ദീപാവലിക്ക് നാട്ടിലെത്തിയപ്പോള്‍ ഇളയ മാമന്‍ വല്ല്യമ്മയ്ക്ക് (അമ്മയുടെ ചേച്ചി) സുഖമില്ലെടാ എന്നു പറഞ്ഞു. ഞാന്‍ ദീപാവലി കഴിഞ്ഞ് പിറ്റേദിവസം പട്ടുക്കോട്ടയിലെ വല്ല്യമ്മയുടെ വീട്ടിലേക്ക് ചെന്നു. വല്ല്യമ്മയ്ക്ക് 79 വയസ്സാണ്. വാര്‍ദ്ധക്യത്തിന്റേതായ അസുഖങ്ങള്‍ കാരണം നന്നായി ക്ഷീണിച്ചിരുന്നു.
വല്ല്യമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി. രാവിലെ ഒരു ഇഡ്ഡലി, ഉച്ചയ്ക്ക് ഒരു തവി ചോറേ കഴിക്കാന്‍ പറ്റുന്നുള്ളൂ, എന്നു തുടങ്ങി ഇടയ്ക്ക് വയ്യാതായപ്പോള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് അടക്കമുള്ള നാട്ടുവര്‍ത്താനങ്ങളുമായി വല്ല്യമ്മ സംസാരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ രണ്ടു മണിക്കൂറാണ് വല്ല്യമ്മയുടെ വീട്ടില്‍ ചെലവിട്ടത്. ആ രണ്ടു മണിക്കൂറിനിടയില്‍ ഏട്ടന്‍ സംസാരിക്കാന്‍ വന്നു, ഏടത്തിയമ്മ സംസാരിക്കാന്‍ വന്നു, ഏട്ടന്റെ രണ്ടു മക്കളും സംസാരിക്കാന്‍ വന്നു. അവരുമായി ഒന്നോ രണ്ടോ വാക്കുകളേ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞുള്ളൂ. കാരണം അവരുമായി സംസാരം തുടരാന്‍ വല്ല്യമ്മ ചെറിയ ഗ്യാപ്പ് പോലും തന്നിരുന്നില്ല. സംസാരം, സംസാരം, സംസാരം മാത്രം. ആ വീട്ടില്‍ നാലു പേരുണ്ട്. അടുത്തുതന്നെ വല്ല്യമ്മയുടെ രണ്ടു പെണ്‍മക്കളുടെ വീടുകള്‍ ഉണ്ടായിട്ടും അവരാരും തന്നെ വല്ല്യമ്മയുടെ സംസാരം കേള്‍ക്കാന്‍ ഇരുന്നുകൊടുക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ എനിക്ക് വിഷമം തോന്നി.
ഇടയ്ക്ക് ഏട്ടന്റെ മകന്‍ കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് എപ്പോ എത്തി എന്നു ചോദിച്ച് ലോഹ്യം പറഞ്ഞിട്ട് പോയി. അപ്പോള്‍ വല്ല്യമ്മ എന്റെ ചെവിയുടെ അടുത്തു വന്ന് രഹസ്യമായി ''നിന്നോടെങ്കിലും ഇവന്‍ സംസാരിച്ചല്ലോ, എന്നോട് ഇവന്‍ മിണ്ടിയിട്ട് പത്തു ദിവസമായി''. എന്നു പറഞ്ഞു.
