മാല്‍ഗുഡിയും മക്കൊണ്ടോയും പോലെയുള്ള സങ്കല്പദേശങ്ങളിലേക്കുള്ള യാത്രകളിലായിരുന്നു എക്കാലവും കൗതുകം. യാഥാര്‍ത്ഥ്യത്തിന്റെ ചെളിപുരളാത്ത പാതകള്‍, അവിടുത്തെ ഓരോ വളവിലും തിരിവിലും പതിയിരിക്കുന്ന അനിശ്ചിതത്വങ്ങള്‍, ഇറക്കമിറങ്ങിച്ചെല്ലുമ്പോള്‍ പൊടുന്നനെ മുന്നിലൊരു കയറ്റം പ്രത്യക്ഷപ്പെടുന്ന ജീവിതം പോലെയുള്ള വഴികള്‍, ഇവകളിലേക്കായിരുന്നു നോട്ടങ്ങള്‍. യഥാര്‍ത്ഥ ദേശങ്ങളിലേക്കുള്ള യാത്രകളില്‍ നിന്നാവട്ടെ, സ്ഥലങ്ങളും കാഴ്ചകളുമല്ല, മനുഷ്യരാണ് എന്നോടൊപ്പം ഇറങ്ങിവന്നത്; നിറയെ കഥകളുള്ള മനുഷ്യര്‍. ചെറിയ സ്ഥലകാലങ്ങളില്‍ മാത്രം പരിമിതപ്പെട്ടുപോവാതെ, മനുഷ്യവംശത്തിന്റെ വിശാലതയിലേക്ക് എന്നെ കണ്ണിചേര്‍ത്തതില്‍ പുസ്തകങ്ങള്‍ക്കെന്ന പോലെ യാത്രകളില്‍ കണ്ടുമുട്ടിയ ആ മനുഷ്യര്‍ക്കുമുണ്ട് വലിയൊരളവോളം പങ്ക്.
ബസ് യാത്രകളില്‍ (അവ ചെറുതെങ്കില്‍ പോലും..) ഒരുപാട് മനുഷ്യര്‍ എന്നെ തേടി വന്നിട്ടുണ്ട്. സ്‌കൂള്‍ കാലത്ത് പെരുമ്പാവൂരില്‍ നിന്ന് കാലടിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബസ്സിലിരുന്ന് സാഹസികമായി പുസ്തകം വായിക്കുന്ന ജയകൃഷ്ണന്‍ മാഷിനെ പരിചയപ്പെടുന്നത്. യാത്രയ്ക്കിടയിലെ ആ വായന എന്നെ സംബന്ധിച്ച് അന്നും ഇന്നും സാഹസികമാണ്. ബിനായക് സെന്നിനെ കുറിച്ചുള്ള ഒരു പുസ്തകമാണ് മാഷിന്റെ കയ്യില്‍ ആദ്യം കാണുന്നത്. പിന്നീട് എന്റെ പ്രിയപ്പെട്ട നോവലായി മാറിത്തീര്‍ന്ന ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളെ കുറിച്ച് എന്നോട് ആദ്യമായി പറയുന്നതും മാഷാണ്. വായിച്ച പുസ്തകങ്ങളില്‍ നിന്ന് അനിഷ്ടം തോന്നുന്ന വാചകങ്ങളും, ചിലപ്പോള്‍ പേജുകള്‍ തന്നെയും, അടര്‍ത്തിമാറ്റുന്ന ഒരു വായനക്കാരനെ മറ്റൊരു യാത്രാമധ്യേ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരസഞ്ചാരങ്ങളില്‍ മാത്രമല്ല തീരെ ചെറിയ യാത്രകളില്‍ പോലും മനുഷ്യര്‍ എന്റെ അടുക്കലേക്ക് വന്നു. അവരുടെ പേരുകളും ദേശങ്ങളും കഥകളും മാറിക്കൊണ്ടിരുന്നു എന്ന് മാത്രം.
പാലായില്‍ നിന്ന് നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ ആ മനുഷ്യന്‍ പൗലോസായിരുന്നു. മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന പൗലോസുമായി ഞാന്‍ വളരെ പെട്ടെന്ന് അടുത്തു. സെമിനാരിയില്‍ നിന്നും എന്നെത്തേടി വന്നിരുന്ന ഫോണ്‍ സംഭാഷണങ്ങളിലൂടെ ഞങ്ങളുടെ സ്‌നേഹം വളര്‍ന്നു. ഞാനന്ന് ആലുവ യു.സി കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. സെമിനാരിയില്‍ നിന്ന് ഫോണ്‍ വിളിക്കാന്‍ അനുമതി ലഭിക്കുന്ന അപൂര്‍വം ദിവസങ്ങളില്‍, വീട്ടിലേക്ക് വിളിക്കാനുള്ള സമയത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് എന്നെ വിളിക്കുന്നത് എന്ന് ഒരിക്കല്‍ അയാളെന്നോട് പറഞ്ഞു. കയറിയ ബസ്സൊന്ന് മാറിപ്പോയിരുന്നെങ്കില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ പോലും ഇടയില്ലാതിരുന്ന ഒരു മനുഷ്യനെ മറ്റൊരാള്‍ക്ക് എങ്ങനെയാണ് ഇത്രയധികം സ്‌നേഹിക്കാനാവുക? സ്‌നേഹത്തിന്റെ ഭാഷ എത്ര വിചിത്രവും യുക്തിരഹിതവുമാണ്. ഒരിക്കല്‍ പോലും തിരിച്ചുവിളിക്കാന്‍ പരിശ്രമിച്ചിട്ടില്ലെങ്കിലും ഓരോ തവണയും കൂടുതല്‍ ഉത്തരവാദിത്തത്തോടെ അയാള്‍ എന്റെ കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. എന്റെ സന്തോഷങ്ങളില്‍ അയാള്‍ അത്യധികം ആഹ്ലാദിച്ചു, വിഷമങ്ങള്‍ പങ്കുവച്ചപ്പോള്‍ സമാശ്വസിപ്പിച്ചു. അയാളുടെ അപ്പനും അമ്മയും നാടും വീടുമെല്ലാം എനിക്ക് ഏറെ സുപരിചിതമായി. വീട്ടിലേക്കുള്ള ഒരു ഫോണ്‍കോളിനിടെ മമ്മിയോടും പപ്പയോടും എന്നെ പറ്റി പറഞ്ഞുവെന്നും, ഒരു ദിവസം നാട്ടില്‍ കൊണ്ടുപോകാമെന്നും പൗലോസ് പറഞ്ഞു.
