നഗ്നപാദനായ് മഹാനഗരിയില്‍..!

Column

നഗ്നപാദനായ് മഹാനഗരിയില്‍..!


ബോംബെ എന്ന മഹാനഗരിയെക്കുറിച്ച് എന്നാണ് ആദ്യമായി കേള്‍ക്കുന്നത്? ഒരു പക്ഷേ കടുത്ത സച്ചിന്‍ ഫാനായി ജ്ഞാനസ്നാനം ചെയ്ത തൊണ്ണൂറുകളുടെ ആദ്യകാലത്താണെന്ന് തോന്നുന്നു. പത്രം പുറകില്‍ നിന്ന് വായിച്ച് തുടങ്ങിയ കാലം. സച്ചിന്‍ എന്ന പേരിന്റെ കൂടെയുള്ള എന്തും തിരഞ്ഞു പോയി വായിക്കാനും അറിയാനും ശ്രമിക്കുന്ന ഒരു കാലമായിരുന്നു അത്. ബോംബെയിലെ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയവും, ഒരു വലിയ മൈതാനത്തെ പല ചെറിയ ഭാഗങ്ങളായി തിരിച്ച് ഒരേ സമയം അഞ്ചെട്ട് ടീമുകള്‍ ക്രിക്കറ്റ് കളിക്കുന്ന മൈദാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളും വിക്ടോറിയ ടെര്‍മിനസും, ഗേറ്റ് വേ ഓഫ് ഇന്ത്യയും, ബോംബെ സബര്‍ബന്‍ റെയില്‍വേയും ഒക്കെ സച്ചിനെ അന്വേഷിച്ചുള്ള യാത്രയിലാണ് ആദ്യം അറിഞ്ഞത്.

1995-ല്‍ മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന സിനിമയും ആ നഗരത്തെയും അവിടെ നടന്ന കലാപങ്ങളെയും കുറിച്ച് പറഞ്ഞു തന്നു. ഏതാണ്ട് തൊണ്ണൂറുകളുടെ പകുതിയോടെ തന്നെയാണ് ബോംബെ എന്ന പേര് മുംബൈ ആകുന്നതും വിക്ടോറിയ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ ഛത്രപതി ശിവജി ടെര്‍മിനസ് (മുംബൈ സിഎസ്ടി) ആയി മാറുന്നതും ഒക്കെ പത്രങ്ങളിലൂടെ ഒക്കെ അറിയുന്നുണ്ടായിരുന്നു. ദൂരദര്‍ശന്‍ കാഴ്ചകളില്‍ സച്ചിനൊപ്പം ഇഷ്ടപ്പെട്ട ഹിന്ദി സിനിമയിലെ മലയാള സിനിമയിലെയും ഈ 'അധോലോക' നഗരത്തെക്കുറിച്ച് ഞങ്ങളുടെ കുട്ടിക്കാലത്ത് ഒട്ടേറെ നിറം പിടിപ്പിച്ച കഥകളുണ്ടായിരുന്നു.

സിനിമയും ക്രിക്കറ്റും ഒക്കെ കടന്ന് പത്രങ്ങളും പുസ്തകങ്ങളും ഒക്കെ ഗൗരവമായി വായിച്ചു തുടങ്ങിയപ്പോള്‍ മുംബൈ നഗരം കൂടുതല്‍ യഥാര്‍ത്ഥ്യത്തോടെ മുന്നില്‍ തെളിഞ്ഞു വന്നു. പലപ്പോഴും ജയന്തി ജനത ട്രെയിന്‍ കാണുമ്പോഴൊക്കെ മുംബൈയിലേക്കുള്ള യാത്ര സാധ്യമാകാത്തതിന്റെ നിരാശ ഇങ്ങനെ പൊന്തിവരുമായിരുന്നു (ജയന്തി ജനത ഇപ്പോള്‍ പൂനെ വരെയുള്ളൂ. അവിടെ നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ ദൂരമുണ്ട് മുംബൈ നഗരത്തിലേക്ക്). ഏതായാലും കാത്ത് കാത്തിരുന്നു മുംബൈ നഗരത്തില്‍ എത്തുന്നത് 2015-ലാണ്. അനിയത്തിയെയുംകൊണ്ട് ബോംബെ ഐഐടിയില്‍ ഇന്റര്‍വ്യൂവിന് പോകാനെന്ന വ്യാജേന മുംബൈ നഗരം കറങ്ങാനുള്ള ഉദ്ദേശത്തോടെ ട്രെയിന്‍ ബുക്ക് ചെയ്തു.


Related Articles