മനുഷ്യരേ...ഞാന്‍ യാത്രകളെ ഓര്‍മ്മിക്കുന്നത് നിങ്ങളിലൂടെയാണ്

Column

മനുഷ്യരേ...ഞാന്‍ യാത്രകളെ ഓര്‍മ്മിക്കുന്നത് നിങ്ങളിലൂടെയാണ്


ടയ്ക്കല്‍ ഗുഹയിലേക്ക് നടന്നുകയറുമ്പോള്‍ ഞാന്‍ ജഹാംഗീറിനെ പരിചയപ്പെട്ടു. ലോറി ഡ്രൈവറായിരുന്ന അയാള്‍ തൊഴിലിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും നാട്ടില്‍ മടങ്ങിയെത്തിയാല്‍ രണ്ടോ മൂന്നോ ദിസവമേ അയാള്‍ അവിടെ നില്‍ക്കൂ. അതുകഴിഞ്ഞാല്‍ അയാള്‍ കൂട്ടുകാരോടൊപ്പം യാത്രകള്‍ പോകും. എപ്പോഴുമുള്ള യാത്രകൾ മടുപ്പിക്കുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായി:

'ചെറിയ ജീവിതമല്ലേയുള്ളൂ, പറ്റാവുന്നത്ര യാത്ര ചെയ്യണമെന്നാണ് ആഗ്രഹം', എന്ന് അയാള്‍ പറഞ്ഞു.

മനുഷ്യരെന്തിനാണ് യാത്രകള്‍ ചെയ്യുന്നത്? ജഹാംഗീറിനെ ഓര്‍ക്കുമ്പോഴെല്ലാം ആ ചോദ്യവും മനസ്സിലേക്ക് കടന്നുവരും. മനുഷ്യരെന്തിന് പുസ്തകം വായിക്കുന്നത് എന്ന ചോദ്യത്തിന് മുന്‍പൊരാള്‍ ഇങ്ങനെ മറുപടി പറഞ്ഞു പോലും: 'പോകാന്‍ കഴിയാത്ത ദേശങ്ങള്‍ കാണാനും, ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത മനുഷ്യരെ പരിചയപ്പെടാനുമാണ് ഞാന്‍ പുസ്തകം വായിക്കുന്നത്.' അയാള്‍ പറഞ്ഞത് ശരിയായിരിക്കാം. ഈ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ വിയറ്റ്‌നാമീസ് അമേരിക്കന്‍ കവി ഓഷ്യന്‍ വോങ്ങിന്റെ 'ON EARTH WE ARE BRIEFLY GORGEOUS' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഴുത്തും വായനയും അറിയാത്ത അമ്മയ്ക്ക് ഒരു മകനെഴുതുന്ന കത്തുകളാണ് ആ നോവലിന്റെ ഉള്ളടക്കം. ഒരിടത്ത് അയാള്‍ അമ്മയോട് ക്ഷമാപണം പോലെ പറയുന്നുണ്ട്: 'അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയുടെ പിന്നില്‍ വന്ന് 'ബൂം' എന്ന് ശബ്ദമുണ്ടാക്കി അമ്മയെ പേടിപ്പിച്ചിട്ടുണ്ട്. അമ്മ അതു കേട്ട് വല്ലാതെ പേടിച്ചു പോയി. ടിവി-യില്‍ കണ്ടത് അതേപടി അനുകരിച്ച ഒരു അമേരിക്കന്‍ കുട്ടി മാത്രമായിരുന്നു ഞാനന്നേരം. യുദ്ധം അപ്പോഴും നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്ന എന്ന കാര്യം എനിക്കറിയില്ലായിരുന്നു.'


Related Articles