''ബാലി ത്യാങ് പാമിത്''

Column

''ബാലി ത്യാങ് പാമിത്''


2024 മേയ് 15. ഞങ്ങള്‍ ബാലിയോട് വിട പറയുന്ന ദിവസമാണ്. ഉച്ചയ്ക്കു മുമ്പ് പത്തുമണിയോടെ എയര്‍പോര്‍ട്ടിലേക്ക് പോകണം. അതുവരെ തന്നിഷ്ടമാണ് കാര്യങ്ങള്‍. ഒന്നുകില്‍ പ്രഭാത ഭക്ഷണം കഴിച്ച് ഹോട്ടലില്‍ വിശ്രമമെടുക്കാം. അല്ലെങ്കില്‍ കുട്ട ബീച്ചിലോ പരിസര പ്രദേശങ്ങളിലോ കറങ്ങിയിട്ടു വരാം. കുട്ട ബീച്ച് ബാലിയിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ്. താമസ സ്ഥലത്തിന്റെ തൊട്ടടുത്തായതിനാലാവാം ട്രാവല്‍ ഏജന്‍സി അത് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഞങ്ങളില്‍ ഉത്സാഹികളായ പലരും ദിവസേനയുള്ള യാത്രകള്‍ക്കു മുമ്പോ പിമ്പോ കുട്ട ബീച്ചില്‍ പലപല സഞ്ചാരങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ പോകാത്ത ഞാനുള്‍പ്പെടെ നാലുപേര്‍ പ്രഭാതസവാരി കുട്ട കടപ്പുറത്താക്കാന്‍ ഇന്നലെത്തന്നെ ഉറപ്പിച്ചതാണ്.

പ്രഭാത കിരണമേറ്റ് വര്‍ണ്ണാഭമായ കടല്‍ക്കര നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുകയാണ്. അതിലൊരുഭാഗമായ ജര്‍മന്‍ ബീച്ചിലുള്ള സമുദ്ര ദേവന്റെ ബൃഹത് ശില്പം അത്യാകര്‍ഷകമാണ്. അനേകഫണങ്ങളുള്ള സര്‍പ്പ ശിരസ്സില്‍ ശയിക്കുന്ന കാണ്ടാമൃഗം പോലുള്ള മറ്റൊരു ജീവിയുടെ മുകളില്‍ കയ്യിലൊരു കുന്തവുമായി നമ്മുടെ വരുണ ഭഗവാന്‍ അതിഭീകര രൂപിയായി നിലകൊള്ളുന്നു. ഇരുവശത്തും ഓരോ ജലദേവതമാരുണ്ട്. അവര്‍ നില്‍ക്കുന്നതും ഒരോ വ്യാളികളുടെ മുകളിലായിട്ടാണ്. വേലിയിറക്കമായതിനാല്‍ ശില്പം സ്ഥാപിച്ചിരിക്കുന്ന കല്‍ത്തറയും മറ്റും കാണാനാകുന്നുണ്ട്. വേലിയേറ്റ സമയത്ത് കല്‍ക്കെട്ടുകള്‍ മറഞ്ഞ് കടല്‍ത്തിരകള്‍ക്കു മീതെ ആ ശില്പം കൂടുതല്‍ ആകര്‍ഷകമാകും.

മണല്‍പ്പരപ്പിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ആളുകള്‍ വ്യായാമം ലാക്കാക്കി നടക്കുകയും ഓടുകയും ചെയ്യുന്നുണ്ട്. അതല്ലാതെ അധികമാളുകളെയൊന്നും ആ തീരഭൂമിയില്‍ കാണാനില്ല. മണലില്‍ വീണുകിടക്കുന്ന സിഗരറ്റ് കുറ്റികള്‍ ഉള്‍പ്പെടെയുള്ളവ ഒരാള്‍ അക്ഷരാര്‍ത്ഥത്തില്‍ അരിച്ചു പെറുക്കുന്നുണ്ട്. അതിനു വേണ്ടി കമ്പി വല കൊണ്ടുണ്ടാക്കിയ കൈ പിടിയുള്ള ഒരു കുട്ടയാണ് അയാള്‍ ഉപയോഗിക്കുന്നത്. ബീച്ചിനു സമീപമുള്ള ഹോട്ടലുകാരാണ് ഇപ്രകാരമുള്ള ശുചീകരണ വേലയ്ക്ക് ആളുകളെ നിയോഗിക്കുന്നത്. കടല്‍ക്കരയെത്തുന്ന സഞ്ചാരികള്‍ക്ക് കടല്‍ത്തിരകള്‍ക്കഭിമുഖമായി കിടക്കാനും ഒപ്പം മസാജിംഗിനും മറ്റും നീളന്‍ ചാരുകസേരകള്‍ നിരനിരയായി കിടക്കുന്നുണ്ട്. അതൊക്കെ രാവിലെ ബന്ധപ്പെട്ടവര്‍ തുടച്ചു വൃത്തിയാക്കുകയാണ്. തീരക്കടലില്‍ അങ്ങിങ്ങ് വിവിധ തരത്തിലുള്ള ഏതാനും കളിവഞ്ചികള്‍ ജലോപരി ചാഞ്ചാടി നില്ക്കുന്നു. അങ്ങനെ സഞ്ചാരികളെ സ്വീകരിക്കാനും സുഖിപ്പിക്കാനും കുട്ട ബീച്ച് ആകപ്പാടെ തയ്യാറെടുക്കുകയാണ്.


Related Articles