'തീവണ്ടി കഥകള്‍' എന്ന പേരില്‍ ഒരു പരമ്പര തുടങ്ങുകയാണ്. അടുക്കും ചിട്ടയും ഈ പരമ്പരയില്‍ പ്രതീക്ഷിക്കരുത്. ലക്കും ലഗാനുമില്ലാതെയായിരിക്കും ഇതിന്റെ യാത്ര. തീവണ്ടി യാത്രകളിലുണ്ടായ അനുഭവങ്ങള്‍, അത് തീവണ്ടിക്കകത്താകാം പുറത്താകാം ചിലപ്പോള്‍ തീവണ്ടിയുമായി നേരിയ ബന്ധം മാത്രമാകാം. അതാണ് ഈ കഥകള്‍. അതുമാത്രമല്ല, ചിലപ്പോള്‍ മനസ്സിനുള്ളിലുള്ളതും പുറത്തുമുള്ളതുമായ കാര്യങ്ങളും ഉണ്ടാവാം. വ്യക്തിപരമായ കാഴ്ചപ്പാടുകളായിരിക്കും പലപ്പോഴും ഈ അനുഭവകഥകളില്‍ യാത്ര ചെയ്യുമ്പോള്‍ കാണുക.
ട്രെയിന്‍ യാത്രകളില്‍ സീറ്റിലിരുന്നു കൂനിപ്പിടിച്ച് എഴുതുമ്പോള്‍ വാക്കുകള്‍ ഒരിക്കലും മുട്ടിനില്‍ക്കാറില്ല. അതിങ്ങനെ ഒഴുകി വരും. അതുകൊണ്ടു തന്നെ ഒറ്റയ്ക്കുള്ള ട്രെയിന്‍ യാത്രകളില്‍ എഴുതിവെച്ച പല കുറിപ്പുകളുമുണ്ട്. തീവണ്ടി കഥകളില്‍ വരുന്ന ചിലതൊക്കെ അത്തരം ഏതോ യാത്രകളില്‍ എഴുതിയ കുറിപ്പുകളാണ്. ചില കുറിപ്പുകള്‍ പിന്നീട് എപ്പോഴോ എഡിറ്റ് ചെയ്ത് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.
യാത്രകള്‍ എന്നോ സിരകളില്‍ പടര്‍ന്നാണ്. എന്നാണ് എപ്പോഴാണ് എന്നൊന്നുമറിയില്ല. ഒരുപക്ഷേ, സിആര്‍പിഎഫ്-കാരനായ അച്ഛനൊപ്പം ജമ്മു കശ്മീരും, അംമ്പാലയും, ഡല്‍ഹിയും, കല്‍ക്കട്ടയും (കൊല്‍ക്കത്ത), ത്രിപുരയും ഒക്കെ യാത്ര ചെയ്തിട്ടുള്ള അമ്മയുടെ കഥകളില്‍ നിന്നാകാം യാത്രകളോട് അടങ്ങാത്ത അഭിനിവേശമുണ്ടായത്. ഇത് ഒരു ഭ്രാന്തായി മാറിയപ്പോഴാണ്, വലിയ മുന്നൊരുക്കങ്ങള്‍ ഒന്നും കൂടാതെ 2017 ഒക്ടോബറില്‍ ഇന്ത്യ കാണാനായി തനിയെ പുറപ്പെട്ടത്. ഒടുവില്‍ ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡുകളും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ഒന്ന് ഓടിച്ച് കണ്ട് തിരിച്ച് എത്തിയത് 2018 ഏപ്രില്‍ അവസാനത്തോടെയാണ്.
