മടക്കയാത്രയില്‍ മലയോരത്ത് ബഡുഗുല്‍ വില്ലേജിലെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റിലായിരുന്നു ഉച്ച ഭക്ഷണം. വാറുങ് ആനന്ദബോഗ (Warung Anantaboga) എന്നാണ് ആ റസ്റ്റോറന്റിന്റെ പേര്. ഇന്തോനേഷ്യയില്‍ വ്യക്തികളോ കുടുബക്കാരോ ചെറിയ തോതില്‍ നടത്തുന്ന കച്ചവട സ്ഥാപന ങ്ങളാണ് 'വാറുങ്'. മിക്കവാറും ചായക്കടകളാണ് അപ്പേരില്‍ അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്നതുപോലെ ചില്ലലമാരയില്‍ പലഹാരങ്ങള്‍ നിറച്ച ചെറു പീടികകള്‍ ബാലിയിലെ ഗ്രാമങ്ങളില്‍ എമ്പാടും കാണാനുണ്ട്. എന്നാല്‍ ആനന്ദബോഗ വെറുമൊരു കഫേ ആയിരുന്നില്ല. വലിയൊരു റസ്റ്റോറന്റ് തന്നെയാണ്. പ്രധാന കെട്ടിടത്തിന്റെ അങ്കണത്തില്‍ ഒറ്റനിര മേരുക്കള്‍ പോലെ ഇരുവശത്തും രണ്ടു വരിയായി ഒറ്റമുറി കെട്ടിടങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. ഓരോ മുറികളിലും പത്തു പന്ത്രണ്ട് ആളുകള്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് അവിടെ ഭക്ഷണം കഴിക്കാന്‍ ചെറു ടീമുകളെ കൂടാതെ മുംബൈക്കാരുടെ അമ്പത്താറു പേരടങ്ങുന്ന ഒരു സംഘത്തെയും കണ്ടു. അവരെല്ലാം ബന്ധുജനങ്ങളായിരുന്നു. ബാലിയില്‍ ടൂറിനായി എത്തിയ അവര്‍ രണ്ടു ബസ്സുകളിലായിട്ടാണ് സഞ്ചരിക്കുന്നത്.
കേരളീയര്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലുള്ളവരും മുന്‍കാലത്തെ അപേക്ഷിച്ച് രാജ്യാന്തര യാത്രകള്‍ ചെയ്യുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. പണ്ടൊക്കെ അങ്ങനെ യാത്ര ചെയ്തിരുന്നവര്‍ വെള്ളക്കാര്‍ വിശേഷിച്ച് യൂറോപ്യന്‍സ് ആയിരുന്നു. അന്ന് നമ്മള്‍ ഭാരതീയര്‍ക്ക് ഇങ്ങനെയൊക്കെ യാത്ര ചെയ്യാന്‍ പാങ്ങുണ്ടായിരുന്നോ? അന്നത്തിനു വേണ്ടി പാടുപെടുന്ന ഒരു ജനത യാത്രകളെക്കുറിച്ച് എങ്ങനെ സ്വപ്നം കാണാനാണ്?
എന്റെ ചെറുപ്പകാലത്ത് വിനോദയാത്ര പോകുന്നത് വിദ്യാലയങ്ങളില്‍ നിന്നുമാത്രമാണ്. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയ്ക്കു മുമ്പായി മിക്ക സ്‌കൂളുകളിലും അത്തരം യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക ക്ലേശമില്ലാത്ത കുട്ടികളാണ് മിക്കവാറും അതില്‍ പങ്കെടുത്തിരുന്നത്. ഇരുന്നൂറോളം കുട്ടികള്‍ ഉണ്ടായിരുന്ന എന്റെ എസ്എസ്എല്‍സി ബാച്ചില്‍ ഒരു ബസ്സില്‍ കൊള്ളാവുന്ന നാല്പതുപേര്‍ക്കാണ് അതിനുള്ള ഭാഗ്യമുണ്ടായത്. തിരുവനന്തപുരം- കന്യാകുമാരി ടൂറായിരുന്നു അത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും കാഴ്ചബംഗ്ലാവും; കന്യാകുമാരിയില്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്‍ഡ്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന മുനമ്പും കടലിലെ വിവേകാനന്ദപ്പാറയും. അക്കാലത്ത് മധ്യകേരളത്തില്‍ മിക്കവാറും സ്‌കൂളുകളിലെ വിനോദയാത്രകളും ഈ 'തിരുവനന്തപുരം-കന്യാകുമാരി' തന്നെ ആയിരുന്നു. എന്നാല്‍ എന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിനോദ യാത്രകളിലൊന്നും ഞാന്‍ ഭാഗഭാക്കായില്ല. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി നിശ്ചയമുണ്ടായിരുന്നതു കൊണ്ട് ടൂര്‍ പ്രോഗ്രാമുകളെക്കുറിച്ച് വീട്ടില്‍ പറയാന്‍ പോലും ഞാന്‍ തുനിഞ്ഞിട്ടില്ല.
