സുനില്‍ പി. ഇളയിടത്തെ ആദ്യമായി കാണുമ്പോള്‍ എന്റെ കയ്യില്‍ എഡ്വേര്‍ഡ് സൈദിന്റെ റിട്ടേണ്‍ ഫ്രം എക്സൈല്‍ എന്ന പുസ്തകമുണ്ടായിരുന്നു. എന്റെ ഒരു കയ്യില്‍ മുറുക്കെപ്പിടിക്കുകയും നെറ്റിയില്‍ തലോടുകയും ചെയ്തുകൊണ്ട് മാഷ് സൈദിനെപ്പറ്റി കുറേ നേരം സംസാരിച്ചു. മാഷെപ്പോഴും അങ്ങനെയാണ്. സംസാരിക്കുമ്പോള്‍ സ്നേഹം കവിഞ്ഞൊഴുകും. ഉള്ളിലുള്ള സ്നേഹം അത്യാഗാധമായി പ്രകടിപ്പിക്കും. അനുകമ്പയുടെ ഒരു മനുഷ്യരൂപം, ഇതാ മുന്നില്‍ നില്‍ക്കുന്നു എന്ന് നമുക്ക് തോന്നും.
അന്ന് വീട്ടിലെത്തിയപ്പോള്‍ മാഷ് ജാനകിയോട് ഇങ്ങനെ പറഞ്ഞുപോലും: 'ഈ പ്രായത്തില്‍ അവന്‍ സൈദിനെ വായിക്കുന്നുണ്ടെങ്കില്‍, കുറേക്കൂടി കഴിയുമ്പോള്‍ അവന്‍ എവിടെയെത്തും.' കൂട്ടുകാരനെക്കുറിച്ച് അച്ഛന്‍ പറഞ്ഞത് ജാനു എന്നോട് അഭിമാനത്തോടെ പങ്കുവച്ചു. ഞാനത് അതിലേറെ അഭിമാനത്തോടെ കേട്ടു. ഒരു ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ആ വാക്കുകള്‍ വലിയ മൂലധനമായിരുന്നു. പക്ഷേ ഞാന്‍ എവിടെയും എത്തിയില്ല, വലിയ വായനക്കാരന്‍ പോലുമായില്ല. എങ്കിലും യാത്രകളെന്ന പോലെ വായനകളും എനിക്ക് ഒരുപാട് മനുഷ്യരെ തന്നു. വായിച്ചില്ലായിരുന്നെങ്കില്‍ ആ മനുഷ്യരെ ഞാനൊരിക്കലും കണ്ടുമുട്ടുകയേ ഇല്ലായിരുന്നു. അവരില്‍ ഒരാള്‍ വെറോനിക്കയാണ്.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു പഴയ പുസ്തകക്കടയില്‍ വച്ചാണ് ഞാന്‍ വെറോനിക്കയെ കാണുന്നത്. ഒരു വിദേശവനിത കൗതുകത്തോടെ മലയാളപുസ്തകങ്ങള്‍ മറിച്ചു നോക്കുന്നത് കണ്ട ആഹ്ലാദത്തില്‍ ഞാനവരെ പരിചയപ്പെട്ടു: 'നിങ്ങള്‍ക്ക് മലയാളം വായിക്കാനറിയാമോ?' ഞാനവരോട് ചോദിച്ചു.
