ഡിഗ്രിക്കാലത്തെ സുന്ദരമാക്കിയതിലും അതിലേറെ പൊട്ടിച്ചിരികളാൽ സമ്പന്നമാക്കിയതിലും സുന്ദരൻ എന്ന് പേരുള്ള സുഹൃത്തിൻ്റെ പങ്ക് ചെറുതല്ല. ഇപ്പോൾ കരസേനയിൽ കാശ്മീരിൽ ജോലി ചെയ്യുന്ന സുന്ദരൻ പഠനകാലത്തുതന്നെ ഉറച്ച ശരീരവും കരുത്തും കൈമുതലായുള്ളവനായിരുന്നു.
നിനക്ക് ആരാടാ ഈ പേരിട്ടത് ?
അവൻ പേര് പറയുമ്പോൾ തന്നെ എല്ലാവരും തമാശയായി ചോദിക്കാറുണ്ട്. എന്നാൽ അത്തരം ചോദ്യങ്ങളെല്ലാം ഒരു പാറയിൽ കല്ലെറിയുന്നതുപോലെ അശക്തമാണ്. പരിഹസിച്ചവർ തളർന്നു പോകുന്ന മനക്കരുത്താണ് അവൻ്റെ ബലം. ക്യാമ്പസ് യൂണിയന്റെയും കോളേജിന്റെയും എല്ലാ പരിപാടികളിലും മുൻപന്തിയിൽ അവനുണ്ടാകും. കലോത്സവ ദിവസങ്ങൾ അടുത്താൽ ഒരാഴ്ചയോളം കോളേജിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഉറക്കവും ഉണരലും പല്ലുതേപ്പും കുളിയുമൊക്കെ. വീണിടം വിഷ്ണുലോകം എന്നത് പോലെ ഒരു ബെഞ്ചിലോ വരാന്തയിലോ തിണ്ണയിലോ ഒക്കെ ഓരോരുത്തരായി കിടന്നുറങ്ങും. അങ്ങനെ കലോത്സവത്തിന്റെ തലേദിവസം ഞങ്ങളെല്ലാം പല ക്ലാസ് മുറികളിലായി കിടന്നുറങ്ങി. വലിയ സ്റ്റേജും മൈക്കും പന്തലും എല്ലാം സെറ്റ് ആക്കിയശേഷം ലൈറ്റ് ആൻഡ് സൗണ്ട് ടീമും മടങ്ങി. പിറ്റേദിവസം രാവിലെ 6 മണിക്ക് തന്നെ സുന്ദരൻ എല്ലാവരെയും വിളിച്ചുണർത്തി പ്രഖ്യാപിച്ചു - 'ആദ്യത്തെ ഡാൻസ് എന്റേതു തന്നെയാകട്ടെ. കാണികളായി നിങ്ങളെല്ലാവരും ഇരിക്ക് '. ഞങ്ങളെല്ലാം കസേരകളിട്ട് കാണികളായി ഇരുന്നു കിഴക്കുഭാഗത്താണ് സ്റ്റേജ്. ക്യാമ്പസിന് ചുറ്റിലും കെട്ടിയ മതിലിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ചെറിയ ഗേറ്റ് ഉണ്ട്. അതിലൂടെ നോക്കിയാൽ പുറത്തുള്ള വഴിയാത്രക്കാർക്കും സ്റ്റേജ് നന്നായി കാണാം.
