അഞ്ചാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് പുതിയറ റോഡിലുണ്ടായിരുന്ന ആദിത്യാ പബ്ലിക്കേഷന്‍സിലേക്ക് പുസ്തകം വാങ്ങാനായി പോയി. എന്റെ സുഹൃത്ത് അഭിലാഷിന്റെ സ്ഥാപനമാണ്. ഞാനവിടെ ചെന്നപ്പോള്‍ അവിടത്തെ ഓഫീസ് സ്റ്റാഫ് സ്മിത ചേച്ചി ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപാടെ എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് സംസാരം തുടര്‍ന്നു. കല്ല്യാണ ആലോചനയുമായി ബന്ധപ്പെട്ട് ഒരു ചെക്കനെക്കുറിച്ച് ആരോടോ വിവരം അന്വേഷിച്ചിട്ട് ഫോണ്‍ വെച്ചു.
''ആര്‍ക്കാ കല്ല്യാണം ആലോചിക്കുന്നത്'' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ''എന്റെ മോള്‍ക്ക്'' എന്ന് പറഞ്ഞ് അവര്‍ ചിരിച്ചു. ''അതിന് നിങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളല്ലേ'', എന്നു ഞാന്‍ ചോദിച്ചു. ''ഇത് അമ്മുവിനാണ് '' എന്ന് പറഞ്ഞു. അവര്‍ അമ്മു എന്നു പറഞ്ഞ പെണ്‍കുട്ടിയെ ആ ആദിത്യാ പബ്ലിക്കേഷനില്‍ വെച്ചു തന്നെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്മിത ചേച്ചിയുടെ ഭര്‍ത്താവിന്റെ അനിയന്റെ മകളാണ്.
സ്മിത ചേച്ചിയും അമ്മുവിന്റെ അമ്മയും ഏട്ടനനിയന്‍മാരെ കല്ല്യാണം കഴിച്ച് ഒരേ ദിവസം, ഒരുമിച്ച് ആ വീട്ടിലേക്ക് കേറി വന്നവരാണ്. സ്മിത ചേച്ചിക്ക് മൂത്ത മകന്‍ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോള്‍ അമ്മുവും ജനിച്ചു. അതുകൊണ്ട് സ്മിത ചേച്ചിക്ക് അമ്മുവും അവര്‍ക്ക് പിറക്കാത്ത മകളാണ്.
