ഒരുതരത്തിൽ തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് എസ്.എഫ്.ഐ.യുടെ കണ്ണൂർ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവേ സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ.യുടെ പഠിപ്പുമുടക്കൽസമരവിരോധപ്രസംഗം. ഇനി പഠിച്ചുകൊണ്ടുള്ള സമരമാണ് വേണ്ടത് എന്ന ഈ നിലപാടിനെ എസ്.എഫ്.ഐ.യുടെ ദേശീയനേതൃത്വം ഏറക്കുറെ മുഴുവനായും പിന്തുണയ്ക്കുന്നത് തൊട്ടടുത്തദിവസവും കണ്ടു. മാർക്‌സിസ്റ്റ് പാർട്ടിയെ ഉന്നംവെച്ചുകൊണ്ടുള്ള ചില ചർച്ചകൾക്കപ്പുറം ഈ പ്രസ്താവനകൾ കേരള സമൂഹത്തിൽ ചലനം ഉണ്ടാക്കിയില്ല. ഇനി സമരം ഇല്ലല്ലോ എന്ന 'ആശ്വാസം' സ്‌കൂളുകളിൽനിന്നും കോളജുകളിൽനിന്നും ഉയർന്നിട്ടുണ്ടാകാം. ഇതിനപ്പുറം ആ വേദികളിൽനിന്നും ഒന്നും ഉണ്ടായില്ല. സമരത്തെ വെറുക്കുകയും ചെറുക്കുകയും സമരസപ്പെടലിനെ ജീവിതശൈലിയാക്കുകയും ചെയ്യുന്ന മധ്യവർഗ്ഗകേരളത്തിൽനിന്ന് ഇതിൽക്കൂടുതൽ ഉണ്ടാവുമെന്ന് കരുതുന്നതും തെറ്റ്. ഈ കുറിപ്പെഴുതുന്ന ജൂലൈ 19 ആവുമ്പോഴേക്കും ചർച്ച നിലയ്ക്കുകയും 'സമൂഹം' അടുത്ത വിവാദത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ വിട്ടുകളയാവുന്നതാണോ ആ വിഷയം?
ഒന്ന്
സമരം എന്നത് കേരള ഭാഷാപ്രയോഗചരിത്രത്തിൽ പഴയ വാക്കല്ല. ലഹള (ജഗള), കലാപം തുടങ്ങിയ വാക്കുകൾ പണ്ടേയുണ്ട്. 'സമരം' അത്ര പഴയതല്ല. ഭൂരിപക്ഷം മലയാളികൾക്കും സമരം നിഷേധാത്മകമായ (negative‑) ഒരു വാക്കായിത്തീർന്നത് എപ്പോഴാണ്? പഠിപ്പുമുടക്ക് സമരം ഇല്ലാതാവണം എന്ന പ്രസ്താവനയെ സസന്തോഷം സ്വീകരിച്ചവരുടെ മനോഗതിയെന്താണ്? സി.പി.ഐ.എം. കേരളത്തിലെ ഏറ്റവും പ്രബലമായ സമരസംഘടനയാണ്. ആ നിലയ്ക്ക് സമരരഹിതകാലത്തിന്റെ ആദ്യസൂചനയായിത്തന്നെ കണ്ണൂർ പ്രസ്താവനയെ കാണണം എന്ന് കരുതുന്നവർ കുറേയുണ്ട്. അവർ എത്തരക്കാരാണ്?
