മഠരഹിതമായ അഞ്ച് വർഷങ്ങൾ

Gender

മഠരഹിതമായ അഞ്ച് വർഷങ്ങൾ


2013 ആഗസ്റ്റ് 31-ന് എനിക്ക് അഞ്ചു വയസ്സു തികയുന്നു. പുതിയ ജന്മത്തിലെ പ്രായമാണിത്. അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന പക്ഷിയുടെ സ്വാതന്ത്ര്യമനുഭവിക്കുന്ന കാലം. ആകാശത്തിലെ പറവകൾ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ലെങ്കിലും സ്രഷ്ടാവ് പരിപാലിക്കുമെന്ന ഉത്തമവിശ്വാസത്തിലുള്ള ജീവിതശൈലി ഇതിനോടകം ഞാൻ സ്വന്തമാക്കിയിരിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം ആസ്വദിക്കാൻ പുതുജന്മം വഴിവെച്ചിരിക്കുന്നതിൽ ദൈവം തമ്പുരാന് നന്ദി. ഇക്കാലയളവിൽ മനസ്സാക്ഷി മന്ത്രിച്ചതും അനുഭവങ്ങൾ പഠിപ്പിച്ചതുമായ ചില കണ്ടെത്തലുകൾ ഇവിടെ രേഖപ്പെടുത്താൻ ഉദ്യമിക്കുകയാണ്.

ഉറക്കത്തിൽ കാണുന്ന ഹ്രസ്വമോ ദീർഘമോ ആയ സ്വപ്നങ്ങളിലെല്ലാം ഞാൻ കന്യാസ്ത്രീകൾക്കൊപ്പം മഠത്തിനുള്ളിൽ പ്രവർത്തനനിരതയായിട്ടാണ് കാണപ്പെടുന്നത്. മഠംവിട്ട് സ്വതന്ത്രയായവളാണ് ഞാൻ എന്ന ഉൾബോധം അവരോടൊപ്പമുള്ള സ്വപ്നപശ്ചാത്തലത്തിൽ ഉണ്ടെന്നത് വ്യക്തം. അവരുടെ ഭയവും അസ്വസ്ഥതയും നിരാശയും തിക്കും തിരക്കും നിറഞ്ഞ അനുദിനജീവിതരംഗങ്ങളിൽ അവരോടൊപ്പം ഞാനുമുണ്ട്. സിസ്റ്റേഴ്‌സിന്റെ സ്‌നേഹവും പരിഗണനയും സ്വപ്നത്തിൽ ഞാനനുഭവിക്കുന്നുണ്ടെങ്കിലും അവരോടുള്ള സഹതാപം എന്നിൽ ഉണർന്നുനിന്നിരുന്നു. വില്യം വേഡ്‌സ്‌വേർത് എന്ന ആംഗലേയ കവി ''ടിൻഡേൺ ഏബ്ബി'' (Tintern Abbey) എന്ന പ്രസിദ്ധ കവിതയിൽ പ്രസ്താവിച്ചതുപോലെ പഴയ ജന്മചിന്തകൾ എന്നിൽ രൂഢമൂലമായുണ്ടെന്നത് ഞാൻ തിരിച്ചറിയുന്നു, ഇന്നും.

സിസ്റ്റർ ജെസ്മി
സിസ്റ്റർ ജെസ്മി

Related Articles