ലോകത്തിലുള്ള ദൈവങ്ങളില്‍ ഏറ്റവും വലിയ ദൈവം ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ അമ്മയാണ് ഏറ്റവും വലിയ ദൈവം എന്നേ പറയുള്ളു. എനിക്ക് മാത്രമല്ല പലര്‍ക്കും അവരവരുടെ അമ്മ ദൈവത്തെ പോലെ തന്നെയാണ്. അതുകൊണ്ടായിരിക്കാം വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇന്ത്യന്‍ സിനിമകളില്‍ അമ്മയെ ദൈവത്തിന് തുല്യമായി കാണിച്ചിരുന്നത്.
കിരീടം അടക്കമുള്ള മോഹന്‍ലാല്‍ സിനിമകളില്‍ അമ്മയായി വേഷമിട്ടത് കവിയൂര്‍ പൊന്നമ്മ ചേച്ചി ആണല്ലോ, ആ അമ്മ കഥാപാത്രം കാണുമ്പോഴൊക്കെ എന്തൊരു നല്ല അമ്മ എന്നു തോന്നിപ്പോകും. എങ്കിലും എന്റെ അമ്മ ഇങ്ങനെയല്ലല്ലോ എന്ന ചിന്തയും വരാറുണ്ട്. പിന്നീട് ഞാന്‍ ഒരു തിരക്കഥ എഴുതാന്‍ ഇരുന്നപ്പോഴാണ് മനസ്സിലായത് സിനിമയിലും സീരിയലുകളിലും കാണുന്ന അമ്മക്കഥാപാത്രങ്ങള്‍ തിരക്കഥാകൃത്തും, സംവിധായകനും കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്നതാണെന്ന്. റിയല്‍ അമ്മമാര്‍ അങ്ങനെ അല്ല എന്നും ബോധ്യമായി. അതുകൊണ്ട് എന്റെ പ്രീതം (മറാത്തി സിനിമ) സിനിമയുടെ തിരക്കഥ എഴുതിയപ്പോള്‍ റിയല്‍ അമ്മ എങ്ങനെയിരിക്കുമോ അങ്ങനെ തന്നെ എഴുതാനാണ് ശ്രമിച്ചത്.
1990 കാലഘട്ടത്തിലെ മലയാള സിനിമകളില്‍ രാജസേനന്‍ ഡയറക്ട് ചെയ്ത 'മേലേപ്പറമ്പില്‍ ആണ്‍വീട്' എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ച മീനച്ചേച്ചിയുടെ കഥാപാത്രമാണ് കേരളത്തിലെ യഥാര്‍ത്ഥ അമ്മ. എന്റെ അമ്മയുടെ സ്വാഭാവവും ഏറെക്കുറെ അതുപോലെയായിരുന്നു.
