മനുഷ്യരിലേക്ക് മാത്രമായിരുന്നു എന്റെ യാത്രകള്‍!

Column

മനുഷ്യരിലേക്ക് മാത്രമായിരുന്നു എന്റെ യാത്രകള്‍!


വീടുകള്‍ നഷ്ടപ്പെട്ട മനുഷ്യര്‍ക്കും മനുഷ്യര്‍ ഉപേക്ഷിച്ചു പോയ വീടുകള്‍ക്കും പിന്നീട് എന്ത് സംഭവിക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ?

വീടുകളെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാന്‍ ശ്യാമിനെ ഓര്‍ക്കും. ഒരു യാത്രയിലാണ് ശ്യാമിനെയും പരിചയപ്പെട്ടത്. ആദ്യം കാണുമ്പോള്‍ തിരുവനന്തപുരത്തെ ഒരു ബുക്ക് സ്റ്റാളിലിരുന്ന് നിക്കോസ് കാസാന്‍ദ്സാകീസിന്റെ സോര്‍ബ വായിക്കുകയായിരുന്നു ശ്യാം. ആദ്യമായി വായിച്ച അന്ന് മുതല്‍ ഇന്നു വരെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് സോര്‍ബ. ശ്യാമിനെ പരിചയപ്പെടണമെന്ന് എനിക്ക് തോന്നിയതും അതുകൊണ്ടാണ്. സോര്‍ബയിലേ പ്രിയപ്പെട്ട ഭാഗം ഏതാണെന്ന് ശ്യാം എന്നോട് ചോദിച്ചു, ഞാന്‍ ശ്യാമിനോടും. അങ്ങനെ സോര്‍ബയിലൂടെ ഞങ്ങള്‍ സുഹൃത്തുക്കളായി. അവിടെ നിന്ന് കണ്ടു പിരിഞ്ഞ ശേഷം ശ്യാം ഇടയ്ക്ക് വല്ലപ്പോഴും വിളിക്കുമായിരുന്നു. മിക്കവാറും പുതിയ പുസ്തകം വായിക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോഴാണ് ശ്യാം വിളിക്കാറുണ്ടായിരുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് സിനിമ കണ്ട ശേഷം അയാളെന്നെ വിളിച്ചിരുന്നു. വീടും മനുഷ്യരും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചാണ് അന്ന് അയാള്‍ കുറേയേറെ നേരം സംസാരിച്ചത്. കുട്ടിക്കാലം ചിലവഴിച്ച വല്യപപ്പയുടെ വീടിനെക്കുറിച്ച് ശ്യാം വാചാലനായി. ശ്യാമിന്റെ പപ്പ തമിഴ്നാട്ടിലേക്ക് ട്രാന്‍സ്ഫറായി പോയ സമയത്താണ് അവനും അമ്മയും വല്യപപ്പയുടെ വീട്ടിലേക്ക് മാറിത്താമസിച്ചത്. ചെറിയ കുട്ടിയായിരുന്ന അക്കാലത്ത് ആ വീടിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ചുവയ്ക്കുകയും അതിന്റെ പേരില്‍ കുറേയേറെ അടി കൊള്ളുകയും ചെയ്തിട്ടുണ്ട് എന്ന് ശ്യാം പറഞ്ഞു. പക്ഷേ ഗൃഹാതുരമായ ഓര്‍മ്മകളല്ല ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് ശ്യാം അന്ന് കൂടുതലായും പറഞ്ഞത്.


Related Articles