ഉണ്ണി കാർത്തികേയൻ എന്നൊരു കൂട്ടുകാരനുണ്ടെനിക്ക്. കുമരകംകാരനാണ്. പണ്ടയാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിൽ ഗസ്റ്റ് അധ്യാപകനായിരുന്നു. സുഹൃത്തും സഹോദരനുമായ തോമസ് പാട്രിക് എന്ന അധ്യാപകൻവഴിയാണ് അക്കാലത്ത് ഉണ്ണിയെ പരിചയപ്പെട്ടത്. സിനിമയും പാട്ടുമൊക്കെ ഇഷ്ടമുള്ള ഒരു വാധ്യാരെന്ന നിലയിൽ ഇടയ്ക്ക് വർത്തമാനം പറഞ്ഞുപറഞ്ഞ് ഞങ്ങൾ വലിയ കൂട്ടുകാരായിമാറുകയായിരുന്നു.
പത്മരാജൻ പടത്തിലെ "ആകാശമാകെ" പാട്ട് കേൾക്കണമെന്നുതോന്നിയാൽ ഏതു പാതിരാത്രിയിലും ഉണ്ണി കാർത്തികേയനെ ഫോണിൽവിളിക്കുക എന്നതാണ് ആചാരം. ഏതുനേരത്തും ഏതുകാലത്തും ഏതു ദേശത്തും ഏതവസ്ഥയിലും നിന്ന് ഉണ്ണി നമ്മൾ പറയുന്ന ഏതുപാട്ടും പാടിത്തരും. സിനിമയിൽ ക്ലച്ച് പിടിക്കാമെന്ന ധാരണയിൽ നാട്ടിൽത്തന്നെ കടിച്ചുതൂങ്ങിക്കിടന്നിരുന്നതാണ് ഉണ്ണി. സിനിമയിൽ ക്ലച്ച് എന്നുമാത്രമല്ല ആക്സിലേറ്ററും ബെല്ലും ബ്രേക്കുമൊന്നും പിടിച്ചാൽ പിടിച്ചിടത്ത് കിട്ടണമെന്നില്ലെന്നുമനസ്സിലായപ്പോൾ അവൻ നാടുവിട്ട് അയർലന്റിലേക്ക് പറന്നു.
പക്ഷേ, ഉണ്ണി എന്നാൽ കുമരകമാണ്. എനിക്ക് കുമരകമെന്നാൽ ഉണ്ണിയും. കുമരകത്തെയും കുമരകംകാരെയും കുറിച്ച് അയാൾ എഴുതിയപോലെ മറ്റാരും എഴുതിയിട്ടുണ്ടാവില്ല.
