കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കാനും, മറ്റ് അറ്റന്‍ഡര്‍ ജോലി ചെയ്യാനുമായി ഒരു ചേച്ചി വരാറുണ്ട്. ചില ദിവസങ്ങളില്‍ രാവിലെ ഞാന്‍ പുസ്തകം വില്‍ക്കാനായി അവിടെ ചെല്ലുന്ന നേരത്ത് ആ ചേച്ചി ചായ ഉണ്ടാക്കിക്കൊടുത്ത് പോലീസുകാരെ സല്‍ക്കരിക്കാറുണ്ട്. അതവരുടെ ജോലിയല്ലേ, പിന്നെ എങ്ങനെയാ അത് സല്‍ക്കരമാകുക എന്നൊരു ചോദ്യം നിങ്ങള്‍ക്ക് വരുന്നില്ലേ? പക്ഷേ ഒരു ജോലിപോലല്ല അവര്‍ അത് ചെയ്യുന്നത്. വിരുന്നുകാരെ സല്‍ക്കരിക്കുന്നപോലെയാണ്. എന്നെക്കാണുമ്പോഴൊക്കെ ചായ കഴിക്കാന്‍ നിര്‍ബന്ധിക്കും.
''ചേച്ചീ, ഞാന്‍ രണ്ടുമൂന്നു കൊല്ലമായി ചായ, കാപ്പി കഴിക്കാറില്ല.'' എന്നു പറയുമ്പോള്‍ ''എന്നാല്‍ പലഹാരം കഴിക്ക്'' എന്ന് പറഞ്ഞ് പലഹാരം കാണിച്ച് കഴിക്കാന്‍ പറയും. മിക്ക ദിവസവും ബേക്കറി പലഹാരമാണെങ്കിലും ഇടയ്ക്ക് വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവരാറുണ്ട്. ഒരു പഴം പൊരി കഴിക്കുകയാണെങ്കിലും ഇരുന്ന് സമാധാനത്തോടെ ആസ്വദിച്ച് കഴിക്കുന്ന ആളാണ്. അതുകൊണ്ട് പുസ്തക കച്ചവട സമയത്ത് ഇത്തരം സ്‌നേഹസല്‍ക്കാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാറുണ്ട്. എന്നാലും കാണുമ്പോഴൊക്കെ അവര്‍ എന്നെ നിര്‍ബന്ധിക്കാറുണ്ട്. ഒരു ദിവസം അവര്‍ വീട്ടില്‍ നിന്ന് കുഞ്ഞു കുഞ്ഞു കൊഴുക്കട്ടകള്‍ ഉണ്ടാക്കിക്കൊണ്ടു വന്നിരുന്നു. ഒരു കൊഴുക്കട്ട ഞാന്‍ വാങ്ങി കഴിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി. അവിടെ മാത്രമല്ല, സ്‌കൂളുകളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ പുസ്തകം വില്‍ക്കാന്‍ പോവുമ്പോഴൊക്കെ സ്ത്രീകള്‍ പലഹാരങ്ങള്‍ തന്ന് സല്‍ക്കരിക്കാറുണ്ട്.
നാലഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ചെന്നിരുന്നു. ഉച്ചയ്ക്ക് ഉണ്ണാന്‍ ചോറും ചിക്കന്‍ കറിയും, കപ്പയും, മത്തിക്കറിയും ഉണ്ടാക്കി വെച്ചിരുന്നു. ഇത്തിരി ചോറും ചിക്കന്‍ കറിയും കഴിച്ചു. കപ്പ ഒരുപാട് ഇഷ്ടമുള്ള ഭക്ഷണം ഒന്നും അല്ല. വര്‍ഷങ്ങളായി ഹോട്ടലിലാണ് ഭക്ഷണം കഴിക്കാറുള്ളത്. അവിടത്തെ കപ്പ ഒന്നും എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഇത്തവണ കപ്പയും മത്തിക്കറിയും കൂട്ടി കഴിച്ചപ്പോള്‍ നല്ല സ്വാദുണ്ടായിരുന്നു. ഞാന്‍ സുഹൃത്തിന്റെ ഭാര്യയെ അഭിനന്ദിക്കുകയും ചെയ്തു.
