കോഴിക്കോട്ടേയ്ക്കുള്ള ബസ് യാത്രയില്‍ വെച്ച് ആല്‍ബര്‍ട്ടോയെ പരിചയപ്പെടുമ്പോള്‍ അയാളുടെ പേരാണ് എന്റെ ശ്രദ്ധയിലുടക്കിയത്. പരിചയപ്പെട്ട് അല്പസമയത്തിനകം ഞാന്‍ ആല്‍ബര്‍ട്ടോയോട് ചോദിച്ചു: 'ഈ പേരിഷ്ടമാണോ?.' ആല്‍ബര്‍ട്ടോ ചിരിച്ചു: 'ഇഷ്ടമായില്ലെങ്കില്‍ ഇനി എന്ത് ചെയ്യും?' ആല്‍ബര്‍ട്ടോ എന്ന് പേരുള്ള ഒരു മലയാളിയെ ഞാന്‍ ആദ്യം കാണുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പേരുള്ള മറ്റൊരാളെക്കൂടി ഞാന്‍ പരിചയപ്പെട്ടു. മറ്റാരുടെയൊക്കെയോ അഭിലാഷങ്ങളും ആനന്ദങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രതിഫലിക്കുന്ന പേരുകളും ചുമന്ന് മനുഷ്യര്‍ക്ക് ജീവിതം തള്ളിനീക്കേണ്ടി വരുന്നു.
ഞാനെവിടെയോ വായിച്ചിട്ടുണ്ട്, നിങ്ങളുടെ പേര് നിങ്ങളുടെ പേരല്ല, നിങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് എന്ന്. ഞങ്ങളുടെ നാട്ടിലൊരു തങ്കപ്പന്‍ ചേട്ടന്‍, ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ വക്താവും ഒക്കെയായിരുന്ന വിനോഭഭാവെയെ ആരോ ആദരവോടെ വിളിച്ച വിനോഭാജി എന്ന പേര് സ്വന്തം മകന് നല്‍കി. ആ മകന്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ വിനുച്ചേട്ടനും മറ്റ് ചിലപ്പോള്‍ ഭാജിച്ചേട്ടനുമായി. തമിഴ്‌സിനിമാ ആരാധകനായ ഒരച്ഛനുണ്ടായിരുന്നു നാട്ടില്‍. മക്കള്‍ക്ക് അയാളിട്ട പേരിലും അയാളുടെ ആ സിനിമാ പ്രേമം തെളിഞ്ഞു നിന്നു. കണ്മണിയും റോസും. റോജയാണത്രേ റോസായത്. ആരറിയുന്നു പേരുകള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍
പേരാണ് ആദ്യം ശ്രദ്ധിച്ചതെങ്കിലും ആല്‍ബര്‍ട്ടോയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായി. യാത്രയുടെ ഓരോ ഘട്ടങ്ങളിലും ആല്‍ബര്‍ട്ടോ അയാളുടെ കുഞ്ഞു ഡയറിയില്‍ എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോള്‍ ആല്‍ബര്‍ട്ടോ പറഞ്ഞു: 'അതൊരു സിനിമയില്‍ നിന്ന് കിട്ടിയ ശീലമാണ്. കാണുന്നതും കേള്‍ക്കുന്നതുമൊക്കെ ഞാന്‍ എഴുതിയെടുക്കും. പെട്ടെന്നെങ്ങാനും മറവിരോഗം വന്നാലോ.' ദൈവമേ, ജീവിതത്തിന്റെ മധ്യാഹ്നത്തിലേക്ക് പോലും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍ എന്നോ ഒരിക്കല്‍ തന്നെ തേടിവരാനിരിക്കുന്ന മറവിരോഗത്തോട് പൊരുതുന്നു, എത്ര വിചിത്രമാണല്ലേ, ജീവിതം.
