്‍സ വികസിപ്പിച്ചെടുക്കുന്നത്. ഗ്രീക്ക് പദങ്ങളായ Kyrios (lord / master), árcho (rule/ govern) എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞ പരികല്‍പ്പനയാണിത്. പുരുഷാധിപത്യത്തിന്റെ സങ്കീര്‍ണ്ണമായ ഘടനയെ വിവൃതമാക്കുന്നതിനും ലിംഗവിവേചനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും രാഷ്ട്രീയമാട്രിക്‌സിനെ കണ്ടെത്തുന്നതിനും ഉപയോഗിക്കാവുന്ന വാക്കായിട്ടാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ഇതിനെ ഭാവന ചെയ്തത്. അവര്‍ രചിച്ച In Memory of Her ബൈബിളിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നുണ്ട്. ഇവിടെ, സ്ത്രീകളുടെ വീക്ഷണകോണില്‍ നിന്ന് ആദ്യകാല ക്രൈസ്തവതയുടെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മാണമാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ലക്ഷ്യമാക്കിയത്. ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വിമര്‍ശനാത്മക സിദ്ധാന്തത്തിന്റെയും ഉപകരണങ്ങളും സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെ ദര്‍ശനവും ഇതിന്നായി അവര്‍ ഉപയോഗിക്കുന്നു. ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ സ്ത്രീകളുടെ കഥകളും ചരിത്രവും സുവിശേഷപ്രഘോഷണത്തിന്റെ അവിഭാജ്യഘടകങ്ങളായി സങ്കല്‍പ്പിക്കപ്പെടാത്തിടത്തോളം പുരുഷന്മാര്‍ രൂപപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത ബൈബിള്‍ ഗ്രന്ഥങ്ങളും അതിന്റെ പാരമ്പര്യങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്നവയായി തുടരുമെന്നു പറയാന്‍ ഷൂസ്‌ലര്‍ ഫിയോറെന്‍സ കരുത്തു കാണിച്ചു.
