ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) എന്ന് ഔദ്യോഗികമായും ഛത്രപതി ശിവജി ടെര്‍മിനസ് (CST) എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന, പലരും മുംബൈ സിഎസ്ടി എന്ന് വിളിക്കുന്ന ഈ റെയില്‍വേ സ്റ്റേഷന് ഒന്നേകാല്‍ നൂറ്റാണ്ടിന് മേല്‍ പഴക്കമുണ്ട്. അതിഗംഭീരമായ വാസ്തുചാതുര്യം കൊണ്ടും ചരിത്രകഥകള്‍ കൊണ്ടും അമ്പരപ്പിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷനാണ് മുംബൈ സിഎസ്ടി. യഥാര്‍ത്ഥത്തില്‍ ഈ സ്റ്റേഷന് ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിതുടങ്ങിയ കാലം മുതലുള്ള കഥകള്‍ പറയാനുണ്ട്.
മുംബൈ സിഎസ്ടിയിലെ ആ സിമന്റ് ബെഞ്ചിലെ ഇരുപ്പില്‍ നിന്ന് പതിയെ കാലുകള്‍ തനിയെ ചലിച്ച് ഉള്ളിലേക്ക് കടന്നു. അകത്തേക്ക് നടക്കുന്തോറും, 'ഇതെന്താ വല്ല കൊട്ടാരത്തിലേക്കും കയറി പോകുവാണോ?' എന്ന സംശയം പിടികൂടിയെങ്കിലും മുമ്പ് പറഞ്ഞ സമ്പന്നമായ ചരിത്രമാണ് ഈ കെട്ടിടത്തിന്റെ വാസ്തു ഘടനയില്‍ മറഞ്ഞിരിക്കുന്നതെന്ന ബോധം വന്നു. പുസ്തകങ്ങളില്‍ നിന്ന് വായിച്ചതും പലരില്‍ നിന്ന് അറിഞ്ഞതുമായ ആ ചരിത്രങ്ങള്‍ ഇങ്ങനെ മനസ്സിലൂടെ ചൂളം വിളിച്ച് ഓടിപ്പോയി.
മിക്കവരും കേട്ടിട്ടുണ്ടാവുക ഇന്നത്തെ മുംബൈ സിഎസ്ടി, 1887-ല്‍ നിര്‍മ്മിച്ച സ്റ്റേഷനാണെന്നാകും. സാങ്കേതികമായി പറഞ്ഞാല്‍ അതില്‍ അല്പം തെറ്റുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ന് കാണുന്ന പ്രധാന കെട്ടിടത്തിന്റെ ഭാഗങ്ങളുടെ പണി ആരംഭിക്കുന്നത് 1877-78 കാലഘട്ടത്തിലാണെന്നാണ് ബ്രട്ടീഷ് റെക്കോര്‍ഡുകള്‍ അവകാശപ്പെടുന്നത്. സ്വിഡീഷ് ചിത്രകാരനും വാസ്തുശില്പിയുമായ ആക്‌സല്‍ ഹെയ്ഗിന്‍ നല്‍കിയ ചെറിയ ഒരു രൂപകല്‍പ്പനയില്‍ നിന്നും ബ്രിട്ടീഷ് ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍ ഫ്രെഡറിക് വില്യം സ്റ്റീവന്‍സാണ് ഈ ടെര്‍മിനസ് ഇന്ന് കാണുന്ന രീതിയിലുള്ള വാസ്തു ഘടനയില്‍ വികസിപ്പിച്ചത്.
