അക്കാദമികതയുടെ  അഴുക്കുചാലുകൾ

Education

അക്കാദമികതയുടെ അഴുക്കുചാലുകൾ


കേരളത്തിൽ ഒരു കാലത്തു നിലനിന്നിരുന്ന ഗുരുകുലവിദ്യാഭ്യാസത്തിന്റെ രീതികളെക്കുറിച്ച് 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന കൃതിയിൽ പി. ഭാസ്‌കരനുണ്ണി എഴുതുന്നുണ്ട്. ഗുരു എഴുത്തുപള്ളിയിൽ കടക്കുമ്പോൾ കുട്ടികൾ എത്രയും വിനയത്തോടും ബഹുമാനത്തോടും കൂടി അദ്ദേഹത്തെ ചെന്നു സ്വീകരിക്കണം. നമസ്‌കരിച്ചിട്ട് വലതുകൈകൊണ്ട് വായപൊത്തി, സംസാരിക്കുന്നതിന് അനുവദിക്കുന്നതുവരെ മിണ്ടാതെ നിൽക്കും. ഗുരുവിന്റെ ആജ്ഞയ്ക്കു വിപരീതമായി സംസാരിക്കുകയോ, പിറുപിറുക്കുകയോപോലും ചെയ്യുന്ന കുട്ടികളെ സ്ഥാപനത്തിൽ നിന്നു പുറത്താക്കിക്കളയും. കുട്ടികൾ എത്രയും വണക്കത്തോടെ ഗുരുവിന്റെ ആജ്ഞകളെ അല്പം പോലും ലംഘിക്കാതെ അനുസരിക്കുന്നു. ഇതിപ്പോൾ ഇവിടെ സൂചിപ്പിക്കുന്നത്, കേരളത്തിലെ ചില സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടപ്പാക്കിവരുന്ന അച്ചടക്കനടപടികളെ കുറിച്ചുള്ള പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്.

അദ്ധ്യാപകരുടെ മനുഷ്യത്വരഹിതമായ പീഡനങ്ങളുടെ പരമ്പരകളാണ് ദിവസംതോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വാശ്രയ സ്ഥാപനമായ തൃശൂർ പാമ്പാടി നെഹ്രു കോളജിലെ ജിഷ്ണുപ്രണോയ് എന്ന വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സമാനസ്വഭാവമുള്ള എത്രയനുഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരദ്ധ്യാപകനോ അദ്ധ്യാപികയോ ചെയ്ത ക്രൂരത അധ്യാപകസമൂഹത്തിന്റെ മുഴുവൻ തലയിൽ കെട്ടി വെക്കാനോ സാമാന്യവത്കരിക്കാനോ ആവില്ല. പക്ഷേ, അവ തുടരെത്തുടരെ സംഭവിക്കുമ്പോൾ അത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏതോ മാരകമായ രോഗത്തിന്റെ ലക്ഷണമായിക്കാണുകയും ചികിത്സാമാർഗ്ഗങ്ങൾ ആരായുകയും വേണം. പ്രാകൃതമായ രീതിയിൽ കുട്ടികളോടു പെരുമാറുന്ന വിദ്യാലയാധികൃതരുടെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവങ്ങളല്ലാതാകുന്ന സാഹചര്യത്തെ വളരെ ഗുരുതരമായ സാമൂഹികപ്രശ്‌നമായി തിരിച്ചറിഞ്ഞ് പരിഹാരം കാണുവാനുള്ള ജാഗ്രത സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയും വേണം. രക്ഷിതാക്കൾ ഓരോ കുട്ടിയേയും വിദ്യാഭ്യാസത്തിനയക്കുന്നത്, ആ സ്ഥാപനം തങ്ങളുടെ കുട്ടിയെ കൂടുതൽ മിടുക്കനോ മിടുക്കിയോ ആക്കി തിരിയെ തരും എന്ന വിശ്വാസത്തിലാണ്; തങ്ങൾക്കുള്ളതെല്ലാം വിറ്റും പെറുക്കിയും അവരതു ചെയ്യുന്നത് പല തരം വാഗ്ദാനങ്ങളെ വിശ്വസിച്ചിട്ടാണ്. ഒടുവിലൊരു ദിവസം തങ്ങളുടെ ജീവിതസ്വപ്നങ്ങളെയൊന്നാകെ വെള്ളത്തുണിക്കെട്ടിൽ പൊതിഞ്ഞ് തിരിയെ വീട്ടിലെത്തിക്കുവാനല്ല. അദ്ധ്യാപകർ കുട്ടികളുടെ ആത്മീയസുഹൃത്തുകൂടി ആയിരിക്കേണ്ടതുണ്ട്. നല്ല അധ്യാപകരുടെ ആത്മാർപ്പണത്തിലൂടെ കുട്ടിയുടെ നിഷേധാത്മകതയും ആത്മവിശ്വാസക്കുറവും അലിഞ്ഞു പോകണം.

ശേഷയ്യർ പരമ്പര


Related Articles