ഓരോ യാത്രയ്ക്കും ഓരോ നിറമുണ്ട്. ആ യാത്രയ്ക്ക് നിരാശയുടെ നിറമാകുമായിരുന്നു, സാകേതിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍.. കിട്ടാത്ത സ്‌നേഹം തേടിപ്പോവാന്‍ ചിലവാക്കിയ വണ്ടിക്കാശുണ്ടായിരുന്നെങ്കില്‍ പ്രയോജനമുള്ള എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാവുമായിരുന്നു എന്ന് ഇടയ്ക്കിടെ ഞാന്‍ ആലോചിക്കാറുണ്ട്. ആ യാത്രയെപ്പറ്റി പക്ഷേ അങ്ങനെ നിരാശപ്പെടേണ്ടി വന്നില്ല, സാകേതിനെ കണ്ടുമുട്ടാനായല്ലോ. യാത്ര മലപ്പുറത്തേക്കായിരുന്നു, സാകേത് ഹൈദരാബാദുകാരനും. സ്വന്തം ദേശത്തെപ്പറ്റി സാകേതിന് അത്ര മതിപ്പുള്ളതായി തോന്നിയില്ല. നിങ്ങള്‍ എത്ര ഭാഗ്യവാനാണ്, നിങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പലതവണ അയാളെന്നോട് പറഞ്ഞു. പുതിയ മനുഷ്യരെ കാണാനും അവരുടെ കഥകള്‍ കേള്‍ക്കാനും വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്നും സംസാരമധ്യേ അയാള്‍ പറഞ്ഞു.
പതിനേഴ് സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട് സാകേത്. പോയ ദേശങ്ങളില്‍ പ്രിയപ്പെട്ട ചിലതിനെക്കുറിച്ചും സാകേത് പറഞ്ഞു. ബാര്‍മീറിനെപ്പറ്റിയും റോഡ് ടു ഹെവനെപ്പറ്റിയുമെല്ലാം ആ യാത്രയില്‍ ഞാനറിഞ്ഞു. കോഴിക്കോടെത്തുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെപ്പറ്റി ഞാനും സാകേതിനോട് പറഞ്ഞു. പോകുന്ന യാത്രകളില്‍ നിന്നും കണ്ടുമുട്ടുന്ന മനുഷ്യരില്‍ നിന്നുമെല്ലാം സാകേത് പുതിയ ദേശങ്ങള്‍ കണ്ടെടുക്കുന്നു. പിന്നീട് അവിടേക്ക് യാത്ര ചെയ്യുന്നതിനെപ്പറ്റി മാത്രമാവും അയാളുടെ ചിന്ത. Way Leads on to Way*, എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് കവിതയിലെഴുതിയതുപോലെ, ഓരോ ദേശങ്ങളും അയാള്‍ക്ക് പുതിയ ദേശങ്ങള്‍ സമ്മാനിക്കുകയാവും എന്ന് ഞാനോര്‍ത്തു.
