അഫ്‌ഗാൻ സ്ത്രീകൾ താലിബാനിസത്തെ വായിക്കുന്നു

Gender

അഫ്‌ഗാൻ സ്ത്രീകൾ താലിബാനിസത്തെ വായിക്കുന്നു


Bleeding Afghanistan എന്ന ഗ്രന്ഥരചനയ്ക്കായി സഹചാരി ജെയിംസ് ഇൻഗാൾസുമൊത്ത് 2005-ൽ അഫ്ഗാനിലെത്തിയ സോനാലി കോൽഹാത്കർ എന്ന അമേരിക്കക്കാരി പുതിയ സങ്കീർണ്ണ പശ്ചാത്തലത്തിലിരുന്ന് പഴയ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. 15 വർഷം മുമ്പ് അന്നവിടെ കണ്ട സ്ത്രീ മുഖങ്ങളിലൊന്നിനെ, അവരുടെ ശക്തമായ വാക്കുകളെ അവരിങ്ങനെ പകർത്തി വെയ്ക്കുന്നു. 'ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും അവകാശങ്ങളുണ്ട്. ഞങ്ങൾക്കും വിദ്യാഭ്യാസം വേണം. നിങ്ങൾക്കൊക്കെ സാധ്യമാകുന്നൊരു ജീവിതം ഞങ്ങളുടെയും അവകാശമല്ലേ? നിങ്ങളെപ്പോലെ സ്വതന്ത്രരായി സഞ്ചരിക്കാൻ, നാടുകൾ കാണാൻ, മനുഷ്യരെ പരിചയപ്പെടാൻ? എത്ര കാലം ഞങ്ങളീ ക്രൂരതകളും സഹിച്ച് കഴിഞ്ഞുകൂടണം?'

സമാധാന പുനസ്ഥാപനത്തിനായി 2001 മുതൽ തന്റെ രാജ്യത്ത് മിസൈലാക്രമണങ്ങളും കരയുദ്ധവും നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പൗരയോടുള്ള അവരുടെ ചോദ്യത്തിന് സോനാലിക്ക് മറുപടിയില്ലായിരുന്നു. യൗവനത്തിൽ വിധവയാക്കപ്പെട്ട ഒരു നാൽപ്പതുകാരിയുടെ സങ്കടം അണ പൊട്ടിയതല്ലായിരുന്നു അത്. മറിച്ച്, മുഴുവൻ അഫ്ഗാൻ സ്ത്രീകളുടെയും രോഷപ്രകടനമായിരുന്നു.എൺപതുകളിൽ അവൾക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത് റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന അസംഖ്യം തീവ്രവാദി ഗ്രൂപ്പുകളിലൊന്നിന്റെ വെടിയേറ്റിട്ടാവാം, അല്ലെങ്കിൽ റഷ്യൻ പട്ടാളം കുഴിച്ചിട്ട കുഴി ബോംബുകളിലൊന്നു പൊട്ടിത്തെറിച്ചാകാം. അതു കഴിഞ്ഞ് പുതിയ അഫ്ഗാൻ സമാധാന സർക്കാർ അധികാരമേൽക്കാനുള്ള പ്രാരംഭ നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോഴും അവർ നിരാശിതയും രോഷാകുലയുമായി തുടരുന്നുവെങ്കിൽ സമാധാനവും അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ അവൾക്കപ്പോഴും ഇല്ലായിരുന്നു എന്ന് വ്യക്തം. ശേഷം 20 വർഷം കൂടി ഈ സമാധാനസേന ഇവിടെ നിലനിന്നതിനവസാനം ഏറ്റവും സ്ത്രീവിരുദ്ധമായ താലിബാൻ ഭരണത്തിന് രാജ്യത്തെ ഇപ്പോഴിതാ വിട്ടു കൊടുക്കുകയാണ്!

സഖ്യസേന പിന്മാറുമ്പോൾ മറിയം എന്ന ആ സ്ത്രീ ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ വാർദ്ധക്യത്തിന്റെ പടിവാതിൽക്കലെത്തിക്കാണും. അവളുടെ മൂന്നാം തലമുറയായിരിക്കും വിദ്യാഭ്യാസാവകാശവും സ്വാതന്ത്രൃവും നിഷേധിക്കപ്പെട്ട് ഇനി നരകജീവിതം നയിക്കാനിരിക്കുന്നത്. ഈ അനീതിക്ക്, തലമുറകളിലേക്ക് നീളുന്ന ഈ യാതനകൾക്ക് ഉത്തരവാദികൾ ആരാണ്?


Related Articles