'വാ, അടുത്ത് വാ, ഒരു കഥ പറഞ്ഞു തരാം,' കുരിയാക്കാപ്ല എന്നെ വിളിച്ചു. ഞാന്‍ പക്ഷെ പോയില്ല. എനിക്ക് കുരിയാക്കാപ്ലയെ പേടിയായിരുന്നു. അനുസരണക്കേട് കാണിച്ചാല്‍ കുരിയാക്കാപ്ല പിടിച്ചു കൊണ്ട് പോകുമെന്ന് പറഞ്ഞ് ആരോ എന്നെ പേടിപ്പിച്ചതിന്റെ ഫലമായിരിക്കാം.
വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ വച്ച് സുരേഷിനെ പരിചയപ്പെടുമ്പോള്‍ ഞാന്‍ വീണ്ടും കുരിയാക്കാപ്ലയെ ഓര്‍ത്തു. സുരേഷ് പറഞ്ഞതും പേടികളെ കുറിച്ചായിരുന്നു. കൊല്ലത്തു നിന്ന് നാട് വിട്ട് സുരേഷ് ചെന്നൈയ്ക്ക് പോകുന്നത് കൃത്യമായി പറഞ്ഞാല്‍ പതിനേഴു കൊല്ലങ്ങള്‍ക്ക് മുന്‍പാണ്. ഇരുപതാമത്തെ വയസ്സിലായിരുന്നു ആ ഒളിച്ചോട്ടമെന്ന് സുരേഷ് പറഞ്ഞു. സുരേഷിന്റെ കഥയുടെ ആദ്യഭാഗം ഒട്ടും അസാധാരണമായിരുന്നില്ല. അമ്മ വീട്ടിലായിരുന്നു അയാളുടെ കുട്ടിക്കാലം. അച്ഛന്‍ എപ്പോഴും യാത്രകളിലായിരുന്നു. മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം വരും. ഓരോ വരവിലും അച്ഛന്‍ അമ്മയ്ക്ക് പുതിയെ ദേശങ്ങളുടെയും പരിചയപ്പെട്ട പുതിയ മനുഷ്യരുടെയും കഥകള്‍ പറഞ്ഞു കൊടുക്കും. ആ കഥകള്‍ കേട്ടാണ് സുരേഷ് വളര്‍ന്നത്. വല്ലപ്പോഴും വരുന്ന വിരുന്നുകാരനായിരുന്നെങ്കിലും ആ കഥകളുടെ പേരില്‍ സുരേഷ് അച്ഛനെ അഗാധമായി സ്നേഹിച്ചിരുന്നു.
പ്രേമിച്ചാണ് സുരേഷിന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത്; അമ്മ തയ്യല്‍ ജോലിക്ക് പോയിരുന്ന വീടിന്റെ തൊട്ടടുത്ത് അച്ഛന്‍ ജോലിക്ക് വന്ന കാലത്ത്. അമ്മയുടെ വീട്ടുകാര്‍ക്ക് അതൊട്ടും സമ്മതമായിരുന്നില്ല. അച്ഛന് പറയത്തക്ക വിലാസമോ രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് തന്നെയാവാം കാരണം. പക്ഷെ അമ്മ സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം അമ്മയുടെ വാശി ജയിച്ചു. സ്നേഹം മനുഷ്യരെ സാഹസികരാക്കുന്ന ഒരു അനുഭൂതി കൂടിയാണല്ലോ.
