പ്രവാസങ്ങള്‍ കേവലയാത്രകളല്ലെന്ന് തിരിച്ചറിയുന്നതിനും കുറേയേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. വീടിന്റെ തൊട്ടടുത്തുള്ള തടിമില്ലിലെ തൊഴിലാളിയായാണ് അയാള്‍ ഞങ്ങളുടെ നാട്ടിലെത്തുന്നത്. വൈകാതെ അയാള്‍ നാട്ടുകാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, പ്രിയപ്പെട്ട ഒരാളായി മാറി. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അയാളെ ശ്രീനിവാസന്‍ ഭായി എന്ന് വിളിച്ചു. നാട്ടിലെ തടിമില്ലില്‍ തൊഴിലാളിയായ ബോംബേക്കാരന്‍ എന്ന വിലാസത്തിനപ്പുറം അയാളെക്കുറിച്ച് ആരും കൂടുതല്‍ തിരക്കിയില്ല. എല്ലാവരും അയാളെ സ്‌നേഹിച്ചു, അയാള്‍ തിരിച്ചും.
നാട്ടിലെ പല വീടുകളിലും അയാള്‍ക്ക് വലിയ സ്വാതന്ത്ര്യമായിരുന്നു, പ്രത്യേകിച്ചും എന്റെ വീട്ടില്‍. ക്രിക്കറ്റ് കാണാനാണ് അയാള്‍ മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നത്. ആവേശകരമായ മാച്ചുകളുണ്ടാവുമ്പോള്‍ അയാള്‍ തടിമില്ലില്‍ നിന്ന് ലീവെടുത്ത് മുഴുവന്‍ സമയവും ഞങ്ങളുടെ വീട്ടിലുണ്ടാവും. അങ്ങനെയുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തുന്ന എനിക്ക്, അന്നത്തെ കളിയില്‍ സംഭവിച്ച ചെറിയ കാര്യങ്ങള്‍ വരെ ഭായി വിശദീകരിച്ചു തരും. ഞാനത് കൗതുകത്തോടെ കേള്‍ക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഭായിയുടെ ദൈവം. സച്ചിന്‍ സെഞ്ച്വറിയടിക്കുമ്പോള്‍ ലോകം കീഴടക്കിയ ഒരാളെപ്പോലെ ഭായി ആഹ്ലാദഭരിതനായി. സച്ചിന്‍ ക്രീസില്‍ നിന്ന് മടങ്ങുമ്പോഴാവട്ടെ അയാള്‍ കൊച്ചുകുട്ടികളെപ്പോലെ കണ്ണ് നിറച്ചു.
എന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രൊജക്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജനപ്രിയതയെ മുന്‍നിര്‍ത്തിയായിരുന്നു. എന്താണ് ഇങ്ങനെയൊരു വിഷയം എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ ഭായി പകര്‍ന്ന ഊര്‍ജം എന്നല്ലാതെ അവരോട് പറയാന്‍ എന്റെ പക്കല്‍ മറ്റൊരു മറുപടിയുമുണ്ടായിരുന്നില്ല. ആ ഗവേഷണ പ്രൊജക്ട് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നതും ഭായിക്കാണ്.
