ബലാൽസംഗത്തിന്റെ ലിംഗേതര വഴികൾ

Gender

ബലാൽസംഗത്തിന്റെ ലിംഗേതര വഴികൾ


'ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നു.' എന്നിങ്ങനെയുള്ള ഗംഭീര തത്ത്വങ്ങൾ വിക്റ്റർ ഹ്യൂഗോയെ പോലുള്ള മഹാത്മാക്കൾ പറഞ്ഞുഫലിപ്പിച്ചിട്ടുണ്ട്. നമ്മൾ അതൊക്കെ പ്ലാറ്റ്‌ഫോറങ്ങളിൽ നിന്ന് കണ്ഠക്ഷോഭം നടത്തും. പക്ഷേ നമ്മുടെ ഉള്ളിലിരിപ്പെന്താണ്. നമ്മളെല്ലാം മാന്യന്മാർ. മറ്റവരൊക്കെ കുറ്റവാളികൾ. ഉന്നത നീതിപീഠങ്ങളിൽ ഇരുന്ന് ന്യായാന്യായങ്ങളെ തലനാരിഴകീറി പരിശോധിക്കുന്ന നിയമജ്ഞന്മാർ മുതൽ, നിയമനിർമ്മാണ സഭകളുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന സമൂഹത്തിലെ അതികായന്മാർവരെ അവരുടെ ഉള്ളിൽ ഒരു കുറ്റവാളിയെ കൊണ്ടുനടക്കുന്നു. ഇതു തെളിയിക്കുന്ന സംഭവവികാസങ്ങളാണ് കുറെക്കാലമായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. സൂര്യനെല്ലി പെൺകുട്ടിയുടെ കേസിൽ കുറ്റാരോപിതരായ സർവ്വ പ്രതികളെയും കുറ്റവിമുക്തരാക്കികൊണ്ടുള്ള ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുകയും കേസിൽ പുനരന്വേഷണം നിർദ്ദേശിക്കുകയും ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി ചില്ലറ കോളിളക്കങ്ങളല്ല നമ്മുടെ മാധ്യമ ലോകത്ത് സൃഷ്ടിച്ചത്. ഇന്ത്യൻ ഭരണകൂടവുമായി അടുത്തുബന്ധപ്പെട്ട പ്രൊഫ. പി. ജെ. കുര്യന്റെ പേര് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതു മുതൽ സൂര്യനെല്ലിപെൺകുട്ടി ബാലവേശ്യ ആയിരുന്നു അവളുമായി ബന്ധപ്പെട്ട പുരുഷൻമാരെ കുറ്റവാളികളായി കാണാൻ ആകില്ല എന്ന ജസ്റ്റിസ് ബസന്തിന്റെ പ്രഖ്യാപനം വരെ നീളുന്നു ഈ വിവാദം.

ലൈംഗിക സംതൃപ്തിക്കു വേണ്ടി ബലാൽസംഗത്തിനു മുതിരുന്ന ഏകജീവി മനുഷ്യൻ മാത്രമായിരിക്കണം. മൃഗങ്ങളുടെ ലോകത്ത് നിയമനിർമ്മാണത്തിനോ നിയമപരിപാലനത്തിനോ പ്രത്യേക സംവിധാനമൊന്നുമില്ലാത്തതിനാൽ ബലാൽസംഗം എന്ന കുറ്റാരോപണം അവർക്കു ബാധകമല്ല. മനുഷ്യൻ രൂപപ്പെടുത്തിയ സാമൂഹ്യ മര്യാദകൾ ഒരേ സമയം മനുഷ്യനെ അവ പാലിക്കുന്നവനായും അതേ സമയം അതു ലംഘിക്കുന്നവനായും രൂപാന്തരപ്പെടുത്തിയിരിക്കുന്നു. ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാക്കപ്പെടുന്നവർ നിയമസഭാ സാമാജികരോ മന്ത്രിമാരോ ലോകസഭാ രാജ്യസഭാ മെമ്പർമാരോ മറ്റ് സമുന്നത പൗരോഹിത്യ പദവികൾ വഹിക്കുന്നവരോ ഒക്കെയാണെങ്കിൽ അവർ ശിക്ഷിക്കപ്പെട്ടുകൂടാ. കാര്യമായ സാമൂഹ്യമാന്യതയൊന്നുമില്ലാത്ത ബസ്‌ കണ്ടക്ടർമാരോ ക്ലീനറൻമാരോ വല്ലതും ആണെങ്കിൽ അവർക്കു തത്ക്ഷണം വധശിക്ഷ. ഇതെന്തൊരു നീതിന്യായ വ്യവസ്ഥ? നീതിയും ന്യായവുമൊക്കെ കേവലം ഏട്ടിലെ പശുക്കളായിരുന്നാൽ മതിയോ? പി.ജെ കുര്യനെ പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കിയേ തീരൂ എന്ന് ശാഠ്യം പിടിച്ച അന്വേഷണ ഉദ്ധ്യോഗസ്ഥനും കുറ്റാരോപിതരായ 35 പേരെയും നിരുപാധികം വെറുതെ വിടുന്ന സ്വന്തം വിധിന്യായത്തിന്റെ പേരിൽ ഈറ്റം കൊള്ളുന്ന ജെസ്റ്റിസ് ബസന്തും സഹന്യായാധിപൻമാരും കുറ്റാരോപിതരായ പ്രതികളുടെ ഒത്താശയോടെ എന്തൊക്കയോ ആനുകൂല്യങ്ങൾ സ്വായത്തമാക്കി എന്ന് വി.എസ് അച്ചുതാനന്ദൻ നടത്തിയ പരസ്യപ്രഖ്യാപനം ഇവിടെയാണ് പ്രസക്തമാകുന്നത്.


Related Articles