മരണങ്ങളെപ്പറ്റി പറ്റി മാത്രം ഓര്‍ത്ത ഒരു ദിവസം. തീയ്യതി ഓര്‍മ്മയില്‍ നിന്നിറങ്ങിപ്പോയി. 'എന്നോടൊപ്പം പള്ളിയില്‍ വരുന്നോ?' എന്ന സ്‌നേഹനിര്‍ഭരമായ ഒരു ചോദ്യത്തിന്റെ പിന്നാലെ സഞ്ചരിച്ചാണ് ഞാന്‍ അവിടെയെത്തിയത്. വിളിച്ചത് പ്രിയപ്പെട്ട ഒരു കൂട്ടുകാരിയാണ്. 'വരാം, പക്ഷേ എനിക്ക് സെമിത്തേരി കാണണം,' വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞു.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ അതീവശ്രദ്ധയോടെ നടക്കുന്ന രണ്ട് മനുഷ്യരെപ്പോലെ നിശബ്ദരായി ഞങ്ങള്‍ സെമിത്തേരിയിലൂടെ നടന്നു. മരണപ്പെട്ടയാളെ നര്‍മ്മത്തോടെ ഓര്‍മ്മിപ്പിക്കുന്ന എപ്പിറ്റാഫുകള്‍ കൊണ്ട് അലങ്കരിച്ച റൊമേനിയയിലെ *മെറി സിമട്രിയെപ്പറ്റി വായിച്ചത് അക്കാലത്തായിരുന്നു. സെമിട്രി എന്ന മനോഹരമായ വാക്കിനെ സെമിത്തേരി എന്ന് പരിഭാഷപ്പെടുത്തിയത് ആരായിരിക്കാം എന്ന് പള്ളി സെമിത്തേരിയില്‍ നില്‍ക്കുമ്പോള്‍ ഏറെ നേരം ആലോചിച്ചു. കല്ലറകളില്‍ എഴുതിയിരുന്ന അക്കങ്ങളിലായിരുന്നു എന്റെ ശ്രദ്ധ--യുദ്ധത്തിനും സമാധാനത്തിനും ഇടയിലൂടെ മനുഷ്യര്‍ നടന്നുതീര്‍ത്ത ജീവിതമാണല്ലോ രണ്ട് തീയ്യതികളിലേക്ക് സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്.
മരണപ്പെട്ട കുറച്ചു മനുഷ്യരുടെ അവസാനദിവസം ആവിഷ്‌കരിക്കുന്ന 'Die Tomorrow' എന്നൊരു സിനിമ ഐഎഫ്എഫ്‌കെയില്‍ കണ്ടിട്ടുണ്ട്. ആ സിനിമയുണ്ടാക്കിയ ഭീതി ഏറെക്കാലം ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സെമിത്തേരിയില്‍ നില്‍ക്കുമ്പോള്‍ ആ സിനിമ വീണ്ടും ഓര്‍ത്തു. വരാനിരിക്കുന്നത് ജീവിതത്തിന്റെ അവസാനദിവസമായിരിക്കുമെന്നറിയാതെ മനുഷ്യര്‍ മഹായുദ്ധങ്ങള്‍ പോലും ആസൂത്രണം ചെയുന്നു, തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ മനുഷ്യര്‍ മറ്റു മനുഷ്യരെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈശ്വരാ, ജീവിതം എത്ര വിചിത്രമാണ്.
