ആനന്ദങ്ങളിലേക്കുള്ള മനുഷ്യരുടെ ഓട്ടങ്ങൾ

Column

ആനന്ദങ്ങളിലേക്കുള്ള മനുഷ്യരുടെ ഓട്ടങ്ങൾ


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉച്ചനടത്തം പതിവുണ്ടായിരുന്നു. അത്യഗാധമായ സ്‌നേഹാദരവുകളോടെ, മിസ്റ്റർ കെ. എന്നും ഷെരീഫ് ദാ എന്നും മാറി മാറി വിളിച്ചിരുന്ന ആർടിസ്റ്റ് കെ. ഷെരീഫായിരുന്നു അക്കാലത്തെ എന്റെ സ്ഥിരം സഹയാത്രികൻ. ബോറ മുസ്ലീങ്ങളുടെ ബിരിയാണിയും ഗുജറാത്തി സ്ട്രീറ്റിലെ മധുരക്കടയുമെല്ലാം എക്കാലത്തേക്കും ഓർത്തുവയ്ക്കാൻ കഴിയുന്ന രുചികളായി എന്റെയുള്ളിൽ കുടിയേറുന്നത് അക്കാലത്താണ്. ചിത്രകാരനായില്ലായിരുന്നെങ്കിൽ ഇയാൾ ഉറപ്പായും ഓട്ടക്കാരനാവുമായിരുന്നു എന്ന തോന്നലുണ്ടാക്കുന്നത്ര വേഗത്തിലായിരുന്നു ഷെരീഫ് ദായുടെ നടത്തം. ഒപ്പമെത്താൻ കൂടെ ഓടേണ്ടിവരും. എങ്കിലും ഞാനതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. കാരണം ഓടുന്നതിനിടയിൽ ഷെരീഫ്ക്ക പറഞ്ഞിരുന്ന കഥകൾ നഷ്ടപ്പെടുത്താൻ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ജീവിതത്തിന്റെ നനവുള്ള കഥകളെക്കാൾ വിലപിടിപ്പുള്ള മറ്റെന്താണ് ഭൂമിയിലുള്ളത്.

ആന്ധ്രാപ്രദേശിലെ ഒരു സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത്, ജോലിയുടെ വിരസത അസഹനീയമായിത്തീർന്ന ഒരുദിവസം, അവിടെ നിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചായിരുന്നു അതിലൊരു കഥ. മനുഷ്യർ പലരൂപങ്ങളിൽ ജോലി രാജിവയ്ക്കുന്നത് കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും ഇനിയൊരിക്കലും മടങ്ങിച്ചെല്ലില്ലെന്നുറപ്പിച്ച് ഒരാൾ തൊഴിലിടത്തിൽ നിന്നിറങ്ങി കിലോമീറ്ററുകളോളം ഓടുന്നത് ഞാനാദ്യം കേൾക്കുകയായിരുന്നു. നാട്ടിലെ ഒരു ചെരുപ്പുകമ്പനിയിൽ നിന്ന് ജോലിക്ക് ചേർന്ന അന്ന് തന്നെ രാജിവച്ച കഥയും ഷെരീഫ്ക്ക പറഞ്ഞിട്ടുണ്ട്. സന്തോഷത്തിന് വേണ്ടിയാവും അയാൾ ഓടിക്കൊണ്ടേയിരിക്കുന്നത് എന്ന് ഷെരീഫ്ക്ക പറഞ്ഞ കഥകൾ കേട്ടപ്പോൾ ഞാൻ അനുമാനിച്ചു. 'സന്തോഷം വരുമ്പോഴെല്ലാം ഞാനൊരു കായപ്പം തിന്നുന്നു. കായപ്പത്തിൽ വറുത്ത കൊപ്രച്ചീളുകൾ തിരയുന്നു' എന്ന് "സലീം സർക്കസ്" എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട് ഷെരീഫ്ക്ക.

ലേഖകനും ആർടിസ്റ്റ് കെ. ഷെരീഫും
ലേഖകനും ആർടിസ്റ്റ് കെ. ഷെരീഫും

Related Articles