ലോകത്തിലുള്ള ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. ഓരോ ട്രെയിന്‍ യാത്രയും ഓരോ ഓര്‍മ്മക്കുറിപ്പാണ്. ചില ദിവസത്തെ ട്രെയിന്‍ യാത്രകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതുമാണ്. 2013 ല്‍ ഒരു ദിവസം തഞ്ചാവൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് വൈകിട്ട് ഏഴേ കാലിന് 'മയിലാടുതുറൈ - മൈസൂര്‍' എക്‌സ്പ്രസ്സ് ട്രെയിനില്‍ കയറി എസ് - 7 കോച്ചിലെ രണ്ടാമത്തെ സീറ്റില്‍ ഇരുന്നു.
ഓരോ ട്രെയിന്‍ യാത്രയിലും വായിച്ചുതീര്‍ക്കാനായി പുസ്തകങ്ങളും, മാസികകളും കൈയ്യില്‍ കരുതാറുണ്ട്. തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബുക്സ്റ്റാളില്‍ നിന്ന് കുമുദം, ആനന്ദവികടന്‍ വാരികകള്‍ വാങ്ങിയിരുന്നു. അതൊക്കെ ബാഗില്‍ നിന്ന് എടുത്ത് പുറത്തിട്ടു. അതില്‍ നിന്ന് കുമുദം എടുത്ത് വായിക്കാന്‍ തുടങ്ങി. (കൊറോണ കാലഘട്ടത്തില്‍ റെയില്‍വേസ്റ്റേഷനിലെ ബുക്ക്‌സ്‌റ്റാളുകളൊക്കെ പൂട്ടിയല്ലോ, അതില്‍ തഞ്ചാവൂര്‍, തൃശ്ശിനാപ്പള്ളി, കോഴിക്കോട് റെയില്‍വേസ്റ്റേഷനിലെ ബുക്ക്‌സ്റ്റാളുകള്‍ ഇപ്പോഴും തുറന്നിട്ടില്ല)
രാത്രി എട്ടേ കാലായപ്പോള്‍ ട്രെയിന്‍ തൃശ്ശിരാപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ എത്തി. ഞാന്‍ അപ്പോഴേക്കും കുമുദം വായിച്ചു തീര്‍ത്തിട്ട്, ആനന്ദവികടന്‍ വാരിക എടുത്ത് വായിക്കാന്‍ തുടങ്ങി. തൃശ്ശിരാപ്പള്ളിയില്‍ ട്രെയിനിന്റെ എഞ്ചിന്‍ മാറ്റി ഇടുന്നതിനായി സ്റ്റേഷനില്‍ ഇരുപത് മിനിറ്റ് നില്‍ക്കാറുണ്ട്. എന്റെ സഹയാത്രക്കാരൊക്കെ ഭക്ഷണപ്പൊതി അഴിച്ച് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭക്ഷണത്തിന്റെതായ മണം മൂക്കില്‍ കയറി. ഞാന്‍ തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടുത്തുള്ള ദേവര്‍ ഹോട്ടലില്‍ നിന്ന് ഹാഫ് പ്ലേറ്റ് മട്ടണ്‍ ബിരിയാണി കഴിച്ചിട്ടാണ് കയറിയത്. ഇനി ഇടയ്ക്ക് വിശക്കുകയാണെങ്കില്‍ കഴിക്കാനായി രണ്ടു പഴം ബാഗില്‍ കരുതിയിട്ടുള്ളതുകൊണ്ട് ഞാന്‍ വായന തുടര്‍ന്നു. പെട്ടെന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം ഓവര്‍ടേക്ക് ചെയ്ത്, മുല്ലപ്പൂവിന്റെ മണം മൂക്കില്‍ കയറിയപ്പോള്‍ സന്തോഷം കൊണ്ട് വാരികയില്‍ നിന്ന് കണ്ണെടുത്ത് നോക്കിയപ്പോള്‍ ഒരു 20 - 25 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി എന്റെ മുമ്പില്‍ വന്ന് ഇരുന്നു. അവള്‍ തന്റെ മുല്ലപ്പൂക്കള്‍ ചുളുങ്ങാതെ ഇരിക്കാനായി മുടിയെടുത്ത് മുമ്പിലിട്ടു.
