ബദൂവിയൻ ഗോത്രസംസ്‌കൃതിയുടെ നീക്കിയിരിപ്പുകളും ഇസ്ലാമിക ഭരണക്രമത്തിന്റെ കാർക്കശ്യവും എണ്ണപ്പണം കൊണ്ടുവന്ന ആധുനികതയുടെ വേഗവും കുടിയേറ്റ സങ്കരസംസ്‌കാരത്തിന്റെ സങ്കീർണ്ണതകളും എല്ലാം ചേരുമ്പോൾ ഉരുത്തിരിയുന്നവയാണ് സൗദി അറേബ്യൻ സ്ത്രീയുടെ സാംസ്‌കാരിക സന്ദിഗ്ദ്ധതകളായി ഇരുപതു വർഷം മുമ്പത്തെ പ്രവാസകാലത്ത് ഈ ലേഖികയ്ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇരുപതു വർഷങ്ങൾകൊണ്ട് ആസുരവേഗത നേടിയ ആധുനികതയും വേരുകൾ പറിഞ്ഞുപോയി നാമാവശേഷമായിരിക്കാവുന്ന ഗോത്രസംസ്‌കൃതിയും ഈ സംഘർഷങ്ങളുടെ ആക്കം കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തിരിക്കുക? മാറ്റം വരാത്ത രാഷ്ട്രീയകാലാവസ്ഥ ഇവയ്ക്കിടയിൽ വിജിഗീഷുവായി നിലനില്ക്കുന്നുമുണ്ടല്ലോ. സമീപ രാഷ്ട്രമായ യു.എ.ഇയിലെ യുവ എഴുത്തുകാരിയായ അസ്മ അൽഅദാവിയുടെ കഥകളിൽ ഇന്നും ആവിഷ്‌കരിക്കപ്പെടുന്നത് ഇത്തരം സാംസ്‌കാരിക സംഘർഷങ്ങൾതന്നെയാണു താനും.
ഇതിനൊക്കെയപ്പുറം അറേബ്യൻ നാടുകളായ ഇറാക്ക്, പലസ്തീൻ, ലെബനോൺ എന്നിവിടങ്ങളിലും, താരതമ്യേന ചുരുങ്ങിയ കാലഘട്ടത്തിലേക്കെങ്കിലും കുവൈറ്റിലും സമീപകാലത്ത് സിറിയയിലും ഈജിപ്തിലും അധിനിവേശത്തിന്റെയും പലായനത്തിന്റെയും തീവ്രാനുഭവങ്ങളുണ്ട്. സ്വേച്ഛാധികാരത്തിന്റെയും കൂട്ടക്കൊലകളുടെയും ചെറുത്തു നില്പുകളുടെയും ഭീകരാവസ്ഥകളുണ്ട്. ഏതു രാഷ്ട്രീയ, സാമൂഹ്യ അവസ്ഥകളിലും ഏറ്റവുമധികം മുറിവേല്ക്കുക സ്ത്രീകൾക്കുതന്നെയാണല്ലോ. അറിയപ്പെടാതെ പോകുന്നു എന്നുള്ളതുകൊണ്ട് ആ അവസ്ഥകളെ അവഗണിക്കാൻ സർഗ്ഗാത്മകതയ്ക്കാവില്ലതന്നെ. കാരണം ആ അവസ്ഥകളെ ഏറ്റവും തീവ്രമായി ആന്തരവത്കരിക്കുന്നവർ കലാകാരന്മാർ തന്നെയാണ്. വർഗ്ഗാത്മകവ്യക്തിത്വം ഒരു സ്ത്രീതന്നെയാകുമ്പോൾ ഈ തീവ്രത ശതഗുണീഭവിക്കുകയാണ്. സ്ത്രീയുടെ അമർത്തപ്പെട്ട വികാരങ്ങളും അമർഷങ്ങളും ലൈംഗികതയും തുറന്നാവിഷ്‌കരിക്കുന്നത് ഒരു സ്ത്രീതന്നെയാകുമ്പോൾ അവൾ ഭരണാധികാരികൾക്കും അവരെ നിയന്ത്രിക്കുന്ന മതനേതൃത്വത്തിനും അനഭിമതയാവുകയാണ്. ഭരണകർത്താക്കളുടെ മനുഷ്യവിരുദ്ധതകൾക്കെതിരെ പ്രതികരിക്കുക കൂടിയാകുമ്പോൾ അവൾ മാതൃരാജ്യത്തുനിന്നുതന്നെ നിഷ്‌കാസിതയായേക്കാം. 'നാല്പത് അറബി പെൺകഥകളു'ടെ(പ്രസാ: ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്) കർത്താക്കളിൽപ്പലരും വധശ്രമങ്ങളെ അതിജീവിച്ചവരും, നാടുകടത്തപ്പെട്ടവരും, അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്യപ്പെട്ടവരും ആയിരിക്കുന്നതും അതുകൊണ്ടാണ്. കഠിനാവസ്ഥകളെ പ്രതീകാത്മകമായി ചിലപ്പോഴൊക്കെ ഹാസ്യരൂപേണയും ചിത്രീകരിക്കുക എന്ന അതിജീവന തന്ത്രം അവരിൽപ്പലരും സ്വായത്തമാക്കിയിരിക്കുന്നു. സർഗ്ഗാത്മകമായ സ്ത്രീ-പുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള ബോധ്യങ്ങളും സ്വാതന്ത്ര്യവാഞ്ഛയും, ശക്തമായ പാരിസ്ഥിതികാവബോധവും ഈ കഠിനജീവിതാവസ്ഥകളിലും അവർ പൊതിഞ്ഞുപിടിച്ചു സൂക്ഷിക്കുകയും ചെയ്യുന്നു.
ഋതുമതിയാവുക എന്നത് ജാള്യത്തോടെയും അപരാധബോധത്തോടെയും ഏറ്റുവാങ്ങേണ്ടിവരുന്ന കൗമാരവും, ബാലികാവിവാഹവും, രണ്ടാംകെട്ടിന്റെയും വിവാഹമോചനത്തിന്റെയും ഭീഷണിയിലുരുകുന്ന കുടുംബജീവിതവും, വിവാഹമോചിതയുടെ തിരസ്‌കൃതജീവിതവും അനാഥരാകുന്ന സന്തതികളുടെ ഭാരവും ഒക്കെ മുസ്ലിം സ്ത്രീ ജീവിതത്തിന്റെ മുഖമുദ്രകളായി ഏറിയും കുറഞ്ഞും രാജ്യാതിർത്തികൾക്കതീതമായി നിലനില്ക്കുന്നുണ്ട്. ഈ സമാഹാരത്തിൽത്തന്നെ സ്ത്രീപക്ഷ രചനയല്ലെന്നു തികച്ചും പറയാവുന്ന കഥയിൽപ്പോലും (സ്വന്തം ശവമടക്കു കണ്ട മനുഷ്യൻ) തങ്ങളുടെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേർന്നിരിക്കുന്നു എന്നു മനസ്സിലാക്കുന്ന രണ്ടു പുരുഷന്മാരും ആദ്യം ചിന്തിക്കുന്നത് ഇപ്പോഴുള്ള ഭാര്യയെയും, കുഞ്ഞുങ്ങളെയും പുരയിലേക്കു തിരിച്ചയച്ച് പുതിയൊരു കിളുന്തു പെണ്ണിനെ സ്വന്തമാക്കാമെന്നാണ്. 'പേടിപ്പെടുത്തുന്ന കടൽ' എന്ന അൾജീരിയൻ കഥയിലാവട്ടെ സപത്‌നീദുഃഖത്താലുരുകുന്ന ചെറുപ്പക്കാരിയായ ആദ്യഭാര്യയുടെ ഒറ്റപ്പെടലിന്റെ തീക്ഷ്ണതയാണ് വിഷയം. കൂടാതെ അറേബ്യൻ സംസ്‌കാരത്തിന്റെ തനിമകളായി ഒട്ടേറെ അമ്പരപ്പിക്കുന്ന പ്രത്യേകതകളും നമുക്കു പല കഥകളിലും കാണാം. മരണവീട്ടിൽ കൂലിക്കു കരയുന്ന പെണ്ണും, വിവാഹവീട്ടിൽ മണിയറയ്ക്ക് പുറത്തു രക്തം പുരണ്ട തൂവാലയ്ക്കുവേണ്ടിയുള്ള കാത്തുനില്പും ഭർത്താവിൽ നിന്നു വിവാഹമോചനം നേടിപ്പോയവൾ തന്റെ പുതിയ സംബന്ധ വീട്ടിലേക്ക് ഭർത്താവറിയാതെ കടത്തിക്കൊണ്ടു പോകുന്ന പേർഷ്യൻ കാർപ്പറ്റും, ഇൻഡോനേഷ്യൻ വേലക്കാരിയുടെ മുറിയിലേക്ക് വീട്ടിലെ പുരുഷന്മാർ ഒളിച്ചും പാത്തും കടക്കുന്നതിനു നിസ്സംഗമായി സാക്ഷ്യം വഹിക്കുന്ന കൗമാരക്കാരിയും വായനക്കാർക്ക് പുതുമകളാവാം. പരിഷ്‌കൃതരായ മക്കളുടെ വീട്ടിലെ കൃത്രിമത്തണുപ്പിൽനിന്നു രക്ഷപ്പെട്ട് മരുഭൂമിയിലെ കൂടാരത്തിലെ ആടുകൾക്കടുത്തേക്ക് രക്ഷപ്പെട്ടോടുന്ന ബദൂവിയൻ കിഴവിത്തള്ളയുടെ അല്പസ്വല്പം വ്യത്യസ്തമായ പതിപ്പുകൾ നാം പരിചയപ്പെട്ടിട്ടുണ്ടാകാമെങ്കിലും. ഇവയ്‌ക്കൊക്കെയപ്പുറം, യുദ്ധവും അധിനിവേശങ്ങളും കൊണ്ടുവരുന്ന അനാഥത്വത്തിനും അന്യവത്കരണങ്ങൾക്കപ്പുറം ചാരം മൂടിക്കിടക്കിടന്ന രത്‌നക്കല്ലുകളുടെ ഒളിമിന്നൽപോലെ സ്വതന്ത്രസ്ത്രീസ്വത്വചിത്രങ്ങൾ പല കഥകളിലൂടെയും നമ്മെ ആഹ്ലാദിപ്പിക്കുന്നു.
